തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയവും ഈ രാഷ്ട്രീയം സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നും പ്രമേയമാക്കുന്ന സിനിമായാണ് ബി അജിത്കുമാർ സംവിധായകൻ ചെയ്ത ഈട. ഷെയിൻ നിഗവും നിമിഷ സഞ്ജയനും ജോഡികളായ സിനിമ പ്രണയകഥയെന്ന നിലയിലാണ് തീയറ്ററുകളിൽ എത്തിയതെങ്കിലും സിനിമയുടെ രാഷ്ട്രീയം സിപിഎമ്മിനെ സിനിമ ശരിക്കു ചൊടിപ്പിച്ചിട്ടുണ്ടെന്ന ആക്ഷേപവും ശക്തമാണ്.

സിനിമ ഏതു രാഷ്ട്രീയത്തെ സഹായിക്കാനാണ് എന്ന ചോദ്യവുമായി ദേശാഭിമാനി തന്നെ ഈടക്കെിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കണ്ണൂരിൽ സിനിമ കടുത്ത വെല്ലുവിളി നേരിടുന്നു എന്ന ആക്ഷേപങ്ങളും പുറത്തുവരുന്നു. സിപിഎം പ്രവർത്തകർ ഇടപെട്ട് സിനിമക്ക് ടിക്കറ്റെടുത്തുവരെ പിന്തിരിപ്പിക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. പയ്യന്നൂരിൽ ഇത്തരം ഒരും സംഭവമുണ്ടായെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്തെത്തി. പയ്യന്നൂരിൽ സിനിമ കാണാനെത്തിയവരെ പിന്തിപ്പിച്ച് വിരട്ടിയോടിച്ചത് സിപിഎം പ്രവർത്തകരാണെന്നാണ് സുധാകരൻ ഫേസ്‌ബുക്ക് ലൈവിലൂടെ ആരോപിച്ചത്.

സിനിമയുടെ പ്രമേയം എന്തുതന്നെയും ആകട്ടെ, ഒരു ദേശീയ പുരസ്‌ക്കാരം നേടിയ സംവിധായകന്റെ സിനിമയെ എന്തിനാണ് ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതെന്നും സുധാകർ ചോദിക്കുന്നു. അധികാരത്തിന്റെ ഹുങ്കിൽ എന്തുമാകാം എന്നാണോയെന്നും അദ്ദേഹം ചോദിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുകയും അസഹിഷ്ണുതക്കെതിരെ കൊടിപിടിക്കുകയും ചെയ്യുന്ന സിപിഎമ്മുമാർക്ക് ഇപ്പോൾ എന്തു സംഭവിച്ചുവെന്നും സുധാകരൻ ചോദിച്ചു.

സിനിമ കാണുന്നവരെ പോലും കായികമായി നേരുന്ന വിധത്തിൽ അസഹിഷ്ണുക്കളായി സിപിഎമ്മുകാർ. ഈ സ്ഥിതി തുടർന്നാൽ സിനിമക്ക് വേണ്ടി കോൺഗ്രസുകാരു രംഗത്തിറങ്ങും. ഇത് സമാധാന അന്തരീക്ഷത്തെ തകർക്കാൻ ഇടയാക്കുമെന്നും സുധാകരൻ പറഞ്ഞു. പാർട്ടി ഗ്രാമങ്ങളുടെ ഉള്ളറകൾ തുറന്നുകാട്ടുന്ന, കണ്ണൂരിലെ കൊലപാതക രാഷട്രീയം ശക്തമായി പ്രതിപാദിക്കുന്ന 'ഈട' എന്ന സിനിമ സിപിഎം-സംഘപരിവാർ നേതാക്കൾ ഒന്നിച്ചിരുന്ന് കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ കാണാൻ അനുവദിക്കാത്ത സിപിഎം നിലപാടിനെതിരെ സുധാകരൻ രംഗത്തെത്തിയത്.

ചങ്കിൽ തറയ്ക്കുന്ന ഒരു പ്രണയവും അതിന്റെ പരിണാമഗതിയിൽ പൊള്ളിക്കുന്ന രാഷ്ട്രീയത്തിന്റെ കനൽപ്പാടുകളുമാണ് ഈട എന്ന ബി അജിത്കുമാർ ചിത്രത്തിലുള്ളതെന്ന് വിഷ്ണുനാഥ് വ്യക്തമാക്കുന്നു. പ്രജ്ഞാശേഷി മരവിച്ച അണികളെ സംഭാവന ചെയ്യുന്ന കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളാണ് കേരളത്തിന്റെ ശാപങ്ങളിൽ ഒന്ന്. പരസ്പരം ഇഷ്ടപ്പെടുന്ന അമ്മുവിനും ആനന്ദിനും കണ്ണൂരിന് പുറത്തുമാത്രം ലഭിക്കുന്ന സ്വാതന്ത്ര്യയാണ് സംവിധായകൻ ചിത്രത്തിൽ കാണിക്കുന്നത്. അത് കണ്ണൂരിന് പൊതുവേ അപമാനകരമായ കാഴ്ചയാണ്. ആ കാഴ്ചയിലേക്ക് എത്തിച്ചതാവട്ടെ സംഘ്പരിവാറും സി പി എമ്മുമാണ്.

റോമിയോ ജൂലിയറ്റ് പഠിച്ച സാഹിത്യവിദ്യാർത്ഥിയാണ് ഈടയുടെ സംവിധായകൻ. കാല്പനികതയുടെ നിലാവൊളി ചിത്രത്തിൽ ആദ്യാവസാനം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയം മാത്രം പറഞ്ഞ് വിരസമാക്കാനോ പ്രണയം മാത്രം പറഞ്ഞ് പൈങ്കിളിവത്കരിക്കാനോ തയ്യാറാവാതെ റിയലിസ്റ്റികായ ജീവിതചിത്രത്തെയാണ് ഈട വരച്ചിടുന്നത്. ഷെയിൻ നിഗവും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ മനോഹരമാക്കിയ ചിത്രത്തിൽ കവി അൻവർ അലിയുടെ വരികളും ഹൃദയസ്പർശിയാണ്. തീർച്ചയായും കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈടയെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞുവെക്കുന്നു.