തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള ചർച്ചകളിൽ വീണ്ടും കെ സുധാകരന് മുൻതൂക്കം. പുതിയ കെപിസിസി അധ്യക്ഷനെ ഉറപ്പിക്കാൻ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ടെലിഫോണിൽ നേതാക്കളുമായി സംസാരിച്ചു തുടങ്ങി. അണികളുടെ പൊതുവികാരം സുധാകരന് ഒപ്പമാണെന്ന് ഹൈക്കമാണ്ട് തിരിച്ചറിയുന്നു. എന്നാൽ രണ്ടാം നിര നേതാക്കൾ ആരും സുധാകരനെ പിന്തുണയ്ക്കുന്നില്ല. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ആരു വേണമെങ്കിലും കെപിസിസിയെ നയിക്കട്ടേ എന്ന നിലപാടിലാണ്.

ഈ സാഹചര്യത്തിലാണ് എഐസിസിയുടെ ഇടപെടൽ. എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ എന്നിവരെയാണു താരിഖ് വിളിക്കുന്നത്. ഇന്നലെ മാത്രം പതിനഞ്ചോളം നേതാക്കളുമായി സംസാരിച്ചു. ഇന്നലെ പുറത്തു വിട്ട മറുനാടൻ സർവ്വേയിൽ സുധാകന് വലിയ മുൻതൂക്കമാണ് ലഭിച്ചത്. ഇതെല്ലാം മനസ്സിൽ വച്ചാണ് എഐസിസിയുടെ അന്വേഷണം. പുതിയ പ്രസിഡന്റിനെ സംബന്ധിച്ച നിർദ്ദേശമാണു പ്രധാനമായും ആരായുന്നത്. ആരുടെയും പേര് ഇങ്ങോട്ടു നിർദ്ദേശിക്കുന്നില്ല. ഐയിൽ കെ.സുധാകരനെ അനുകൂലിക്കുന്നവർ അദ്ദേഹത്തിന്റെ പേരു പറയുന്നുണ്ട്. എന്നാൽ ഗ്രൂപ്പ് ഔദ്യോഗികമായി തീരുമാനം എടുത്തിട്ടില്ല. ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരമാണ് ഇത്.

കെസി വേണുഗോപാലാണ് സുധാകരന് മുന്നിലുള്ള വലിയ വെല്ലുവിളി. അവസാന നിമിഷം വരെ അട്ടിമറി സാധ്യതകൾ ആരും തള്ളിക്കളയുന്നില്ല. എ വിഭാഗത്തിലെ അവ്യക്തത മുതലാക്കാനാണ് നീക്കം. ആരുടെയും പേരു പറയാനില്ല എന്നതിൽ തന്നെ എ വിഭാഗം നിൽക്കുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള ഉന്നത നേതാക്കളെ വിശ്വാസത്തിലെടുക്കാതെയാണു പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതെന്ന വികാരം ഇരുഭാഗത്തും ശക്തമാണ്. ഫോണിൽ ചർച്ച ആരംഭിച്ചതോടെ അതിനു ശേഷം താരിഖ് അൻവർ നേരിട്ടെത്തി ചർച്ചകൾക്കു മുതിരുമോ എന്ന സന്ദേഹവും നേതാക്കളിൽ ഉയർന്നു. ലോക്ഡൗണിനു ശേഷം ഇവിടെ എത്തുമെന്ന അറിയിപ്പാണു നേരത്തേ നൽകിയിരുന്നത്. അതായത് ലോക്ഡൗണിന് ശേഷം മാത്രമേ പുതിയ കെപിസിസി അധ്യക്ഷൻ ഉണ്ടാകാൻ ഇടയുള്ളൂ.

അധ്യക്ഷ പദവിയിലേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് കെ സുധാകരനായിരുന്നു. സുധാകരൻ കെപിസിസി അധ്യക്ഷ പദവിയിൽ എത്തണം എന്ന ആഗ്രഹമാണ് അണികളിൽ ഭൂരിഭാഗവും പ്രകടിപ്പിക്കുന്നതും. ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസ് അണികൾക്ക് നവോന്മേഷം പകരാൻ അദ്ദേഹം തന്നെ വേണമെന്നതായിരുന്നു പൊതു വികാരം. കോൺഗ്രസ് അണികളുടെ ആഗ്രഹം എന്താണെന്ന് അറിയാൻ വേണ്ടി മറുനാടൻ മലയാളിയും ഒരു ഓൺലൈൻ സർവേ സംഘടിപ്പിച്ചിരുന്നു. കെ സുധാകരൻ, കെ വി തോമസ്, പി ടി തോമസ്, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ എന്നിവരെ ഉൾപ്പെടുത്തി കൊണ്ടായിരുന്നു മറുനാടൻ സർവേ. ഈ ഓൺലൈൻ സർവേയുടെ ഫലവും സൂചിപ്പിക്കുന്നത് കോൺഗ്രസ് അണികൾ കാത്തിരിക്കുന്ന ആ നേതാവ് കെ സുധാകരൻ തന്നെയാണ് എന്നാണ്.

