- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൺസനുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല; മുഖ്യമന്ത്രിയെ താങ്ങുന്നവർ പോലും മോൺസനെ കാണുന്നു; രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ സിപിഎം ശ്രമിക്കുന്നു; പിണറായിക്കെതിരായ പോരാട്ടം വീണ്ടും തുടങ്ങാനാണെങ്കിൽ തയ്യാർ; വെല്ലുവിളിയുമായി കെ സുധാകരൻ
കോഴിക്കോട്: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൺസൻ പെരുങ്കളനാണെന്നും തട്ടിപ്പിന് തന്റെ സാന്നിധ്യം ദുരുപയോഗം ചെയ്തെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. മോൻസണുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. തന്നെ കാണിച്ച് കച്ചവടം ഉറപ്പിക്കാൻ മോൻസൺ ശ്രമിച്ചിട്ടുണ്ടാകാം. ഒരു തവണ പോലും പരാതിക്കാർ തന്നെ വന്ന് കണ്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
മോൺസണെ കണ്ടതും ചികിത്സ തേടിയതും സത്യമാണ്. ചികിത്സക്കായി അഞ്ച് ദിവസമാണ് പോയത്. 10 ദിവസം പോയിട്ടില്ലെന്നും അസുഖം ഭേദമായില്ലെന്നും സുധാകരൻ പറഞ്ഞു. വ്യാജ ചികിത്സക്കെതിരെ നിയമ നടപടിയെടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
അവിടെ ചെന്നപ്പോഴാണ് അദ്ദേഹത്തിന്റെ വീട്ടിലെ പുരാവസ്തുക്കൾ കണ്ടത്. ഒരു വലിയ ശേഖരം അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. കോടികൾ വിലയുള്ളത് എന്നാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. അദ്ദേഹത്തെ കാണാൻ പോയി എന്നതിനപ്പുറത്ത് ഈ പറയുന്ന കക്ഷികളുമായി യാതൊരു ബന്ധവുമില്ല. തന്നോട് സംസാരിച്ചു എന്ന് പറയുന്ന വ്യക്തി കറുത്തിട്ടോ വെളുത്തിട്ടോ എന്ന് പോലും അറിയില്ലെന്നും മോൻസണിന്റെ വിട്ടിൽവെച്ച് ഇത്തരം ചർച്ച ഒരു കാലത്തും നടത്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിയെ താങ്ങുന്നവർ പോലും മോൺസനെ കാണുന്നുണ്ട്. സർക്കാർ മോൻസണെ സംരക്ഷിക്കുകയാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ സിപിഎം വീണ്ടും ശ്രമങ്ങൾ തുടങ്ങി. കോൺഗ്രസിന്റെ തിരിച്ചുവരവിനെ സിപിഎം ഭയക്കുന്നു. പിണറായിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിച്ചതായിരുന്നു. വീണ്ടും തുടങ്ങുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
മോൻസണും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള ബന്ധം എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. സർക്കാർ സംരക്ഷിക്കുന്ന ഫ്രോഡാണ് മോൺസൺ. തനിക്കെതിരെ തെളിവൊന്നും കിട്ടില്ല. ബെന്നി ബഹ്നാന് മറുപടി നൽകുന്നില്ല. തനിക്കൊരു പാർട്ടി ചട്ടക്കൂടുണ്ടെന്നും ആ ചട്ടക്കൂട് ബെന്നി ബഹ്നാനും ബാധകമാണെന്നും കെ സുധാകരൻ വ്യക്തമാക്കി.
മോൻസൻ മാവുങ്കൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള ചിത്രം നേരത്തെ പുറത്തു വന്നിരുന്നു. ചിത്രത്തിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസനും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റുമുണ്ട്. സുധാകരനുമായി മോൻസന് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാർ പരാതിയിൽ ആരോപിക്കുന്നു.
കോസ്മെറ്റോളജിസ്റ്റ് എന്നുപറഞ്ഞ് കെ സുധാകരനെ മോൻസൻ ചികിൽസിച്ചിരുന്നു. പത്തു ദിവസം മോൻസന്റെ വീട്ടിൽ താമസിച്ചായിരുന്നു ചികിൽസ. ഫെമ നിയമപ്രകാരം തടഞ്ഞുവെച്ച പണം വിട്ടുകിട്ടാനായി കെ സുധാകരൻ എംപിയുടെ സാന്നിധ്യത്തിൽ പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ കൈമാറിയെന്നും പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
2018 നവംബർ 22 ന് ഉച്ചയ്ക്ക് കലൂരിലെ മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വച്ചാണ് പണം കൈമാറിയത്. ആ സമയത്ത് സുധാകരൻ അവിടെയുണ്ടായിരുന്നു. ഡൽഹിയിലെ വിഷയങ്ങളിൽ ഉടൻ പരിഹാരം ഉണ്ടാകുമെന്ന് എംപി ഉറപ്പു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പണം കൈമാറിയതെന്നും പരാതിക്കാരൻ സൂചിപ്പിക്കുന്നു. അതേസമയം 2018 ൽ കെ സുധാകരൻ എംപിയായിരുന്നില്ല. 2019 ലാണ് കെ സുധാകരൻ കണ്ണൂരിൽ നിന്നും ജയിച്ച് എംപിയായത്.
മറുനാടന് മലയാളി ബ്യൂറോ