- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസി അധ്യക്ഷനായി കെ സുധാകരൻ തന്നെ എത്തും; കെ എസിന്റെ വരവിൽ കെസി വേണുഗോപാൽ അടക്കമുള്ളവർക്ക് ഹൈക്കമാണ്ട് സൂചന നൽകി; യുഡിഎഫ് കൺവീനറാകാൻ സാധ്യത പിടി തോമസിന്; ഗ്രൂപ്പു സമവാക്യങ്ങളെ മാറ്റി നിർത്തി പ്രഖ്യാപനങ്ങൾ അതിവേഗം
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരൻ എത്തുമെന്ന് ഉറപ്പായി. ഉടൻ നിയമനം ഉണ്ടാകും. യുഡിഎഫ് യോഗത്തിൽ പോലും രാജിവച്ചതിന്റെ പേരിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അതിവേഗം സുധാകരനെ അധ്യക്ഷനാക്കാനുള്ള ധാരണ ഹൈക്കമാണ്ട് തലത്തിൽ ഉണ്ടായത്. ആരും ഈ പദവി ഇനി മോഹിക്കേണ്ടെന്ന സൂചനയാണ് ഹൈക്കമാണ്ട് ഈ ഘട്ടത്തിൽ നൽകുന്നത്.
ജാതിമത സമവാക്യങ്ങളുമായി പല പേരുകളും സോഷ്യൽ മീഡിയയിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷ കാര്യത്തിൽ ഹൈക്കമാണ്ട് നിലപാട് വ്യക്തമാക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറിയും സംഘടനാ ചുമതലയുള്ള നേതാവ് കൂടിയായ കെസി വേണുഗോപാലിനും നിർദ്ദേശം കൈമാറിയിട്ടുണ്ട്. യുഡിഎഫിലെ ഘടകകക്ഷികളുമായി കൂടി ആലോചിച്ച് ഉടൻ തീരുമാനം പ്രഖ്യാപിക്കും. സംഘടനാ തലത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാകും സുധാകരന് നൽകുന്ന ചുമതല. അതിനിടെ അന്തമി നിമിഷങ്ങളിലും സുധാകരനെതിരായ കളികൾ നടക്കുന്നുണ്ട്. അതുകൊണ്ട് പ്രഖ്യാപനം വരും വരെ എന്തും സംഭവിക്കാമെന്ന് സുധാകരനും തിരിച്ചറിയുന്നു.
സുധാകരനെ കുഴപ്പക്കാരനായി കാണിക്കാൻ ബോധപൂർവ്വം ചില ശ്രമങ്ങൾ നടന്നിരുന്നു. കെപിസിസി ഓഫീസിന് മുമ്പിൽ ആരോ ചിലർ പ്രതിഷേധിക്കാൻ എത്തി. സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയേ മതിയാകൂവെന്ന വാദവുമായിട്ടായിരുന്നു ഇത്. എന്നാൽ ഇതിന് പിന്നിലെ ഗൂഢാലോചന സുധാകരൻ തിരിച്ചറിയുകയും സ്വന്തം പേഴ്‌സണൽ സ്റ്റാഫിനെ വിട്ട് പ്രതിഷേധക്കാരോട് കാര്യങ്ങൾ തിരക്കുകയും ചെയ്തു. ഇതോടെ കാറിൽ കയറി സ്ഥലം വിടുകയായിരുന്നു ആ വിരുതന്മാർ. ഹൈക്കമാണ്ടിന്റെ കണ്ണിൽ സുധാകരന്റെ ഇമേജ് തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്.
ഗ്രൂപ്പുകളികൾ നടക്കില്ലെന്ന് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടു തന്നെ ഇരുവരും സുധാകരനെ അംഗീകരിച്ചു കഴിഞ്ഞു. ഹൈക്കമാണ്ടിനും ഈ സന്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഈ ഗ്രൂപ്പുകളിലെ ചിലർ ഇപ്പോഴും പ്രതീക്ഷകളുമായി നടക്കുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന് അനുകൂലമായ തീരുമാനം ചെന്നിത്തലയും ചാണ്ടിയും എടുത്തത്. പാർട്ടിയെ സുധാകരൻ ഒറ്റക്കെട്ടായി നയിക്കട്ടേ എന്നതാണ് ഇവരുടെ നിലപാട്. യുഡിഎഫ് കൺവീനറായി പിടി തോമസ് എത്താനും സാധ്യത ഏറെയാണ്. അങ്ങനെ പുതിയ നേതൃത്വത്തിലേക്ക് കോൺഗ്രസ് കടക്കും.
