കണ്ണൂർ: രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച കൊലപാതകങ്ങളിൽ ഒന്നായിരുന്നു മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകം. അതിക്രൂരമായാണ് സിപിഎം നേതൃത്വം കൊടുത്ത ഗുണ്ടകൾ ഷുഹൈബിനെ കൊലപ്പെടുത്തിയത്. കെ സുധാകരന്റെ അടുത്ത അനുയായി ആയിരുന്നു ഷുഹൈബ്. അദ്ദേഹത്തിന്റെ നാലാം ഓർമ്മ ദിനത്തിൽ ആദാ്ഞജലി അർപ്പിച്ചു കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഫേസ്‌ബുക്ക് കുറിപ്പുമായി രംഗത്തുവന്നു.

വികാരഭരിതമായ ഫേസ്‌ബുക്ക് കുറിപ്പാണ് കെ സുധാകരൻ ഇട്ടിരിക്കുന്നത്. താൻ കെപിസിസി അധ്യക്ഷനാകണം എന്ന് ആഗ്രഹിച്ച വ്യക്തികളിൽ ഒരാളാണ് ഷുഹൈബ് എന്നാണ് സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. കണ്ണൂരിൽ ഓരോ തവണ വന്നിറങ്ങുമ്പോഴും അവന്റെ വിടവ് എന്നെ വല്ലാതെ സ്പർശിക്കുന്നുണ്ട്. എത്ര കോടികൾ മുടക്കി കൊലയാളികളെ രക്ഷിച്ചെടുക്കാൻ സിപിഎം ശ്രമിച്ചാലും... ഏതറ്റം വരെ ചെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിനെ ചെറുക്കുമെന്നും കെ സുധാകരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

കെ സുധാകരന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

ഇന്നെന്റെ ഷുഹൈബിന്റെ ഓർമദിനമാണ്.

ഖത്തറിൽ പ്രസംഗമദ്ധ്യേ കേൾക്കേണ്ടി വന്ന ആ വാർത്ത എന്നെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചു കളഞ്ഞിരുന്നു. ആദ്യത്തെ ഫോൺ കോൾ വന്നപ്പോൾ ഒരു തരിമ്പ് ജീവനോടെയെങ്കിലും എന്റെ ഷുഹൈബിനെ തിരിച്ചു കിട്ടണമേയെന്ന് ആഗ്രഹിച്ചു... അതിനു വേണ്ടി പ്രാർത്ഥിച്ചു.
പക്ഷെ കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ-ഭീകര സംഘടന പരിശീലിപ്പിച്ചെടുത്ത ക്രിമിനലുകളുടെ കൊലക്കത്തിയെ അതിജീവിക്കാൻ അവന് കഴിഞ്ഞില്ല. ഒരു മനുഷ്യ ശരീരത്തോട് ചെയ്യാവുന്ന എല്ലാ ക്രൂരതകളും ഷുഹൈബിനോട് സിപിഎം ചെയ്തിട്ടുണ്ട്.

ഇറച്ചി വെട്ടുന്നത് പോലെ അവന്റെ കാലുകൾ കൊത്തിനുറുക്കിയിട്ട്... ഒടുവിൽ തുടയിൽ നിന്നും ഞരമ്പ് വലിച്ച് കഴുത്തിലിട്ട, ആ ഗുണ്ടാസംഘത്തെ പോറ്റുന്ന സിപിഎമ്മിനെ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി പരിഗണിക്കാൻ കേരള സമൂഹത്തിന് കഴിയുമോ

ഒരു നാടിന് മുഴുവൻ നന്മ ചെയ്തവൻ. നാട്ടാർക്കെല്ലാം പ്രിയപ്പെട്ടവൻ. അതിലധികം എന്ത് പറഞ്ഞാണ് ഷുഹൈബിനെ വിശേഷിപ്പിക്കുക. സ്വന്തം വൃക്ക പോലും മറ്റൊരാൾക്ക് ദാനം ചെയ്യാനിരുന്ന അവന്റെ വലിയ മനസിനെയോർത്ത് ഓരോ കോൺഗ്രസുകാരനും ഇന്നും അഭിമാനിക്കുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്ന ഓരോ ചെറുപ്പക്കാരനും മാതൃകയാണ് ഞങ്ങളുടെ ഷുഹൈബ്.

ഒരുപക്ഷെ ഇന്ന് ഞാനിരിക്കുന്ന പാർട്ടി പ്രസിഡന്റ് പദവിയിൽ എന്നെ കാണാൻ ഏറ്റവുമധികം ആഗ്രഹിച്ച ആളാകും ഷുഹൈബ്. കണ്ണൂരിൽ ഓരോ തവണ വന്നിറങ്ങുമ്പോഴും അവന്റെ വിടവ് എന്നെ വല്ലാതെ സ്പർശിക്കുന്നുണ്ട്. എത്ര കോടികൾ മുടക്കി കൊലയാളികളെ രക്ഷിച്ചെടുക്കാൻ സിപിഎം ശ്രമിച്ചാലും... ഏതറ്റം വരെ ചെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിനെ ചെറുക്കും. നീതിപീഠത്തിന്റെ മുന്നിൽ സിപിഎം ക്രിമിനലുകൾ ശിക്ഷിക്കപ്പെടുന്നത് വരെ കോൺഗ്രസ് പിൻവാങ്ങില്ല എന്ന് ഷുഹൈബിന്റെ ഓർമകളെ സാക്ഷി നിർത്തി പറയുന്നു.

2018 ഫെബ്രുവരി 12നാണ് രാത്രി കണ്ണൂർ തെരൂരിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഷുഹൈബിനെ ഒരു സംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ശേഷമായിരുന്നു ആക്രമണം. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു രക്തം വാർന്ന് ഷുഹൈബ് മരിച്ചു. ആകാശ് തില്ലങ്കേരി അടക്കമുള്ളവരായിരുന്നു കേസിൽ പ്രതികൾ.