- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മമ്പറം ദിവാകരന് പൂട്ടിടും; കെസി ജോസഫിനെ നിലയ്ക്ക് നിർത്തും; പാർട്ടിയെ അനുസരിക്കാത്തവർക്ക് എതിരെ അച്ചടക്കത്തിന്റെ വാളോങ്ങി സുധാകരൻ; ഇനി വിമർശിച്ചാൽ പാർട്ടിക്ക് പുറത്ത്; ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനും നടപടി റഡാറിൽ; കരുതലോടെ ഗ്രൂപ്പുകൾ; രണ്ടും കൽപ്പിച്ച് കെ സുധാകരനും
കണ്ണൂർ: പാർട്ടിയിൽ പരസ്പ്രസ്താവന അനുവദിക്കില്ലെന്നും അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നുള്ള നിയുക്ത കെ.പി. സി.സി അധ്യക്ഷൻ കെ.സുധാകന്റെ പ്രസ്താവന ഗ്രൂപ്പുകളിൽ അതൃപ്തി പടർത്തുന്നു. കോൺഗ്രസിനെ സെമി കേഡർ പാർട്ടിയായി മാറ്റുമെന്ന പ്രഖ്യാപനം പാർട്ടിയിലെ ജനാധിപത്യ സ്വഭാവത്തെ നശിപ്പിക്കുമെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
തനിക്കെതിരെ അഴിമതിയാരോപണങ്ങളും മറ്റും ഉന്നയിച്ച കെപിസിസി എക്‌സിക്യൂട്ടീവ് അംഗം മമ്പറം ദിവാകരനെതിരെ നടപടിയെടുക്കുമെന്ന വ്യക്തമായ സൂചനയാണ് കെ.സുധാകരൻ നൽകുന്നത്. മമ്പറം ദിവാകരൻ കെ.പി.സി സി എക്‌സിക്യൂട്ടീവ് അംഗമായതിനാൽ ഈ വിഷയം കെ.പി.സി സി ചർച്ച ചെയ്യുമെന്നും സുധാകരൻ പറഞ്ഞിരുന്നു.
ചിറക്കൽ രാജാസ് സ്‌കൂൾ ഏറ്റെടുക്കൽ, ഡി.സി.സി ഓഫീസ് നിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് എന്നിവയിൽ നടന്ന സാമ്പത്തിക തിരിമറിയെ കുറിച്ചാണ് മമ്പറം ദിവാകരൻ പരസ്യമായ ആരോപണവുമായി രംഗത്തുവന്നത്. എന്നാൽ ഈ ആരോപണങ്ങൾക്കൊന്നും ഇതുവരെ സുധാകരൻ പ്രതികരിച്ചിട്ടില്ല :പാർട്ടി നേതൃത്വത്തിനെതിരെയും നിലപാടുകൾക്കെതിരെയും പരസ്യമായി വിമർശിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന സുധാകരന്റെ പ്രസ്താവന മമ്പറം ദിവാകരനെതിരെയുള്ള പരോക്ഷ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
ഗ്രൂപ്പു രാഷ്ട്രീയത്തിന്റെ ഭാഗമായി ഇത്രയും കാലം പ്രവർത്തിച്ചതിനു ശേഷം ഇപ്പോൾ ഗ്രൂപ്പിനെ തള്ളിപ്പറയുന്നതിൽ കാര്യമില്ലെന്ന കെ.സി ജോസഫ് എംഎൽഎയുടെ പ്രസ്താവനയും സുധാകരനെ ചൊടിപ്പിച്ചിട്ടുണ്ട്. അതു കെ.സിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നായിരുന്നു ഈ കാര്യത്തിൽ സുധാകരന്റെ പ്രതികരണം.
എന്നാൽ പുറമേക്ക് സുധാകരൻ കെ.പി.സി സി അധ്യക്ഷനായതിൽ എ - ഐ ഗ്രൂപുകൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ ശിരസാ വഹിക്കുമെന്നു ഇപ്പോൾ പറയുന്ന സുധാകരൻ നേരത്തെ അതൊക്കെ ലംഘിച്ചിട്ടുണ്ടെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിൽ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കിയ വിഷയത്തിൽ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിക്കിടെ ഹൈക്കമാൻഡിനെ പ്രതിനിധികരിക്കുന്ന കെ.സി വേണുഗോപാലാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണക്കാരനെന്ന് തുറന്നടിച്ച കെ.സുധാകരന്റെ പ്രസ്താവന അച്ചടക്ക ലംഘനമല്ലെയെന്നാണ് ചില നേതാക്കൾ ചോദിക്കുന്നത്.
സംഘടനാ കോൺഗ്രസിൽ നിന്നും ജനതാ പാർട്ടി, ജനതാ (ജി) എന്നിവയിലുടെ 1984 ൽ - കോൺഗ്രസിലെത്തിയ സുധാകരൻ കെ.സി ജോസഫിനെപ്പോലുള്ള ഒരു മുതിർന്ന നേതാവിനെതിരെ അച്ചടക്ക വാളോങ്ങുന്നതിൽ എവിഭാഗത്തിന് കടുത്ത അമർഷമുണ്ട്. എന്തു തന്നെയായാലും ഡി.സി.സി പുനഃസംഘടനയാണ് സുധാകരന്റെ മുൻപിലുള്ള ആദ്യ കടമ്പ.
ഇതിനായി സാധ്യതാ പഠനം നടത്തുന്നതിനായി അഞ്ചംഗ സമിതിയെ വെച്ചിട്ടുണ്ടെന്നാണ് സുധാകരൻ പറയുന്നത്. ഗ്രൂപ്പുകൾക്ക് അതീതമായി ഡി.സി.സി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാനുള്ള നീക്കം പാർട്ടിയിൽ പുതിയ പൊട്ടിത്തെറിയുണ്ടാക്കാൻ സാധ്യതയേറെയാണ്.
മറുനാടന് മലയാളി ബ്യൂറോ