- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അറുമാസം കൊണ്ട് സെമി കേഡർ പാട്ടിയാക്കും; ജംബോ കമ്മറ്റികൾക്ക് അവസരം നൽകാതെ ഗ്രൂപ്പുകളെ മുഖവിലയ്ക്കെടുക്കാതെ മുമ്പോട്ട് പോകും; വിഡിയിലൂടെ തലമുറ മാറ്റം; സുധാകരനെ അധ്യക്ഷനാക്കി ശ്രമിക്കുന്നത് ഗ്രൂപ്പുകളെ അപ്രസക്തമാക്കാനുള്ള പുതിയ പരീക്ഷണം; ഇന്ദിരാഭവന് നാഥനെത്തുന്നു; സുധാകരൻ അടിമുടി അഴിച്ചുപണിക്ക് തന്നെ
തിരുവനന്തപുരം: കോൺഗ്രസിന്റെ പുനർജീവനമാണ് ഇനി ലക്ഷ്യം. പ്രവർത്തകർക്ക് ഊർജം കൊടുക്കാൻ ഒരുപാടു മാർഗങ്ങളുണ്ട്. വിശ്വാസമുള്ള നേതൃത്വം വന്നാൽ അണികൾ ഇറങ്ങും. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യമാണ് മുന്നണിയുടെയും ദൗർബല്യം. മുന്നണി വിട്ടുപോയ കക്ഷികളെ തിരിച്ചെത്തിക്കാൻ ശ്രമിക്കും. 6 മാസംകൊണ്ട് ഈ പാർട്ടിയുടെ പ്രവർത്തനശൈലി മാറ്റും-പറയുന്നത് കെപിസിസി പ്രസിഡന്റെ കെ സുധാകരനാണ്. കോൺഗ്രസിനെ കേഡർ പാർട്ടിയായി മാറ്റുന്നതിനുള്ള ശ്രമമാകും സുധാകരൻ നടത്തുക. ഗ്രൂപ്പിസത്തെ ഇല്ലാതാക്കി എല്ലാവരേയും ഉൾക്കൊള്ളുന്ന ശൈലി.
ഏതായാലും ഇനി ജംബോ കമ്മറ്റികൾ ഉണ്ടാകില്ല. ഡിസിസി അടക്കം പുനഃസംഘടിപ്പിക്കും. ജനകീയ മുഖങ്ങളെ പാർട്ടി നയിക്കേണ്ട ചുമതലയിൽ നിയോഗിക്കും. ഇതിനൊപ്പം രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും കൂടെ നിർത്തി തീരുമാനം എടുക്കുക. കോ്ൺഗ്രസ് ഹൈക്കമാണ്ടിൽ കെസി വേണുഗോപാലിനുള്ള സ്വാധീനം മനസ്സിലാക്കി ആ നേതാവിനെയും മരുക്കുക. അങ്ങനെ എല്ലാവരേയും യോജിപ്പിച്ച് നിർത്തി പ്രവർത്തകനെ ആവേശത്തിലാക്കുക. അങ്ങനെ സംഘടനയ്ക്ക് നവോന്മേഷം നൽകാനാണ് സുധാകരൻ ശ്രമിക്കുക. കണ്ണൂരിൽ കോൺഗ്രസിന് പിടിച്ചു നിർത്തിയ അതേ ശൈലിയാകും തുടരുക.
സിപിഎമ്മിനോടു മത്സരിച്ചാണു ഞാൻ കണ്ണൂരിലെ കോൺഗ്രസിനെ കെട്ടിപ്പടുത്തത്. കണ്ണൂരിൽ അവരോടു പിടിച്ചുനിൽക്കാമെങ്കിൽ കേരളത്തിലെങ്ങും സാധിക്കും. ദേശീയതലത്തിൽ ബിജെപിയാണു മുഖ്യ ശത്രുവെങ്കിൽ, കേരളത്തിൽ സിപിഎമ്മാണ്. പിന്നെ ശൈലിയുടെ കാര്യം. സ്ഥലത്തിനും സൗകര്യത്തിനും സാഹചര്യത്തിനും അനുസരിച്ചു ശൈലി മാറ്റുമെന്നും സുധാകരൻ പറയുന്നു. അങ്ങനെ ഇന്ദിരാ ഭവന് വഴങ്ങുന്ന ഭരണനിർവ്വഹണ ശൈലിയാകും ഇനി സുധാകരൻ സ്വീകരിക്കുക.
