തിരുവനന്തപുരം: ഇന്ധന വില വർധനവ് ജീവിത പ്രശ്നമെന്ന് കെ.സുധാകരൻ. ഇന്ധനവില വർധനയ്ക്കെതിരേ ചൂട്ടുകെട്ടി സമരം നടത്തിയവരാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി. ഇന്ധനവിലവർധവിൽ പ്രതിഷേധിച്ചുള്ള യുഡിഎഫ് എംപിമാരുടെ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ.

'ഇന്ധനവില വർധനവിന്റെ വലിയ അംശം പറ്റുന്നത് നികുതിയിനത്തിലൂടെ കേന്ദ്രസർക്കാരാണ്. കോൺഗ്രസ് നയിച്ച യുപിഎ സർക്കാർ ഇന്ത്യ ഭരിക്കുമ്പോൾ പട്ടാപകൽ ചൂട്ടുകത്തിച്ച് പ്രതിഷേധിച്ച പാർട്ടിയാണ് ഇന്ത്യ ഭരിക്കുന്നത്. കാളവണ്ടിയിൽ യാത്ര ചെയ്ത് ചരിത്രം സൃഷ്ടിച്ച, ജനശ്രദ്ധയാകർഷിച്ച, രാഷ്ട്രത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ബിജെപിയാണ് ഈ രാജ്യം ഭരിക്കുന്നത്. അന്നത്തെ സാഹചര്യവും ഇന്നത്തെ സാഹചര്യവും താരതമ്യം ചെയ്യാൻ മലയാളികൾക്ക് പ്രയാസപ്പെടേണ്ട കാര്യമില്ല.

കോൺഗ്രസ് നയിക്കുന്ന യുപിഎ സർക്കാർ പരാജയത്തിന്റെ അടയാളമായി പെട്രോൾ വില വർധനവിനെ ചൂണ്ടിക്കാട്ടി 2012 മെയ് 23ന് മോദി ട്വീറ്റ് ചെയ്തിരുന്നു.എന്നാൽ എന്താണ് ഇന്നത്തെ രാജ്യത്തിന്റെ അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. തുടർച്ചയായി ഇന്ധനവില വർധിപ്പിച്ച് വൻ നികുതി വിഹിതം പറ്റി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ ദ്രോഹിക്കുകയാണ്.ജനങ്ങളുടെ ജീവിത പ്രശ്‌നം കണ്ടില്ലെന്ന് നടിക്കുകയാണ് ഇരുസർക്കാരുകളും.യുപിഎ ഭരണകാലത്ത് ക്രൂഡോയിൽ വില 132 ഡോളർ ആയിരുന്നപ്പോൾ രാജ്യത്ത് ഇന്ധനവില 50 രൂപയായിരുന്നു.എന്നാൽ ഇന്ന് ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയിൽ 72 ഡോളർ മാത്രമുള്ളപ്പോൾ ഇന്ധനവില നൂറുരൂപ കടന്നു.

പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 34.19 ഉം ഡീസലിന് 36.32 ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടി വിലയിട്ടാണ് ജനങ്ങളെ സർക്കാരുകൾ പിഴിയുന്നത്.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതിയാണ് ഇന്ധനവില വർധിക്കുന്നതിൽ പ്രധാന ഘടകം. യുപിഎ സർക്കാരിന്റെ കാലത്ത് 2014ൽ പെട്രോളിന് 9.48 രൂപയായിരുന്ന എക്സൈസ് നികുതിയാണ് ഇപ്പോൾ 32.90 രൂപയായത്. ഡീസലിന് 3.56 രൂപ നികുതിയായിരുന്നത് 31.80 രൂപയായി. സംസ്ഥാന സർക്കാർ പെട്രോളിന് 21.36 രൂപയും ഡീസലിന് 31.80 രൂപയുമാണ് നികുതി ചുമത്തുന്നത്.കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്.ജനങ്ങളെ കൊള്ളയടിക്കുന്നതിൽ ഇരുസർക്കാരുകളും തുല്യമാണ്.ഇന്ധനവില വർധിപ്പിക്കുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും വാക്‌സിനും വേണ്ടിയാണെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന ശുദ്ധ നുണയാണ്. ഇന്ധനവിലയിലൂടെ ലഭിക്കുന്ന നികുതിയും കോവിഡ് വാക്‌സിനും ചെലവാക്കുന്ന തുകയും തമ്മിൽ താരതമ്യം ചെയ്താൽ അത് വ്യക്തമാകും.മോദിയുടെ ഫാസിസ്റ്റ് ഭരണത്തിൽ ജനങ്ങളുടെ വിഷയങ്ങൾ ചർച്ചചെയ്യാൻ ജനാധിപത്യ സംവിധാനം ഇല്ലാതായെന്നും സുധാകരൻ പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് ഇന്ധനവില നിയന്ത്രിക്കാൻ തയ്യാറാകണം.യുഡിഎഫ് സർക്കാർ പെട്രോൾ/ ഡീസൽ വില കുതിച്ചു കയറിയപ്പോൾ 4 തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്കി. അതുപോലെ വർധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാൻ ഇടതുസർക്കാർ തയാറാകണം. ജനങ്ങളോട് ഒരു പ്രതിബദ്ധതയും ഇടതുസർക്കാരിനും കേരള മുഖ്യമന്ത്രിക്കുമില്ല.ഇന്ധനവില വർധനവിനെതിരായ ജനവികാരം പ്രതിഷേധമായി ഉയർത്തിക്കാട്ടാനാണ് ഇത്തരം ഒരു സമരം രാജ്ഭവന് മുന്നിൽ സംഘടിപ്പിക്കുന്നതെന്നും ജനാധിപത്യത്തിൽ പ്രതിപക്ഷ ധർമ്മമാണ് ഈസമരത്തിൽ പ്രതിഫലിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ,ആന്റോ ആന്റണി,ബെന്നി ബെഹന്നാൻ,രാജ്‌മോഹൻ ഉണ്ണിത്താൻ,അടൂർ പ്രകാശ്,ഡീൻകുര്യാക്കോസ്,രമ്യാഹരിദാസ്,ഇടി മുഹമ്മദ് ബഷീർ,അബ്ദുൾ സമദ് സമദ്ദാനി,ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുത്തു. തുടർന്ന് എംപിമാർ രാജ്ഭവനിലെത്തി ഇന്ധനവില വർധനവിനെതിരായ ജനങ്ങളുടെ പ്രതിഷേധം ഗവർണ്ണറെ ധരിപ്പിച്ചു.