കണ്ണുർ: ഡി.സി.സി പ്രസിഡന്റും കണ്ണൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ സതീശൻ പാച്ചേനിയുടെ തോൽവി കോൺഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണെന്ന് സംശയം സജീവം. ഇടതു മുന്നണി പോലും പ്രതീക്ഷിക്കാത്ത വിധത്തിൽ ആരു നിന്നാലും ജയിക്കുന്ന മണ്ഡലത്തിൽ ഇക്കുറി ഏറെ സ്വീകാര്യനായ സതീശൻ പാച്ചേനിയെ പുറകിൽ നിന്നും കുത്തിയതാണെന്ന അടക്കം പറച്ചിലാണ് കോൺഗ്രസിൽ നിന്നുയരുന്നത്. വെറും 1745 വോട്ടുകൾക്കാണ് സതീശൻ പാച്ചേനി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയോട് ഇക്കുറി പരാജയപ്പെടുന്നത്.

മുസ്ലിം ലീഗ് ഇക്കുറി ഉറച്ച പിൻതുണ നൽകിയിട്ടും കണ്ണൂർ കോർപറേഷനിൽ നേടിയ മൃഗീയ ഭൂരിപക്ഷവും കടന്നപ്പള്ളിക്കെതിരെയുള്ള വിരുദ്ധ വികാരവും വോട്ടായി മാറുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി കാര്യങ്ങൾ മാറി മറയുകയായിരുന്നു. നേരത്തെ കണ്ണുർ മണ്ഡലം തന്റെ വിശ്വസ്തനായ റിജിൽ മാക്കുറ്റിക്ക് നൽകാനായിരുന്നു സുധാകരന് താൽപര്യം. സതീശൻ പാച്ചേനി രണ്ടാമതും മത്സരിക്കാതിരിക്കാൻ പരമാവധി കളികൾസുധാകരൻ കളിച്ചിരുന്നു.എന്നാൽ ഒരു പരിധി കഴിഞ്ഞപ്പോൾ അതൊന്നും നടക്കാത്ത സാഹചര്യത്തിൽ തനിക്കില്ലെങ്കിൽ ആർക്കും വേണ്ടായെന്ന ശൈലിയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂരിലേക്ക് മത്സരിക്കാൻ ക്ഷണിച്ചു കൊണ്ടുവരാനുള്ള തന്ത്രവും പയറ്റി.

എന്നാൽ ഈ നീക്കം മുൻകൂട്ടി കണ്ടു കൊണ്ട് മുല്ലപ്പള്ളി പിൻതിരിയുകയായിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായുള്ള സതീശൻ പാച്ചേനിയുടെ അടുപ്പമാണ് സുധാകരനെ ചൊടിപ്പിച്ചത്. സുധാകരനെ കെപിസിസി അധ്യക്ഷനാക്കുന്നതിന് കെ.സി വേണുഗോപാൽ എതിര് നിന്നതോടെ ബന്ധം വഷളാവാൻ തുടങ്ങിയത്. ഇതോടെ കണ്ണൂരിൽ സ്വാധീനമുറപ്പിക്കാനുള്ള കെ.സി വേണുഗോപാലിന്റെ തന്ത്രത്തെ പല്ലും നഖവുമുപയോഗിച്ച് എതിരിടാൻ സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും നീക്കം തുടങ്ങി.

ഇതിനിടെ സംസ്ഥാനത്തെ മികച്ച ഡി.സി.സി പ്രസിഡന്റുമാരിലൊരാളായി സതീശൻ പാച്ചേനി വളർത്തിരുന്നു. കറകളഞ്ഞ വ്യക്തിശുദ്ധിയും സുതാര്യമായ ഇടപെടലുകളും സതീശൻ പാച്ചേനിയെ അണികൾക്ക് ഏറെ സ്വീകാര്യനായി. കണ്ണുരിലെ കോൺഗ്രസ് സംഘടനാ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാൻ സതീശൻ പാച്ചേനിക്ക് കഴിഞ്ഞു. കണ്ണുരിൽ തനിക്കു മുകളിൽ ആരെയും വളരാൻ അനുവദിക്കാത്ത താൻപോരിമ നയം പാച്ചേനിയുടെ കാര്യത്തിലും സുധാകരൻ പുറത്തെടുത്തു.

