തിരുവനന്തപുരം: എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള രാഷ്ട്രീയ ബന്ധമാണ് താനും രമേശ് ചെന്നിത്തലയും തമ്മിൽ-പ്രതിപക്ഷ നേതാവായ വിഡി സതീശന്റെ പ്രഖ്യാപനമായിരുന്നു ഇത്. അതായത് താൻ ഐ ഗ്രൂപ്പുകാരനാണെന്ന് സതീശൻ പറഞ്ഞു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് ഐ ഗ്രൂപ്പുകാരനെങ്കിൽ കെപിസിസി അധ്യക്ഷൻ എ ഗ്രൂപ്പ്. ഇതാണ് പതിവു സമവാക്യം. അതിനെ പൊളിക്കാനും കോൺഗ്രസ് ഹൈക്കമാണ്ട് തിരുമാനിച്ചു കഴിഞ്ഞു. ഗ്രൂപ്പുകൾക്ക് അതീതനായ അതിശക്തൻ കെപിസിസിയെ നയിക്കാനെത്തും. കെ സുധാകരനാണ് ഹൈക്കമാണ്ടിന്റെ മനസ്സിൽ. ഈ സുധാകരനും വിഡി സതീശനെ പോലെ ഐ ഗ്രൂപ്പിലെ വേറിട്ട ശബ്ദമാണ്. ഇത് ഉമ്മൻ ചാണ്ടി ഗ്രൂപ്പിനെ എല്ലാ അർത്ഥത്തിലും പ്രതിസന്ധിയിലാക്കുന്നു.

സുധാകരൻ കെപിസിസി പ്രസിഡന്റാവണമെന്ന് അണികൾക്കിടയിൽ പൊതുവികാരം ഉയരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ഈ വികാരം ശക്തമായിരുന്നു. എന്നാൽ ആരും വേണ്ടത്ര ഗൗനിച്ചില്ല. ഗ്രൂപ്പുകൾക്ക് വേണ്ടി ഹൈക്കമാണ്ടും കണ്ടില്ലെന്ന് നടിച്ചു. എന്നാൽ നിയമസഭയിലെ തോൽവിയോടെ കളി മാറുകയാണ്. സുധാകരൻ കെപിസിസി പ്രസിഡന്റാകുമെന്ന് ഏതാണ് ഉറപ്പായിട്ടുണ്ട്. എ-ഐ ഗ്രൂപ്പുകൾ ഒരുമിച്ച് എതിർക്കുന്നതു കൊണ്ട് മാത്രമാണ് പ്രഖ്യാപനം വൈകുന്നത്. ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിക്കാൻ ഏറ്റവും ഉചിതം സുധാകരൻ എന്ന നിലപാട് തിരുത്താതെ ഹൈക്കമാണ്ട് അതിശക്തമായ തീരുമാനത്തിലേക്ക് എത്തുകയാണ്. പദവി ഉറപ്പിക്കാൻ കരുക്കൾ നീക്കി എ ഗ്രൂപ്പും സജീവം. കെസി ജോസഫിനെയാണ് അവർക്ക് മുമ്പോട്ടു വയ്ക്കാനുള്ളത്. കെ മുരളീധരനെ ഐ ഗ്രൂപ്പിൽ നിന്ന് അടർത്തിയെടുത്ത് കെപിസിസി അധ്യക്ഷനാക്കാനും എ ഗ്രൂപ്പിന് താൽപ്പര്യമുണ്ട്.

തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾത്തന്നെ നൽകിയ പ്രാഥമിക റിപ്പോർട്ടിനൊപ്പം കെപിസിസി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് വന്ന മാറ്റത്തിനൊപ്പം കെപിസിസി. പ്രസിഡന്റ് സ്ഥാനത്തും മാറ്റം വരാം. ഇതിനായി ഹൈക്കമാൻഡ് ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്ച മുല്ലപ്പള്ളി വീണ്ടും രാജിസന്നദ്ധത വെളിപ്പെടുത്തി. ഒരുമാസത്തിനകം കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമം ഹൈക്കമാൻഡ് തുടങ്ങി. മെറിറ്റ് നോക്കിയേ ഹൈക്കമാൻഡ് തീരുമാനമുണ്ടാവൂ. ഇത് സുധാകരനാകുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന. ഹൈക്കമാണ്ട് എടുത്ത തീരുമാനം നേതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് ഉന്നതതല സമിതി. സതീശനെ പ്രതിപക്ഷ നേതാവാക്കിയതിന് പിന്നിലും സുധാകരന് വലിയ റോളുണ്ട്.

പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പേര് നിർദേശിച്ചേക്കാം. എ, ഐ ഗ്രൂപ്പുകൾ ഇതിന് എതിരാണെന്നതിനാൽ പുതിയ പോർമുഖം ഇതിനെച്ചൊല്ലിയാകും തുറക്കുക. പാർട്ടിയുടെ താഴെത്തട്ടിലെ ഘടകങ്ങൾ ശക്തമാക്കുകയാണ് കോൺഗ്രസിനു വേണ്ട അടിയന്തര ചികിത്സയെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്. ഡി.സി.സി., കെപിസിസി. തലങ്ങളിലുള്ള ജംബോ കമ്മിറ്റികൾ ഇല്ലാതാകും.പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കും മുമ്പ് യു.ഡി.എഫിലെ പ്രധാന കക്ഷികളുടെ അഭിപ്രായവും കോൺഗ്രസ് ഹൈക്കമാൻഡ് തേടിയിരുന്നു. ഇക്കാര്യം മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സ്ഥിരീകരിക്കുകയും ചെയ്തു. പി.ജെ. ജോസഫ് തുടങ്ങി മറ്റ് കക്ഷിനേതാക്കളോട് കുഞ്ഞാലിക്കുട്ടിയും മറ്റും സംസാരിച്ചാണ് സതീശൻ അഭികാമ്യനാണെന്ന പൊതു നിലപാടെടുത്തത്.

ഇനി കെപിസിസി. അധ്യക്ഷൻ, യു.ഡി.എഫ്. കൺവീനർ സ്ഥാനങ്ങളാവും ആദ്യം മാറുക. കെ. സുധാകരനെ കെപിസിസി. അധ്യക്ഷനായും പി.ടി. തോമസിനെയും കെ. മുരളീധരനെയും യു.ഡി.എഫ്. കൺവീനറായും നിലവിൽ വലിയവിഭാഗം ഉയർത്തിക്കാട്ടുന്നുണ്ട്. അശോക് ചവാൻ അധ്യക്ഷനായ സമിതി കേരള നേതാക്കളുമായി സംസാരിച്ച് റിപ്പോർട്ട് കിട്ടിയാലേ ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാവൂ. ചവാൻ ചെയർമാനും സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസെന്റ് എച്ച്. പാല, ജ്യോതിമണി എന്നിവരും അംഗങ്ങളായ സമിതിയെ മെയ്‌ 12-നാണ് ഹൈക്കമാൻഡ് അഞ്ചുസംസ്ഥാനങ്ങളിലെ തോൽവി പഠിക്കാൻ നിശ്ചയിച്ചത്. പുതുച്ചേരി, അസം സംസ്ഥാനങ്ങളിൽ സമിതി വീഡിയോ കോൺഫറൻസിലൂടെ തെളിവെടുത്തു.

കോൺഗ്രസിലെ പ്രമുഖരായ ഗ്രൂപ്പുനേതാക്കൾ രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായി തുടരണമെന്ന് ആവശ്യപ്പെട്ടെങ്കിലും വി.ഡി. സതീശന് തുണയായത് രാഹുൽഗാന്ധിയുടെ നിലപാടായിരുന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കുപിന്നാലെ പോകാവുന്ന അവസ്ഥയിലല്ല സംസ്ഥാനത്തെ കോൺഗ്രസെന്നും പ്രവർത്തകരുടെയും ജനങ്ങളുടെയും പൊതുവികാരം മനസ്സിലാക്കിയാവണം തീരുമാനമെന്നും കേന്ദ്രനേതാക്കൾക്ക് രാഹുൽ നിർദ്ദേശം നൽകി. ഇതോടെ ചെന്നിത്തലയുടെ സാധ്യത അടഞ്ഞു.