ആരാകണം പുതിയ കെപിസിസി അധ്യക്ഷൻ എന്ന ചോദ്യത്തിന് ഉത്തരം തേടി മറുനാടൻ നടത്തിയ സർവേയിൽ എതിരാളികളില്ലാത്ത വിധം ഭൂരിപക്ഷത്തിനാണ് സുധാകരനെ അണികൾ തിരഞ്ഞെടുക്കുന്നത്. സർവ്വേയിൽ പങ്കെടുത്തവരിൽ 94 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത് കെ സുധാകരൻ കെപിസിസി അധ്യക്ഷനാകണം എന്നാണ്. കോൺഗ്രസിന് പുതിയ അധ്യക്ഷൻ വേണമെന്ന ആവശ്യം ശക്തമായപ്പോൾ അണികൾ ഒരേ സ്വരത്തിൽ പറഞ്ഞിരുന്നത് കെ സുധാകരന്റെ പേരായിരുന്നു. മുൻപ് മുല്ലപ്പള്ളി രാമചന്ദ്രനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴും സുധാകരന്റെ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ, അദ്ദേഹത്തെ വർക്കിങ് പ്രസിഡന്റാക്കി ഒതുക്കുകയാണ് ഉണ്ടായത്. ഇപ്പോൾ കണ്ണൂരിൽ നിന്നുള്ള പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ പ്രതിപക്ഷത്തെ കോൺഗ്രസിനെ നയിക്കാൻ സുധാകരനാണ് മികച്ചതെന്ന ചിന്തയാണ് കോൺഗ്രസ് അണികളിൽ ശക്തമായിരിക്കുന്നതും.

അഞ്ചു നേതാക്കളെ ഉൾപ്പെടുത്തിയ മറുനാടൻ സർവേയിൽ സുധാകരൻ എതിരാളികൾ ഇല്ലാത്ത വിധത്തിൽ പിന്തുണ നേടിയപ്പോൾ രണ്ടാം സ്ഥാനത്തുള്ള പി ടി തോമസിന് പോലും 3.3 ശതമാനം ആളുകളുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം കെ സുധാകരനൊപ്പം കോൺഗ്രസ് ഹൈക്കമാൻഡ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കൊടിക്കുന്നിൽ സുരേഷിന് തുച്ഛമായ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. 1.3 ശതമാനം വോട്ടുകളാണ് കൊടിക്കുന്നിലിന് ലഭിച്ചത്. എ ഗ്രൂപ്പിലെ പ്രമുഖനായ ബെന്നി ബെഹനാന് സർവേയിൽ ലഭിച്ചത് 0.6 ശതമാനം വോട്ടുകൾ മാത്രം. കെ വി തോമസിന് 0.8 ശതമാനം പേരുടെ പിന്തുണയുമാണ് ലഭിച്ചത്. 25,000 ആളുകളാണ് രണ്ട് ദിവസങ്ങളിലായി നടത്തിയ ഓൺലൈൻ അഭിപ്രായ സർവേയിൽ പങ്കെടുത്തത്.

അണികളുടെ മനസ്സിൽ സുധാകരൻ എതിരാളികളില്ലാതെ നിലനിൽക്കുന്നത്. കോൺഗ്രസിലെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന അഞ്ച് പേരുകൾ ഉൾപ്പെടുത്തിയായിരുന്നു മറുനാടൻ സർവേ നടത്തിയത്. ഒരു ഐപി അഡ്രസിൽ നിന്നും ഒരാൾക്ക് വോട്ടു ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള സർവേയാണ് മറുനാടൻ നടത്തിയത്. ഗൂഗിൾ ഷീറ്റ് വഴിയാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. അതിനാൽ തന്നെ ഇതിൽ കൃത്രിമത്വം നടത്താൻ കഴിയാത്ത രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.