കൊച്ചി: കോൺഗ്രസ് അധ്യക്ഷസ്ഥാനം നൽകാത്തതിനെ തുടർന്നുള്ള അസംതൃപ്തിക്കിടെ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് വ്യക്തമാക്കി നിയുക്ത വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. എ.ഐ.സി.സി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ച് മുന്നോട്ട് പോകും. പാർട്ടിയുടെ തീരുമാനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ പാർട്ടി പ്രവർത്തകരോട് താൻ ആഹ്വാനം ചെയ്യുന്നതായും കെ. സുധാകരൻ വ്യക്തമാക്കി. കോൺഗ്രസിനെ സംബന്ധിച്ച് എ.ഐ.സി.സിയാണ് അതിന്റെ അവസാന വാക്ക്. താൻ കളത്തിൽ ഇറങ്ങുമ്പോൾ കരുത്തായി, തണലായി കൈത്താങ്ങായി കേരളത്തിലെ കോൺഗ്രസിന്റെ യുവജനങ്ങൾ തന്റെ കൂടെ ഉണ്ടാവണം- സുധാകരൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഒരു പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന സമയത്ത് കോൺഗ്രസ് പോലൊരു പാർട്ടിയിൽ നിരവധി പേരുകൾ ഉയർന്ന് വരും. പല ഘടകങ്ങൾ പരിഗണിച്ചാണ് തീരുമാനം വരിക. ചിലപ്പോൾ തന്റെ ആഗ്രഹം നടന്നില്ല എന്ന് വരും. അത് കോൺഗ്രസ് പോലൊരു പാർട്ടിയിൽ അസ്വാഭാവികമല്ല. തന്റെ തീരുമാനത്തെക്കാളേറെ പാർട്ടിയുടെ നിലനിൽപ്പും കരുത്തുമാണ് തന്റെ ലക്ഷ്യം. മരിക്കുന്നത് വരെ കോൺഗ്രസിന്റെ ശ്വാസമാണ് തന്റെ ശ്വാസം. പാർട്ടിയുടെ താൽപര്യങ്ങളെ ഹനിക്കുന്ന ഒരു തീരുമാനങ്ങളും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല. തന്റെ അവസാനത്തെ വാക്ക് എ.ഐ.സി.സിയാണെന്നും സുധാകരൻ വ്യക്തമാക്കി.

അതിനിടെ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെതിരെ കോഴിക്കോട് പ്രതിഷേധ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട് ഡി.സി.സിക്ക് സമീപമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രവർത്തകരുടെ വികാരം മാനിക്കാത്ത പുനഃസംഘടന ആർക്ക് വേണ്ടിയെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഗ്രൂപ്പില്ലാ കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം പ്രതിഷേധം പരസ്യമായി പറഞ്ഞില്ലെങ്കിലും എഐസിസിയുടെ പുതിയ തീരുമാനത്തെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സ്വാഗതം ചെയ്തു.

കെ സുധാകരന് വേണ്ടി വലിയ തോതിൽ പ്രചരണം സൈബർ ലോകത്ത് നടന്നിരുന്നു. പുതിയ അധ്യക്ഷനെ തീരുമാനിച്ചത് എഐസിസിയാണ് . അതിൽ തനിക്ക് അഭിപ്രായമില്ല. പുതിയ ടീമിൽ താനുണ്ടോയെന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. പാർട്ടിയിലുള്ളിടത്തോളം പാർട്ടി പറഞ്ഞാൽ അനുസരിക്കണമല്ലോ എന്നുമാണ് കെ.സുധാകരൻ നേരത്തെ അങ്കമാലിയിൽ പറഞ്ഞത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞു കേട്ട പേരുകളിൽ പ്രധാനപ്പെട്ട ഒരു പേര് കെ.സുധാകരന്റെതായിരുന്നു. കണ്ണൂരിൽ നിന്നുള്ള ശക്തനായ നേതാവെന്ന പ്രതിച്ഛായയും സുധാകരനുണ്ടായിരുന്നു. എന്നാൽ പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ തൃപ്തിപ്പെടുത്താനും മുതിർന്ന നേതാക്കൾക്ക് അർഹിക്കുന്ന സ്ഥാനം നൽകുന്നതിനുമായി രാഹുലിന് മുന്നിൽ മറ്റ് വഴികളില്ലാതായതോടെയാണ് മുല്ലപ്പള്ളിക്ക് നറുക്ക് വീണത്.

നേരത്തേ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളാണ് സജീവമായി പറഞ്ഞു കേട്ടിരുന്നത്. കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വലിയതോതിലുള്ള പ്രചാരണവും നടന്നിരുന്നു. വിശാല ഐ ഗ്രൂപ്പിൽ രമേശ് ചെന്നിത്തലയും കെ.സുധാകരനും തമ്മിൽ ഉടലെടുത്ത ഭിന്നതകളാണ് സുധാകരന്റെ അധ്യക്ഷമോഹം തകർത്തത്. കെ എം മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയപ്പോൾ ഉണ്ടായ വിവാദങ്ങൾ കത്തി പടർന്നപ്പോൾ എറണാകുളം ഡി.സി.സി. ഓഫീസിന് മുന്നിൽ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും പ്രതീകാത്മകമായി ശവമഞ്ചങ്ങൾ വെച്ചതോടെ എതിർപ്പ് കൂടുകയായിരുന്നു. ശവമഞ്ചം ഒരുക്കിയതിന് അറസ്റ്റിലായ രണ്ട് പ്രവർത്തകരും സുധാകരനെ അനുകൂലിക്കുന്നവരായിരുന്നു. അതോടെ സുധാകരനെതിരായ വികാരം ഐ ഗ്രൂപ്പിലും ശക്തമായി. സുധാകരനുമായി സഹകരിക്കേണ്ടതില്ലെന്ന ഐ ഗ്രൂപ്പ് താഴേ തലത്തിലേക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

എ. ഗ്രൂപ്പും ഇക്കാര്യത്തിൽ സഹകരിച്ചു. ശവപ്പെട്ടി വിവാദത്തിൽ സംഘടനയിൽ നിന്നും പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവർത്തകർ പ്രകടനം നടത്താൻ തീരുമാനിച്ചു. ഇതിന് പിറകിലും കെ.സുധാകരനാണെന്ന സംശയമുണ്ടായിരുന്നു. അതോടെ കെപിസിസി. തന്നെ ഇത് തടയുകയായിരുന്നു. കെപിസിസി. അദ്ധ്യക്ഷനാവാൻ കെ.സുധാകരൻ സ്വന്തം നിലയിൽ ശ്രമം നടത്തിയതും ഐഗ്രൂപ്പിനെ അലോസരപ്പെടുത്തിയിരുന്നു. അങ്ങിനെ ചെന്നിത്തലയും സുധാകരനെതിരെ നിലകൊണ്ടു. അതോടെയാണ്.