നേതാക്കളുടെ അഭിപ്രായമറിയാൻ കേരളത്തിലെത്തിയ മല്ലികാർജുൻ ഖാർഗെയും വൈദ്യലിംഗവും ചൊവ്വാഴ്ചരാത്രിതന്നെ സോണിയാഗാന്ധിക്ക് വിശദീകരണം നൽകിയിരുന്നു. വ്യാഴാഴ്ചരാത്രി റിപ്പോർട്ടും നൽകി. മാറ്റത്തിന് അനുകൂലമാണ് പാർട്ടിയിൽ നല്ലൊരു ഭാഗം എന്നായിരുന്നു ഖാർഗെയുടെ കണ്ടെത്തൽ. 21 എംഎ‍ൽഎ.മാരുള്ള കോൺഗ്രസിൽ ഇരുഗ്രൂപ്പുകളും ചെന്നിത്തലയെ പിന്തുണയ്ക്കാനാണ് പൊതുതീരുമാനം കൈക്കൊണ്ടിരുന്നത്. ഖാർഗെയെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ടപ്പോൾ ഉമ്മൻ ചാണ്ടി ഉൾപ്പെടെ എ ഗ്രൂപ്പിലെ നാലുപേരും ഐ ഗ്രൂപ്പിലെ അഞ്ചുപേരും ചെന്നിത്തലയെ പിന്തുണച്ചു.

ചെന്നിത്തല തുടരുന്നതിൽ എതിർപ്പില്ലാതിരുന്ന എ ഗ്രൂപ്പിലെ മൂന്ന് യുവ എംഎ‍ൽഎ.മാർ മാറ്റത്തിനെയും അനുകൂലിച്ചു. ഇവർക്കൊപ്പം ഐ ഗ്രൂപ്പിലെ ബാക്കി ഏഴുപേരും മാറ്റംവേണമെന്ന് ആവശ്യപ്പെട്ടു. എ ഗ്രൂപ്പിലെ രണ്ടുപേർ സ്വന്തം പേരുകളും പറഞ്ഞു. ചെന്നിത്തലയ്‌ക്കൊപ്പം കൂടുതൽ പേരുണ്ടായെങ്കിലും ഈ സാങ്കേതികത്വത്തിലൂന്നിയാണ് മാറ്റംവേണമെന്ന റിപ്പോർട്ട് ഖാർഗെ അതരിപ്പിച്ചത്. സതീശനെ വെള്ളിയാഴ്ച ഉച്ചയോടെ പ്രഖ്യാപിക്കാനിരുന്നെങ്കിലും രാജീവ് ഗാന്ധിയുടെ ചരമവാർഷികദിനമായതിനാൽ ചർച്ച വൈകി. അന്തിമ തീരുമാനം കൈക്കൊള്ളാൻ സോണിയാഗാന്ധിയാണ് രാഹുലിനോട് ആവശ്യപ്പെട്ടത്.

നേതൃമാറ്റം വേണമെന്നായിരുന്നു സംഘടനാചുമതയുള്ള എ.െഎ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും നിലപാട്. കേരളത്തിലെ നേതാക്കളെ വിശ്വാസത്തിലെടുത്താവണം തീരുമാനമെന്ന് എ.കെ. ആന്റണിയും അറിയിച്ചു. ഇരുവരുടെയും അഭിപ്രായംകൂടി കേട്ടതോടെ ഇക്കാര്യം കെപിസിസി. നേതൃത്വത്തെ അറിയിക്കാൻ ശനിയാഴ്ച രാവിലെ രാഹുൽ ഖാർഗെയോട് നിർദേശിച്ചു. അങ്ങനെയാണ് ചെന്നിത്തലയ്ക്ക് പകരം സതീശൻ എത്തുന്നത്.