- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുക്കാം തിരുവഞ്ചൂരിന് ഒരു കൈയ്യടി; ഒന്നുമല്ലെങ്കിലും സുധാകരന്റെ മുഖത്ത് നോക്കി ഇങ്ങനെപറയാൻ ഒരു കോൺഗ്രസ്സുകാരന് എങ്കിലും നട്ടെല്ലുണ്ടായല്ലോ?
കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളിൽ തികച്ചും വ്യത്യസ്ഥനാണ് കെ സുധാകരൻ. ഒപ്പം നിൽക്കുന്നവർക്കു വേണ്ടി വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് എടുക്കുന്നതു കൊണ്ട് മറ്റ് ഏത് നേതാവിനെക്കാളും വിശ്വസ്തരായ നേതാക്കൾ ഉള്ള സുധാകരൻ പക്ഷേ, രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും ഒന്നും പിന്തുടരാൻ പാടില്ലാത്ത ചില നിലപാടുകളാണ് മിക്കപ്പോഴും എടുക്കുന
കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളിൽ തികച്ചും വ്യത്യസ്ഥനാണ് കെ സുധാകരൻ. ഒപ്പം നിൽക്കുന്നവർക്കു വേണ്ടി വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് എടുക്കുന്നതു കൊണ്ട് മറ്റ് ഏത് നേതാവിനെക്കാളും വിശ്വസ്തരായ നേതാക്കൾ ഉള്ള സുധാകരൻ പക്ഷേ, രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും ഒന്നും പിന്തുടരാൻ പാടില്ലാത്ത ചില നിലപാടുകളാണ് മിക്കപ്പോഴും എടുക്കുന്നത്. അതിൽ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു വളപ്പട്ടണം പൊലീസ് സ്റ്റേഷനിൽ കയറി മണൽ മാഫിയാ നേതാക്കളെ മോചിപ്പിച്ച സംഭവം.
കോൺഗ്രസ്സ് ഭരിക്കുന്നതുകൊണ്ട് എന്തുമാവാം എന്നൊരു ഭാവമായിരുന്നു സുധാകരന്റേത്. എന്നാൽ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സുധാകരന്റെ ഇംഗിതത്തിന് അനുസരിച്ച് തുള്ളാതെ പൊലീസ് മന്ത്രി എന്ന നിലയിൽ നട്ടെല്ലു നിവർത്തി പിടിച്ചു നിൽക്കാൻ തീരുമാനിച്ചതോടെ വളപ്പട്ടണം സബ്ഇൻസ്‌പെക്ടറുടെ മേൽ നടപടി എടുക്കാനുള്ള തീരുമാനം നടന്നില്ല. നിമിഷ നേരങ്ങൾക്കകം വളപ്പട്ടണം എസ്‌ഐയെ സസ്‌പെൻഡ് ചെയ്യും എന്ന പ്രതീക്ഷയിലായിരുന്നു സുധാകരൻ. എന്നാൽ തിരുവഞ്ചൂർ പറയുന്നത് സംഭവം അനേ്വഷിക്കുന്ന ഉദ്യോഗസ്ഥൻ തരുന്ന റിപ്പോർട്ട് അനുസരിച്ച് മാത്രമേ നടപടി ഉണ്ടാകൂ എന്നാണ്.
തിരുവഞ്ചൂരിന്റെ ഈ നിലപാടിനെയാണ് അന്തസ്സുള്ള തീരുമാനം എന്നു പറയുന്നത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൈമോശം വന്നിരിക്കുന്ന നട്ടെല്ലാണ് തിരുവഞ്ചൂർ ഉയർത്തിപ്പിടിച്ചിരിക്കുന്നത്. കെ സുധാകരന്റെയും പിസി ജോർജ്ജിന്റെയും മുഖത്ത് നോക്കി നേരെ ചൊവ്വെ സംസാരിക്കാൻ മുഖ്യമന്ത്രിക്കു പോലും പേടിയുള്ള ഈ നാട്ടിൽ ആഭ്യന്തരമന്ത്രി കാട്ടിയ തന്റേടം കയ്യടിച്ച് അഭിനന്ദിക്കേണ്ടതു തന്നെയാണ്. സുധാകരന്റെ നാണംകെട്ട പ്രവർത്തി വഴി ആത്മാഭിമാനത്തിന് മുറിവേറ്റ കേരളാ പൊലീസിന്റെ മുറിവുണക്കാൻ ഈ തീരുമാനം വലിയ തോതിൽ സഹായകരമായി എന്നു പറയാതെ വയ്യ. അതുകൊണ്ടു തന്നെ നാട്ടിൽ നിയമവാഴ്ച്ച നടക്കണമെന്ന് ആഗ്രഹിക്കുന്നവർ തിരുവഞ്ചൂരിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു.