കെപിസിസി അധ്യക്ഷനെ പ്രഖ്യാപിച്ച ശേഷം മാത്രമേ കൺവീനർ പദവിയിൽ ചർച്ച നടക്കൂ. യുഡിഎഫുമായി ബന്ധപ്പെട്ട തീരുമാനം ആയതിനാൽ ഘടകക്ഷികളുടേയും അഭിപ്രായം പരിഗണിക്കും. തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് കോൺഗ്രസിൽ ഇത് പോസ്റ്റ്മോർട്ടത്തിന്റെ കാലമാണ്. തോൽവി പഠിക്കാൻ എത്തിയ അശോക് ചവാൻ സമിതി തെളിവെടുപ്പ് പൂർത്തിയാക്കി. എംപിമാരോടും എംഎൽഎമാരോടും ഓൺലൈനിൽ വിശദാംശങ്ങൾ തേടി. സമിതിയുടെ റിപ്പോർട്ട് കെപിസിസി അഴിച്ചു പണിയിൽ നിർണായകമാകുമെന്ന സൂചനയ്ക്കിടെ സമിതിക്കെതിരെ എതിർപ്പുകളും ഉയർന്നു.
സമിതിക്കെതിരെ എ, ഐ ഗ്രൂപ്പുകളാണ് രംഗത്തെത്തിയത്. സമിതിയുടെ പ്രവർത്തനം വെറും പ്രഹസനമാണെന്നാണ് ഇരു ഗ്രൂപ്പുകളുടെയും ആരോപണം. തോൽവിയുടെ കാരണം എംഎൽഎമാരോടും എംപിമാരോടും മാത്രം തിരക്കിയപ്പോൾ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളെയും ഡിസിസി പ്രസിഡന്റുമാരെയും അവഗണിച്ചെന്ന പരാതി ചില നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. തോറ്റ സ്ഥാനാർത്ഥികളുടെ പരാതി പോലും സമിതി കേട്ടില്ലെന്നാണ് ആക്ഷേപം. പുനഃസംഘടനയിൽ ഹൈക്കമാൻഡ് തീരുമാനം ഇതിനോടകം എടുത്തിട്ടുണ്ടെന്നും സമിതി പേരിന് മാത്രമാണെന്നുമാണ് നേതാക്കൾ രഹസ്യമായി പറയുന്നത്.
സംഘടന തലത്തിലെ പിഴവുകളാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് ചെന്നിത്തല സമിതിയെ അറിയിച്ചിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു. കോവിഡ് മൂലം ബൂത്തുതല പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ സാധിച്ചിരുന്നില്ലെന്ന് അദ്ദേഹം സമിതിയോട് വ്യക്തമാക്കി. സ്ഥാനാർത്ഥികളുടെ സ്ലിപ്പുകൾ പോലും വോട്ടർമാർക്കിടയിൽ എത്തിക്കാൻ ബൂത്ത് കമ്മിറ്റികൾ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിപിഎം പാർട്ടി പ്രവർത്തകരെ കോവിഡ് സന്നദ്ധപ്രവർത്തകരാക്കി പ്രചാരണം നടത്തിയെന്ന് അത് അവർക്ക് ഗുണകരമായെന്നും ചെന്നിത്തല സമിതിക്ക് മുന്നിൽ വ്യക്തമാക്കി. സുധാകരനെ പോലൊരാളെ നിയമിച്ച് ഈ കുറവുകൾ പരിഹരിക്കാനാകും ഇനി കോൺഗ്രസ് ഹൈക്കമാണ്ടിന്റെ ശ്രമം.
മറുനാടന് മലയാളി ബ്യൂറോ