തന്റെ വിശ്വസ്തനായ റിജിൽ മാക്കുറ്റിക്ക് സീറ്റ് കൊടുത്തില്ലെങ്കിൽ താൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നു തന്നെ വിട്ടു നിൽക്കുമെന്നും ഒരു ഘട്ടത്തിൽ കണ്ണുരിന്റെ സംഘടനാ ചുമതലയുള്ള കെപിസിസി വർക്കിങ്ങ് പ്രസിഡന്റുകൂടിയായ കെ സുധാകരൻ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ കണ്ണുരിലും ഇരിക്കുറിലും രണ്ടു പേർക്കായി കെ.സി വേണുഗോപാൽ ഉറച്ചു നിന്നു. കണ്ണുരിൽ സതീശൻ പാച്ചേനിയും ഇരിക്കൂറിൽ സജീവ് ജോസഫും മത്സരിക്കണമെന്ന് കെ.സി വേണുഗോപാൽ കടുംപിടിത്തം പിടിച്ചതോടെ കെപിസിസി വഴങ്ങുകയായിരുന്നു.

എന്നാൽ നേമത്ത് മുരളീധരൻ മത്സരിക്കുന്ന സാഹചര്യത്തിൽ ഒഴിവുവരുന്ന വടകര സീറ്റിലേക്ക് റിജിൽ മാക്കുറ്റിയെ മത്സരിപ്പിക്കണമെന്ന സുധാകരന്റെ ഡിമാന്റ് ഒടുവിൽ കെപിസിസി അംഗീകരിക്കുകയായിരുന്നു.സതീശൻ പാച്ചേനിയുടെ സ്ഥാനാർത്ഥിത്വം അപ്പോഴും പൂർണമായ സ്പിരിറ്റിൽ ഉൾക്കൊള്ളാൻ സുധാകരവിഭാഗം തയ്യാറായില്ല. കണ്ണുർ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഓടിച്ചാടി പ്രചരണം നടത്തിയ സുധാകരവിഭാഗം നേതാക്കളൊക്കെ വെള്ളം കണ്ടു നിന്ന കുതിരയെപ്പോലെ നിന്നു.

ജില്ലയിലെ കോൺഗ്രസിന്റെ അമരക്കാരൻ കൂടിയായിട്ടും സംഘടനാ സംവിധാനം കൂടെ നിൽക്കാതിരുന്ന ഘട്ടത്തിൽ മുസ്ലിം ലീഗ് നേതൃത്വമാണ് പാച്ചേനിയുടെ കൂടെ നിന്നത്.ഇതോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബഹുദൂരം മുൻപോട്ടു പോകാൻ പാച്ചേനിക്ക് സാധ്യമായത്. എന്നാൽ സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് കളത്തിലിറങ്ങിയത്.അതും പേരിന് മാത്രം. ഇതിനിടെ തന്റെ ഗ്രൂപ്പിനെ ഉപയോഗിച്ച് വോട്ടു മറിക്കാനും ശ്രമിച്ചുവെന്നതിന്റെ പരിണിത ഫലമാണ് അഞ്ചാം തവണയുള്ള സതീശൻ പാച്ചേനിയുടെ തോൽവി.

എന്തു തന്നെയായാലും പാർട്ടിയുടെ ഉറച്ച മണ്ഡലമായ കണ്ണുരിലെ തോൽവിക്ക് ജില്ലയിലെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റെന്ന നിലയിൽ സുധാകരൻ മറുപടി പറയേണ്ടി വരും.എ ഐ.സി.സി യും സംസ്ഥാന നേതൃത്വത്തിനോട് വിശദീകരണം തേടിയിട്ടുണ്ട്.