കണ്ണൂർ: പുരാവസ്തുവിൽപ്പക്കാരൻ മോൻസൺ മാവുങ്കലിന് പണം കൊടുത്തവർ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് തുറന്നടിച്ചു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വീണ്ടും ചർച്ചയാക്കുന്നത് കണ്ണൂർ രാഷ്ട്രീയത്തിലെ ആ പഴയ കുടിപ്പക തന്നെയാണ്. തമ്മിൽ കണ്ടാൽ മിണ്ടാത്ത കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ബ്രണ്ണൻ കോളേജിൽ തുടങ്ങിയ കുടിപ്പകയിലേക്കാണ് ഇപ്പോൾ സുധാകരനെതിരെ ഉ്ന്നയിച്ച പരാതിയും വഴിതിരിയുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മോൻസൺ മാവുങ്കലിനെതിരെ കേസെടുത്തത്. ഈ പരാതിയിൽ കെ സുധാകരന്റെ പേര് ഉൾപ്പെട്ടതോടെ വിഷയം വെറും തട്ടിപ്പു കേസ് എന്നതിൽ ഉപരിയായുള്ള രാഷ്ട്രീയ മാനവും കൈവന്നു. തന്റെ രാഷ്ട്രീയ എതിരാളികളെ ഒന്നൊന്നായി പ്രതിരോധത്തിലാക്കാൻ സമർത്ഥനായ പിണറായി വിജയൻ കെപിസിസി അധ്യക്ഷനായ തന്നെയും ആക്രമിക്കുന്നു എന്നാണ് കെ സുധാകരൻ കണ്ണൂരിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയ കാര്യം.

കെട്ടിച്ചമച്ച കഥയുമായി തന്നെ കുടുക്കാൻ ചില കറുത്തശക്തികൾ ശ്രമിക്കുന്നു എന്നാണ് സുധാകരൻ വ്യക്തമാക്കിയത്. ആരോപണങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രിയും ഓഫീസുമാണെന്നും സുധാകരൻ ആരോപിക്കുന്നു. തനിക്കെതിരെ ഉയർന്ന പ്രധാന ആരോപണവും സുധാകരൻ തള്ളിക്കളയുന്നു. മോൻസന്റെ വീട്ടിൽ പോയത് ചികിത്സയ്ക്കാണ് പണമിടപാടിനല്ലെന്നും ആരോപണങ്ങളെ തള്ളിക്കൊണ്ട് കെ.സുധാകരൻ അഭിപ്രായപ്പെട്ടു. പണമിടപാടിന് ഇടനിലനിന്നെന്ന ആരോപണം സുധാകരൻ തള്ളി. പരാതിക്കാരൻ കള്ളം പറയുകയാണ്. പരാതി താൻ നിയമപരമായി നേരിടും.

പൊലീസും സർക്കാരും കോടതിയുമുള്ള നാട്ടിലല്ലേ മോൻസൺ ഇതുവരെയുണ്ടായിരുന്നതെന്നും സുധാകരൻ ചോദിച്ചു. തന്നെ ആരോപണത്തിൽ കുടുക്കാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും പല തവണ പരാതിക്കാരനെ വിളിച്ചുവെന്നാണ് പറയുന്നത്.

പരാതിക്കാരൻ പണം കൈമാറിയെന്നു പറയുന്ന നവംബർ 22 ന് താൻ എ.ഷാനവാസിന്റെ മരണാനന്തരം നടന്ന അനുശോചന സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അതു കൊണ്ടു തന്നെ തന്റെ സാന്നിധ്യത്തിൽ പണം കൈമാറിയെന്നു പറയുന്നത് തെറ്റാണെന്ന് തെളിയിക്കാൻ സോളിഡ് എവിഡൻസുകളുണ്ട്. ഡോക്ടർ മോൻസണുമായോ പരാതിക്കാരനായോ എന്തെങ്കിലും ബന്ധം തനിക്കുണ്ടെന്ന് തെളിവുകൾ സഹിതം ആർക്കെങ്കിലും വ്യക്തമാക്കാൻ കഴിഞ്ഞാൽ രാഷ്ട്രീയ ജീവിതം തന്നെ അവസാനിപ്പിക്കാൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു.

തനിക്കെതിരെ മുമ്പ് ഉയർനന പരാതിയും ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു സുധാകരന്റെ മറുപടി. കെപിസിസി ഓഫീസ് നിർമ്മാണത്തിൽ 18 കോടിയുടെ അഴിമതി ഉണ്ടായെന്ന ആരോപണം എന്തായെന്ന് സുധാകരൻ ചോദിച്ചു. ഒടുവിൽ പരാതി പിൻവലിച്ച് ഓടേണ്ടി വന്നു. പ്രശാന്ത് ബാബുവിന് തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ഒടുവിൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് തന്നെ അയാളെ തെറി വിളിക്കേണ്ടി വന്നു.

മോൻസനുമായി ഡോക്ടർ എന്ന നിലയിലാണ് ബന്ധം അയാളുടെ വീട്ടിൽ പല വി.ഐ.പികളെയും കണ്ടിട്ടുണ്ട് ഡി.ജി.പിയും ചീഫ് സെക്രട്ടറിയുമൊക്കെ ചികിത്സ തേടി അയാളുടെ വീട്ടിൽ വരാറുണ്ട്. താനും അങ്ങനെ പോയതാണ്. എന്നാൽ തനിക്ക് അസുഖം മാറാത്തതു കൊണ്ട് വേറൊരാളെ കാണിച്ചു 'മോൻസന്റെ വീട്ടിൽ നിരവധി പുരാവസ്തുക്കൾ കണ്ടിരുന്നുവെന്നും അതു ഒറിജിനിലാണോ വ്യാജമാണോയെന്ന് തനിക്കറിയില്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

പരാതിക്കാരൻ ആരോപിക്കുന്ന 2018ൽ താൻ പാർലമെന്റ് അംഗമായിരുന്നില്ല ഒരു പാർലമെന്റ് സമിതികളിലും താൻ അംഗമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോൻ സന് മാനവശ്രേഷ്ഠാപുരസ്‌കാരം നൽകിയത് ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് അന്നെന്തു കൊണ്ട് അയാൾ വ്യാജഡോക്ടറാണെന്ന് അന്വേഷിച്ചില്ലെന്നും സുധാകരൻ ചോദിച്ചു ' താൻ കെപിസിസി അധ്യക്ഷനായ വേളയിൽ കെപിസിസി ഓഫിസിൽ വന്ന് പ്രവാസി ഫെഡറേഷൻ ഭാരവാഹികളൊടൊപ്പം വന്ന് മോൻസൺ മാലയിട്ടിരുന്നു. അതിൽ കവിഞ്ഞ് അയാൾക്ക് വ്യക്തിപരമായി ഒരു സഹായവും താൻ ചെയ്തിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.