കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപി. ഇതും വിവാദമായി മാറുകയാണ്. നേരത്തെ ചെത്തുകാരന്റെ മകനാണ് പിണറായി എന്ന് പറഞ്ഞത് ഏറെ വിവാദമായിരുന്നു. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും രണ്ടാം മരണ വാർഷികത്തിലെ അനുസ്മരണ യോഗത്തിൽ പ്രസംഗമാണ് ഇപ്പോൾ വൈറലാകുന്നത്.

മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാൽ ആ കാലത്ത് മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പിൽ കള്ളുകുടിച്ചു നടക്കുകയായിരുന്നെന്നായിരുന്നു സുധാകരന്റെ പരിഹാസം. പിണറായി വിജയനെയും പിതാവിനെയും അധിക്ഷേപിച്ചുകൊണ്ടുള്ള സുധാകരന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

'ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെക്കുറിച്ച് പിണറായി എന്താണ് പറഞ്ഞത്? അട്ടംപരതിയെന്ന്... ഗോപാലൻ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ആ പോരാട്ടത്തിൽ ഒരു പോരാളിയായി പടവെട്ടുമ്പോൾ പിണറായി വിജയന്റെ ചെത്തുകാരൻ കോരേട്ടൻ പിണറായിയിൽ കള്ളുകുടിച്ച് തേരാപാരാ നടക്കുകയായിരുന്നു', സുധാകരന്റെ ഈ വാക്കുകളാണ് വിവാദമാകുന്നത്. .

ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന ഒരാൾക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ എന്ന സുധാകരന്റെ പരിഹാസവും ചർച്ചയായിരുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്ന് വന്ന് ഹെലികോപ്ടർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നും സുധാകരൻ അപഹസിച്ചു. ആ ചെത്തുകാരന്റെ കുടുംബത്തിൽ നിന്നും അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ ചെങ്കൊടി പിടിച്ച് നേതൃത്വം കൊടുത്ത പിണറായി വിജയൻ എവിടെ? പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ, ചെത്തുകാരന്റെ വീട്ടിൽ നിന്നും ഉയർന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്ററെടുത്ത, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വർഗത്തിന്റെ അപ്പോസ്തലൻ ചരിത്രത്തിൽ രേഖപ്പെട്ടിരിക്കുന്നു. ഇത് അഭിമാനമാണോ അപമാനമാണോ എന്ന് സിപിഐഎം പ്രവർത്തകർ ചിന്തിക്കണം എന്നായിരുന്നു സുധാകരൻ പറഞ്ഞത്.

സുധാകരന്റെ പരാമർശത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കൾ അന്ന് രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് സുധാകരനെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു ഇവർ സ്വീകരിച്ചത്. സുധാകരനെ ആദ്യം വിമർശിച്ച കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പിന്നീട് വിമർശനം പിൻവലിച്ച് മാപ്പുചോദിക്കുകയും ചെയ്തിരുന്നു. പരാമർശത്തിൽ പിണറായി വിജയൻ തന്നെ മറുപടിയും നൽകിയിരുന്നു. ഒരു തൊഴിലെടുത്ത് ജീവിച്ച പിതാവിന്റെ മകനെന്ന വിളിയിൽ അഭിമാനമാണെന്നും അങ്ങനെ വിളിക്കുന്നത് അപമാനമോ ജാള്യതയോയായി തനിക്ക് തോന്നിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.