തിരുവനന്തപുരം:തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിൽ മമ്പറം ദിവാകരനും സംഘത്തിനും ഏറ്റ കനത്ത തോൽവി ചൂണ്ടിക്കാട്ടി കോൺഗ്രസിൽ 'വിമത' നീക്കം നടത്തുന്ന നേതാക്കൾക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. 'കോൺഗ്രസിന് മുകളിൽ ആരും പറക്കില്ല' എന്ന് വ്യക്തമാക്കി തന്റെ ഫേസ് ബുക്ക് കുറിപ്പിലാണ് വിമത പ്രവർത്തനം നടത്തുന്ന, പാർട്ടി നേതൃത്വത്തോട് നിസഹകരിക്കുന്ന നേതാക്കളോട് ഓർമ്മപ്പെടുത്തൽ.

ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നു. സാധാരണ പ്രവർത്തകരുടെ വിജയം, കോൺഗ്രസിന്റെ വിജയം! എന്ന് തന്റെ കുറിപ്പിൽ കെ സുധാകരൻ പറയുന്നു. ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല, ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരും അല്ല. കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം എന്ന് കെ സുധാകരൻ ഓർമ്മപ്പെടുത്തുന്നു.

ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്‌ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ പേരിലുള്ള ആശുപത്രി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം. ''ചുവർ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ.'' ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽ കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെ മറക്കും, പ്രവർത്തകരെ മറക്കും.

എല്ലാം ഞാൻ ആണെന്ന തോന്നലും! കോൺഗ്രസിനേക്കാൾ വലുത് ഞാനാണെന്ന തോന്നലും ഞാനെന്ന മനോഭാവത്തിനും വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടിയാണ് കണ്ണൂരിൽ കണ്ടതെന്നും അദ്ദേഹം പറയുന്നു.

'ഒന്ന് നിങ്ങൾ അറിയണം കണ്ണുതുറന്ന് കാണണം കേരളത്തിന്റെ തെരുവുകളിലേക്ക് നോക്കൂ... ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച കോൺഗ്രസല്ല... ഒരു മനസ്സോടെ, ഒരേ വികാരമായി, ഒരു സാഗരം പോലെ ത്രിവർണ്ണ പതാക ചോട്ടിൽ ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ... അവർക്ക് വ്യക്തികളല്ല വലുത്, കോൺഗ്രസ് മാത്രമാണ്. കോൺഗ്രസ് മാത്രം! ഇവിടെ ആർക്കും മാറിനിൽക്കാനാവില്ല, മുന്നോട്ട്...
ജയ് കോൺഗ്രസ്!' കെ സുധാകരൻ തന്റെ ഫേസ്‌ബുക്ക് കുറിപ്പ് പൂർത്തിയാക്കുന്നത് ഇങ്ങനെയാണ്.

കോൺഗ്രസ് പുനഃ സംഘടനയിലെ അതൃപ്തിയുടെ പേരിൽ കെപിസിസി നേതൃത്വത്തോട് അകൽച്ച തുടരുന്ന രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അടക്കമുള്ള മുതിർന്ന നേതൃത്വത്തിനുള്ള മറുപടി കൂടിയാണ് കെ സുധാകരൻ പറയാതെ പറയുന്നത്.

യുഡിഎഫ് യോഗത്തിൽ അടക്കം പങ്കെടുക്കാതെ നിസഹകരണം തുടരുന്ന നേതാക്കൾക്കുള്ള മറുപടി കൂടിയാണ് കെ സുധാകരന്റേതെന്നാണ് വിലയിരുത്തൽ. സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എത്തിയതോടെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നീക്കം ശക്തമാക്കിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ലക്ഷ്യമാക്കിയാണ് ഗ്രൂപ്പുകൾ മുന്നോട്ട് നീങ്ങുന്നത്.