ഗ്രൂപ്പ് രാഷ്ട്രീയം കൊടികുത്തി വാഴുന്ന കോൺഗ്രസ്സിൽ തിരുവഞ്ചൂരിന്റെ തീരുമാനം ചില്ലറ അസ്വാരസ്യങ്ങൾ അല്ല സൃഷ്ടിച്ചിരിക്കുന്നത്. സുധാകരന്റെ കക്ഷി അംഗങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത് ആഭ്യന്തരമന്ത്രിയെ കണ്ണൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്നാണ്. ഇത്രയും അഹന്ത നിറഞ്ഞ പ്രഖ്യാപനങ്ങൾ യൂത്ത് കോൺഗ്രസ്സുകാരിൽ നിന്നും ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധിപോലും പ്രതീക്ഷിച്ചു കാണില്ല. എന്നു മാത്രമല്ല തിരുവഞ്ചൂരിനെതിരെ കണ്ണൂരിൽ വ്യാപകമായ പോസ്റ്റർ പ്രചാരണങ്ങളും നടന്നു. കോൺഗ്രസ്സിനെ വഞ്ചിച്ച നേതാവായിട്ടാണ് ഇപ്പോൾ തിരുവഞ്ചൂർ കണ്ണൂരിൽ ചിത്രീകരിക്കപ്പെടുന്നത്.
കണ്ണൂർ നഗരത്തിൽ മൃഗാശുപത്രി പരിസരത്തു പതിച്ച പോസ്റ്ററുകളിൽ, 'വളപട്ടണം പൊലീസ് സ്റ്റേഷനിൽ കാട്ടുനീതി, ഇതോ തിരുവഞ്ചൂരിന്റെ ജനമൈത്രി പൊലീസ്‌ന' എന്നൊക്കെയാണ് ഉള്ളടക്കം. 'പൊലീസ് മന്ത്രി തിരുവഞ്ചൂരേ, കണ്ണൂരിന്റെ പടക്കുതിരയായ കെ.സുധാകരനെ തളച്ചിടാൻ നിന്നെക്കൊണ്ടാവില്ല, ആഭ്യന്തരമെന്ന ഉമ്മാക്കി കാണിച്ച് കെ.സുധാകരനു നേരെ വന്നാൽ കണ്ണൂരിന്റെ മണ്ണിൽ കാലുകുത്താൻ അനുവദിക്കില്ല, ബിനാമി മന്ത്രി തിരുവഞ്ചൂരേ ഇത് കണ്ണൂരാണെന്ന് ഓർത്തോളൂന' എന്നിങ്ങനെയാണ് തളിപ്പറമ്പിലെ പോസ്റ്ററുകളിലുള്ളത്.
പൊലീസ് സ്റ്റേഷനിൽ അക്രമം നടത്തിയാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതിനെതിരെയാണ് പോസ്റ്ററുകളും ബോർഡുകളും. വെള്ളിയാഴ്ച കണ്ണൂരിൽ വാർത്താസമ്മേളനം നടത്തിയ സുധാകരൻ കേസിനെതിരെ രൂക്ഷ വിമർശനമുയർത്തുകയായിരുന്നു. കോടിയേരിയുടെ പൊലീസും തിരുവഞ്ചൂരിന്റെ പൊലീസും ഒരുപോലെയാണെന്നും തങ്ങൾക്ക് പൊലീസിൽ നിന്ന് നീതി കിട്ടുന്നില്ലെന്നുമായിരുന്നു ആരോപണം. തുടർന്നാണ് തിരുവഞ്ചൂരിന്റെ പ്രതികരണമുണ്ടായത്.
ഒരു മന്ത്രി നിയമം സംരക്ഷിക്കാൻ ഉതകുന്ന തരത്തിൽ പ്രസ്താവന നടത്തിയതിനാണ് ഈ കൂട്ടത്തെറി എന്നോർക്കണം. അതിന്റെ പേരിലാണ് തിരുവഞ്ചൂരിനെതിരെ ഈ പ്രചാരണങ്ങൾ നടക്കുന്നത്. കോൺഗ്രസ്സിന്റെ ഗ്രൂപ്പ് സമവാക്യവും സുധാകരന്റെ ഭള്ളുപറച്ചിലും പേടിക്കാതെ നിയമത്തിന്റെ വഴിയിൽ നട്ടെല്ലോടെ നിലപാടെടുത്ത തിരുവഞ്ചൂരിനെ സംരക്ഷിക്കേണ്ടത് കേരളത്തിലെ സമൂഹമാണ്. ഈ കർക്കശവും ശക്തവുമായ നിലപാട് തിരുവഞ്ചൂർ എല്ലാ വിഷയങ്ങളിലും തുടർന്നാൽ കേരളത്തിലെ ജനങ്ങൾക്ക് നീതി കിട്ടുന്ന കാലം വിദൂരമല്ലെന്നു തീർച്ച.