കോൺഗ്രസിൽ സമഗ്രമായ മാറ്റമാണ് സുധാകരന്റെ മനസ്സിൽ. സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എഐസിസിയുമായി ചർച്ച ചെയ്യും. 1992ൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയതിന്റെ സൃഷ്ടിയാണു കെ. സുധാകരൻ. സമഗ്രമായ സംഘടനാ തിരഞ്ഞെടുപ്പ് സാധ്യമല്ലെങ്കിൽ, പ്രവർത്തകരെ വിളിച്ചുകൂട്ടി വാർഡ്, മണ്ഡലം കമ്മിറ്റികൾ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കും. പുതിയ കെപിസിസി, ഡിസിസി ഭാരവാഹികളെ കണ്ടെത്താൻ സമിതിയെ നിശ്ചയിക്കും. മറ്റു നേതാക്കളുടെ അഭിപ്രായവും മാനിക്കും. വ്യക്തിപരമായ ഇടപെടൽ അനുവദിക്കില്ല. ഇനി ജംബോ കമ്മിറ്റികളില്ല. ഇപ്പോഴുള്ളവ ഉടച്ചുവാർക്കും-ഇതാണ് ആക്ഷൻ പ്ലാൻ.
പാർട്ടിയെ ശക്തിപ്പെടുത്തി അധികാരത്തിൽ തിരിച്ചെത്തിക്കണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. മറ്റു പ്രധാന പാർട്ടികളുമായി താരതമ്യം പോലും ചെയ്യാനാകാത്തവിധം സംഘടനാ സംവിധാനം ക്ഷീണിച്ചു. ആ ദൗർബല്യം മാറ്റി, സെമി കേഡർ പാർട്ടിയായി കോൺഗ്രസിനെ മാറ്റുകയാണു ലക്ഷ്യം. 5 വർഷത്തെ ഇടതു ദുർഭരണം ജനമധ്യത്തിൽ തുറന്നുകാണിക്കാൻ കോവിഡ് മൂലമുള്ള സാമൂഹിക സാഹചര്യം അനുവദിക്കാത്തതാണു തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് എന്നും സുധാകരന് അറിയാം. ഈ യാഥാർത്ഥ്യ ബോധം പ്രവർത്തിയിൽ എത്തിച്ച് കോൺഗ്രസിനെ ഉടച്ചു വാർക്കും.
ഗ്രൂപ്പുകൾ അപ്രസക്തമാകും. ഇതുവരെ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലായിരുന്നു കെപിസിസി. ഇനി അതുണ്ടാകില്ല. എന്റെ പേരിൽ ഒരു ഗ്രൂപ്പുണ്ടാകില്ല. കൈമണിക്കാരെ ഒരു നേതൃസ്ഥാനത്തും ഇരുത്തില്ല. വി.ഡി. സതീശന്റെ നിയമനം തലമുറമാറ്റമാണ്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ആരെക്കൊണ്ടു സാധിക്കുമെന്നു പ്രവർത്തകരും ഹൈക്കമാൻഡും ചിന്തിച്ചപ്പോഴുള്ള മാറ്റമാണ് എന്റെ കാര്യത്തിലുണ്ടായത്. തലമുറമാറ്റമല്ല, പുതിയ സമവാക്യം ഹൈക്കമാൻഡ് പരീക്ഷിക്കുകയാണ്-സുധാകരൻ പറയുന്നു
'കെഎസ് ബ്രിഗേഡി'ന്റെ ദീർഘകാല ആവശ്യമാണ് ഹൈക്കമാണ്ട് സുധാകരന്റെ നിയമനത്തോടെ അംഗീകരിക്കുന്നത്. മുറിവേറ്റു നിൽക്കുന്ന പ്രബല ഗ്രൂപ്പുകൾ നിയമനത്തെ പുറമേ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ഗ്രൂപ്പുകൾക്കുള്ളിൽ പുകച്ചിലാണ്. കെ. കരുണാകരൻ എ.കെ. ആന്റണി യുഗത്തിനു ശേഷം കേരളത്തിലെ കോൺഗ്രസിനെ നയിച്ച ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല അച്ചുതണ്ടിന്റെ പിന്തുണയോടെയല്ല സുധാകരൻ അമരത്തേക്കു വരുന്നത് എന്നതാണ് യാഥാർത്ഥ്യം.
മറുനാടന് മലയാളി ബ്യൂറോ