വിമത പ്രവർത്തനം തലപൊക്കുന്നതിനിടെയാണ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനൽ മിന്നുന്ന ജയം സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ നിലവിലുള്ള പ്രസിഡന്റ് മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫിന്റെ ജയം. മത്സരം നടന്ന 12 സീറ്റിലും യുഡിഎഫ് ജയിച്ചു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണ ആശുപത്രിയുടെ ദീർഘകാല പ്രസിഡന്റും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരനും ഡി.സി.സി. നേതൃത്വവും തമ്മിലുള്ള അകൽച്ചയെ തുടർന്നാണ് ഭരണസമിതിയിലേക്ക് വോട്ടെടുപ്പ് വേണ്ടിവന്നത്. പാർട്ടി നിർദേശിച്ച വ്യക്തികളെ പാനലിൽ ഉൾപ്പെടുത്താതിരുന്നതിനെത്തുടർന്ന് മമ്പറം ദിവാകരനെ കെപിസിസി. പ്രസിഡന്റ് കെ.സുധാകരൻ പുറത്താക്കിയതോടെയാണ് പ്രശ്നം രൂക്ഷമായത്. 29 വർഷത്തെ ഭരണത്തിന് ശേഷമാണ് മമ്പറം ദിവാകരൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.

പാർട്ടിയുടെ ഔദ്യോഗിക പാനലിനെതിരേ മറ്റൊരു പാനൽ എന്ന പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് അദ്ദേഹത്തെ പുറത്താക്കിയത്. 30 വർഷത്തോളം ആശുപത്രിയുടെ സംഘം പ്രസിഡന്റായിരുന്ന മമ്പറം ദിവാകരൻ സമീപകാലത്ത് കെ.സുധാകരനുമായി അകൽച്ചയിലായിരുന്നു. കെ.സുധാകരനടക്കമുള്ള നേതാക്കൾ തലശ്ശേരിയിൽ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് എന്നതും ശ്രദ്ധേയമായിരുന്നു.

2016-ൽ ഡി.സി.സി. നിർദേശിച്ച രണ്ടുപേരെ ഉൾപ്പെടുത്താത്തതിന്റെ പേരിൽ തിരഞ്ഞെടുപ്പ് വേണ്ടിവന്നിരുന്നു. മത്സരിച്ച രണ്ടുപേരും അന്ന് പരാജയപ്പെടുകയും ചെയ്തു. 5284 അംഗങ്ങളാണ് ആശുപത്രി സംഘത്തിലുള്ളത്. 4318 പേർ തിരിച്ചറിയൽ കാർഡ് കൈപ്പറ്റിയിരുന്നു.

മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളിൽ ഞായറാഴ്ച രാവിലെ ഒൻപതുമുതൽ വൈകുന്നേരം നാലുവരെയായിരുന്നു തിരഞ്ഞെടുപ്പ്. എട്ട് ജനറൽ, മൂന്ന് വനിത, ഒരു പട്ടികജാതി, പട്ടികവർഗ സംവരണം ഉൾപ്പെടെ 12 സീറ്റുകളിേലക്കായിരുന്നു മത്സരം. ഇതിൽ ഡോക്ടർമാരുടെ വിഭാഗത്തിൽനിന്ന് ഡോ. രഞ്ജിത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

കൂത്തുപറമ്പ്, ധർമടം, തലശ്ശേരി മണ്ഡലങ്ങൾ ഉൾപ്പെട്ട പ്രദേശങ്ങളിലുള്ളവരാണ് വോട്ടർമാരിൽ ഭൂരിഭാഗവും. ഇവരിലേറെയും കോൺഗ്രസ് അനുഭാവികളുമാണ്. ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പിൽ പ്രത്യക്ഷത്തിൽ സിപിഎം. ഇടപെട്ടിരുന്നില്ല. സ്ഥലത്ത് ശക്തമായ പൊലീസ് കാവലുണ്ടായിരുന്നു. മമ്പറം ദിവാകരന്റെ പരാതിയിൽ സ്ഥലത്ത് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.