കോഴിക്കോട്: കെപിസിസി. അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരന് സാധ്യതയേറി. ഗ്രൂപ്പിന് അതീതമായി പ്രവർത്തകർക്കിടയിൽ സുധാകരൻ വരണമെന്നുള്ള വികാരം ഹൈക്കമാൻഡും കണക്കിലെടുത്തേക്കും. ഇതിനിടെ സുധാകരനെ കുഴപ്പക്കാരനാക്കി ഹൈക്കമാണ്ടിൽ സമ്മർദ്ദം ചെലുത്താനാണ് ചിലരുടെ ശ്രമം. ഇതിന് വേണ്ടിയാണ് ഇന്ന് രാവിലെ സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കൂവെന്ന മുദ്രാവാക്യവുമായി ചിലർ കെപിസിസി ഓഫീസിൽ എത്തിയത്. സുധാകരനെ പരസ്യമായി പിന്തുണച്ച് പരോക്ഷമായി സാധ്യത ഇല്ലാതാക്കാനുള്ള ശ്രമം. ഇത് തിരിച്ചറിഞ്ഞ് സുധാകരൻ തന്നെ നേരിട്ട് ഇടപെട്ട് മുദ്രാവാക്യം വിളി അവസാനിപ്പിച്ചു.

കെപിസിസി ആസ്ഥാനത്തിന് മുന്നിൽ കെ സുധാകരനെ അനുകൂലിച്ച് പോസ്റ്റർ പ്രതിഷേധവും അരങ്ങേറിയിരുന്നു. സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് ബാനർ. ഈരാറ്റുപേട്ടയിൽ നിന്നുള്ള മൂന്ന് പ്രവർത്തകരാണ് ബാനറുമായി പ്രതിഷേധത്തിന് എത്തിയത്. എന്നാൽ ഇവരെ ആരേയും സുധാകരന് അറിയുക പോലും ഇല്ലായിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതോടെ സുധാകരന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ കെപിസിസി ആസ്ഥാനത്ത് എത്തി. പോസ്റ്റർ പിടിച്ചു വാങ്ങി. പേരും വിവരവും ചോദിച്ചപ്പോൾ പ്രതിഷേധക്കാർ സ്ഥലം വിടുകയും ചെയ്തു. യഥാർത്ഥത്തിൽ കോൺഗ്രസിൽ പ്രതിഷേധ വഴിയിൽ പ്രസിഡന്റാകാൻ സുധാകരൻ ശ്രമിക്കുന്നുവെന്ന സന്ദേശം കേന്ദ്ര നേതാക്കൾക്ക് നൽകാനായിരുന്നു ശ്രമം. ഇത് മനസ്സിലാക്കിയാണ് സുധാകരൻ അതിവേഗം ഇടപെട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കുകയാണ് സുധാകരൻ. സുധാകരൻ പ്രശ്‌നക്കാരനാണെന്നും തീവ്ര നിലപാടുകാരനാണെന്നും വരുത്തി തീർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. വിഡി സതീശൻ പ്രതിപക്ഷ നേതാവായതു പോലെ താൻ പറഞ്ഞാൽ അനുസരിക്കുന്ന കെപിസിസി അധ്യക്ഷനെ നിയോഗിക്കാനാണ് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കൂടിയായ കെസി വേണുഗോപാലിന്റെ ശ്രമം. സുധാകരൻ പ്രശ്‌നക്കാരനാണെന്ന് വരുത്താനായിരുന്നു ഇന്നത്തെ പോസ്റ്റർ പ്രതിഷേധവും. യുഡിഎഫ് യോഗ വേദിയിലെ ഈ പ്രതിഷേധം മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയാൽ അത് സുധാകരനെതിരെ പ്രയോഗിക്കാനായിരുന്നു നീക്കം.

