തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ പാമോയിൽ നയം കേരളത്തിലെ നാളികേര കർഷകരെ തകർക്കുന്നതാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. നാളികേരത്തെ പാടേ തഴഞ്ഞുകൊണ്ടാണ് കേന്ദ്രസർക്കാർ പമോയിലിന്റെ പിറകെ പോകുന്നത്. കോവിഡും സാമ്പത്തിക പ്രതിസന്ധിയും വിലയിടവുംമൂലം വലിയ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ നാളികേര കർഷകർക്കു കനത്ത പ്രഹരമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നയം.

രാജ്യത്ത് പാം ഓയിൽ ഉത്പാദനവും ഉപഭോഗവും വർധിപ്പിക്കുന്നതിനാണ് പുതിയ നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. 2025-26 വർഷത്തിനുള്ളിൽ രാജ്യത്ത് അധികമായി 6.5 ലക്ഷം ഹെക്ടറിൽ പാം ഓയിൽ എണ്ണക്കുരു കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

വെളിച്ചെണ്ണ ഉത്പ്പാദനം വർധിപ്പിക്കാൻ നാളികേര കൃഷി പ്രോത്സാഹന പദ്ധതി പ്രഖ്യാപിക്കണമെന്ന നിർദ്ദേശത്തെ കേന്ദ്രസർക്കാർ പാടെ അവഗണിച്ചതിന്റെ തിക്തഫലം കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നാളികേര വികസന ബോർഡ് കാവിവത്കരിച്ചതിന് തൊട്ടുപിന്നാലെയാണ് രാജ്യത്തെ ജൈവരീതിക്ക് അപരിചിതമായതും പരിസ്ഥിതിക്ക് ദോഷകരവുമായ എണ്ണപ്പന കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. ദക്ഷിണ കിഴക്കേഷ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം വനനശീകരണത്തിന് കാരണമായ കൃഷിയാണ് എണ്ണപ്പന. പ്രധാനപ്പെട്ട പാം ഓയിൽ ഉൽപ്പാദകരായ ഇന്തോനേഷ്യയും മലേഷ്യയും തായ്‌ലാൻഡും മ്യാന്മാറും എണ്ണപ്പന കൃഷി ഉപേക്ഷിച്ച് സ്വാഭാവിക വനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോഴാണ് 11,040 കോടി രൂപ കേന്ദ്ര സർക്കാർ ഇതിലേക്ക് ചെലവാക്കുന്നത്.

ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന നയവ്യതിയാനത്തിലേക്കു കേന്ദ്രസർക്കാർ നീങ്ങിയപ്പോൾ നാളികേരത്തിന് കഴിഞ്ഞ തവണ ലഭിച്ച വിലയുടെ പകുതി പോലും കിട്ടാത്ത സ്ഥിതിയാണിന്ന്. ഉൽപ്പാദനച്ചെലവ്, കാലാവസ്ഥാ വ്യതിയാനം, കീടരോഗങ്ങൾ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ നേരിട്ടാണ് കർഷകർ നാളികേരകൃഷി നടത്തുന്നത്. കിടപ്പാടം പണയപ്പെടുത്തി കൃഷിചെയ്യുന്ന കർഷകന്റെ കടം എഴുതിത്ത്തള്ളാൻ ഒരു നടപടിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചില്ല.

കേരളത്തിലെ നാളികേര കർഷകരുടെ പ്രതിഷേധവും ആശങ്കയും കേന്ദ്ര സർക്കാരിനെ അറിയിക്കുന്നതിൽ സംസ്ഥാന സർക്കാരും കൃഷിവകുപ്പും പരായപ്പെട്ടെന്നും സുധാകരൻ പറഞ്ഞു.