തിരുവനന്തപുരം: വിവാഹേതര ബന്ധങ്ങളിലും ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലും സുപ്രധാനമായ വിധി നടത്തിയ സുപ്രീംകോടതിയെ അധിക്ഷേപിച്ച് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ക.സുധാകരൻ. സമനില തെറ്റിയ ജഡ്ജിയാണ് വിധി പ്രസ്താവിച്ചതെന്നാണ് ജി.സുധാകരന്റെ അധിക്ഷേപം. കുടുംബ ബന്ധങ്ങളാണ് ഇന്ത്യൻ സംസ്‌കാരത്തിന്റെ അടിസ്ഥാനം. വിശ്വാസ കാര്യങ്ങളിൽ സുപ്രീംകോടതി ഇടപെടരുതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

സുപ്രീംകോടതി വിധികൾക്കെതിരേ ആഞ്ഞടിച്ച് കെ സുധാകരൻ. ഐപിസി 497 റദ്ദാക്കിയതിനും ശബരിമലയിൽ പ്രായഭേദമന്യെ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകിയതിനുമെതിരേയാണ് കെ സുധാകരൻ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലാതാക്കിയ ജഡ്ജിക്ക് തലയ്ക്കു വെളിവില്ലെന്നും അദ്ദേഹം അത് പുനപരിശോധിക്കണമെന്നും കെ സുധാകരൻ പറഞ്ഞു. ഇന്ത്യയുടെ മഹത്വമായി വിദേശരാജ്യങ്ങൾക്കുമുന്നിൽ പൊക്കിയടിച്ച് നാമെല്ലാം പറയുന്നത് സംശുദ്ധമായ കുടുംബബന്ധമാണ്. ആ കുടുംബ ബന്ധം ഇനിയുണ്ടാകുമോ. ഭാര്യക്കും ഭർത്താവിനും മറ്റു ബന്ധങ്ങളാണെന്ന് പറയുന്നത് കുടുംബബന്ധങ്ങളെ തകർക്കുമെന്നും സുധാകരൻ പറഞ്ഞു.

കെപിസിസി വർക്കിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കണ്ണൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിനും ഏതിനും കോടതി ഇടപെടുന്നു. കുടുംബ ബന്ധങ്ങളാണ് ഇന്ത്യൻ സംസ്‌കാരത്തിന്റെ അടിസ്ഥാനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണ്. കോടതികൾ അല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും സുധാകരൻ പറഞ്ഞു.

ഓരോ ക്ഷേത്രത്തിനും അതിന്റെതായ വിശ്വാസങ്ങളുണ്ട്. നിയമം കൊണ്ട് വ്യാഖ്യാനിക്കാൻ സാധിക്കുന്നതല്ല ക്ഷേത്ര വിശ്വാസം. തോന്നുംപോലെ നിയമം വ്യാഖ്യാനിക്കാൻ കോടതിക്ക് അധികാരമുണ്ടോയെന്ന് പുനഃപരിശോധിക്കണം. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം ആരും നിഷേധിച്ചിട്ടില്ല. ഹിന്ദു വിശ്വാസ പ്രകാരം അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ഒരു നിശ്ചിത സമയത്താണ് സ്ത്രീകൾക്ക് അങ്ങോട്ടേക്ക് പ്രവശനമില്ലാത്തത്. അതൊരു വിശ്വാസമാണ്. ആ വിശ്വാസം സംരക്ഷിക്കാൻ നമുക്ക് സാധിക്കണമെന്നും സുധാകരൻ പറഞ്ഞു.

മൂന്ന് തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ്, ലോക്കൽ ബോഡി എലക്ഷൻ വരുന്നു, 2021 ൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്. മൂന്ന് തെരഞ്ഞെടുപ്പുകളിൽ പ്രവർത്തകർ സജ്ജമാകണം. ഇവിടെ മുതൽ ഇന്നു മുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാനുള്ള ആത്മവിശ്വാസം വേണമെന്നും സുധാകരൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

അയപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്നും ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നുമാണ് കോടതി വിധി പ്രസ്താവിക്കവേ ചൂണ്ടിക്കാണിച്ചത്. ഭരണഘടനയുടെ 25 ാം വകുപ്പ് തരുന്ന അവകാശങ്ങൾക്ക് ജൈവീക, മാനസിക ഘടകങ്ങൾ തടസമല്ലെന്നും കോടതി വിശദമാക്കിയിരുന്നു. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സത്രീകളുടെ അവകാശങ്ങൾക്ക് എതിരാണ്, ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 497-ആം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് വിധി. ഭർത്താവ് സ്ത്രീകളുടെ യജമാനൻ അല്ല, സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.