സാമുദായിക സമവാക്യവും സുധാകരന് അനുകൂലമാണ്. മുല്ലപ്പള്ളി മാറുമ്പോൾ ഈഴവ പ്രാതിനിധ്യത്തിന്റെ തുടർച്ച സുധാകരനിലൂടെ ഉറപ്പാക്കാനും കഴിയുമെന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവർ വാദിക്കുന്നു. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിനൊപ്പം കെപിസിസി. ജംബോ കമ്മിറ്റിയും പിരിച്ചുവിട്ടേക്കും. കോൺഗ്രസിൽ കാലങ്ങളായി കേൾക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിനും സാധ്യതയുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജി സന്നദ്ധത അംഗീകരിച്ച ഹൈക്കമാൻഡ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും വരെ തുടരാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. അധ്യക്ഷസ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷും ചരടുവലികൾ നടത്തുന്നുണ്ട്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പി.ടി. തോമസിന്റെ പേരും ഒരു വിഭാഗം ഉയർത്തിക്കൊണ്ടു വരുന്നുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എ-ഐ ഗ്രൂപ്പ് നേതാക്കൾ സംയുക്തമായി ചെന്നിത്തല തുടരട്ടെ എന്ന നിലപാട് എടുത്തിട്ടും ആ നീക്കം പൊളിഞ്ഞ സാഹചര്യത്തിൽ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആ നിലയിൽ ഗ്രൂപ്പുകളുടെ സമ്മർദമുണ്ടാകാനിടയില്ല. എന്നാൽ സുധാകരനും പിടി തോമസും വരുന്നതിനെ കെസി വേണുഗോപാൽ അനുകൂലിക്കുന്നില്ല. കെ. സുധാകരൻ ഐ ഗ്രൂപ്പിലാണ്. അതുകൊണ്ട് തന്നെ സുധാകരനെ ചെന്നിത്തല ചർച്ചകളിൽ ഒരിക്കലും എതിർക്കില്ല. എന്നാൽ ചെന്നിത്തലയുടെ ശത്രുവായി സുധാകരനെ ഉയർത്തിക്കാട്ടി വെട്ടാനാണ് കെസി വേണുഗോപാലിന്റെ ശ്രമം.

സംഘടനാ ചുമതലയുള്ള വേണുഗോപാലിന്റെ നിലപാട് സതീശന്റെ നിയമനത്തിൽ നിർണായകമായി. അതിന് സുധാകരന്റെ പിന്തുണയുമുണ്ടായിരുന്നു. തപി.സി.സി. അധ്യക്ഷന്റെ കാര്യത്തിൽ കെ.സിയുടെ പിന്തുണ സുധാകരന് ലഭിക്കില്ലെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പ് തോൽവിയുണ്ടായിട്ടും സാധാരണഗതിയിൽ പൊട്ടിത്തെറിക്ക് തുടക്കമിടാറുള്ള സുധാകരൻ ഇത്തവണ യോജിപ്പിന്റെ ഭാഷയിൽ സംസാരിച്ചതും പ്രസിഡന്റാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ്. തോൽവി പഠിക്കുന്ന അശോക് ചവാൻ സമിതിക്ക് മുന്നിൽ ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും പ്രതിക്കൂട്ടിലാക്കിയാണ് പല നേതാക്കളും സംസാരിച്ചതെന്നാണ് വിവരം.

മുല്ലപ്പള്ളിയുടെ ശൈലി കേരളത്തിന് യോജിച്ചതല്ലെന്ന് ചില നേതാക്കൾ പറഞ്ഞു. താഴെത്തട്ടിൽ സംഘടനാപ്രവർത്തനം ശക്തിപ്പെടുത്താൻ കഴിഞ്ഞില്ല. ബൂത്തിലിരിക്കാൻ പോലും ആളുണ്ടായില്ല. ചെന്നിത്തലയ്ക്ക് ജന വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞില്ല എന്നിങ്ങനെ പോയി വിമർശനങ്ങൾ. ഗ്രൂപ്പ് നേതാക്കളുടെ സമ്മർദത്തിന് വഴങ്ങിയതും ജംബോ കമ്മിറ്റി അംഗീകരിച്ചതും അടക്കം എ.ഐ.സി.സിക്കും തോൽവിയിൽ പങ്കുണ്ടെന്ന് മറ്റ് ചിലർ കുറ്റപ്പെടുത്തി. ഈ സാഹചര്യവും സുധാകരന് അനുകൂലമാണ്.