കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എംപി. ചെത്തുകാരന്റെ കുടുംബത്തിൽപ്പെട്ടയാൾക്ക് സഞ്ചരിക്കാനായി ഹെലികോപ്ടർ വാങ്ങിച്ചുവെന്നും അങ്ങനെ ചെയ്യുന്ന ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നുമായിരുന്നു കെ സുധാകരന്റെ പരാമർശം. ഇതിൽ അഭിമാനിക്കുകയാണോ അപമാനം തോന്നുകയാണോ വേണ്ടതെന്ന് സിപിഎം പ്രവർത്തകർ ആലോചിക്കണമെന്നും സുധാകരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തലശ്ശേരിയിൽ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം.

ആ ചെത്തുകാരന്റെ കുടുംബത്തിൽ നിന്നും അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവജ്വാല ഏറ്റെടുത്ത് ചെങ്കൊടി പിടിച്ച് മുമ്പിൽ നിന്ന് നിങ്ങൾക്ക് നേതൃത്വം വഹിച്ച പിണറായി വിജയൻ ഇന്നെവിടെ? പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ... ചെത്തുകാരന്റെ വീട്ടിൽ നിന്നും ഉയർന്നുവന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ എടുത്ത കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വർഗ്ഗത്തിന്റെ അപ്പോസ്തലനായ പിണറായി വിജയൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.'-സുധാകരൻ പറഞ്ഞു. 

കൂത്തുപറമ്പ് വെടിവയ്‌പ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെ കുറിച്ചും സുധാകരൻ അടുത്തിടെ മോശമായ രീതിയിൽ സംസാരിച്ചിരുന്നു.'എന്താ പിണറായിയുടെ കുടുംബം? ചെത്തുകാരന്റെ കുടുംബം! 

കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെ വിമർശിച്ച സിപിഎം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെതിരെയും രൂക്ഷവിമർശനമാണ് കെ സുധാകരൻ നേരത്തെ ഉന്നയിച്ചത്.

കോൺഗ്രസ് നേതാക്കൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയതിൽ വർഗീയത കാണുന്ന സിപിഎം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ഇരിക്കുന്ന സ്ഥാനത്തിനു മാത്രമല്ല പാർട്ടിക്കുതന്നെ നാണക്കേടാണെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എംപി.

'കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവർ...' എന്ന പാട്ടുണ്ടല്ലോ അതാണ് ഇതിനുള്ള മറുപടിയെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് ഭവനത്തിൽ കോൺഗ്രസുകാർ മാത്രമല്ല എല്ലാ പാർട്ടിക്കാരും പോകാറില്ലേ, സിപിഎം. നേതാക്കൾ പോകാറില്ലേ. കേരളത്തിൽ മതമൈത്രിയും ഐക്യവും കാത്തുസൂക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നവരാണ് പാണക്കാട്ടെ നേതാക്കൾ. ഞങ്ങൾ ഇനിയും പോകും ചർച്ചനടത്തും -അദ്ദേഹം പറഞ്ഞു.