- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാ സിങ്ങോ എന്ന് ചോദിച്ചു; ഒന്നും ആലോചിച്ചില്ല...ഒറ്റ ചവിട്ട്...പിന്നാലെ കെഎസ്യു പ്രവർത്തകർ പിണറായി വിജയനെ വളഞ്ഞിട്ടു തല്ലി'; എ.കെ.ബാലനെ തല്ലിയോടിച്ചു; പഴയ ബ്രണ്ണൻ കോളേജ് വീരകഥകൾ അയവിറക്കി കെ.സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസിൽ സിപിഎമ്മിനോടും പിണറായി വിജയനോടും മല്ലിട്ട് നിൽക്കാൻ കെ.സുധാകരനല്ലാതെ ആരുമില്ല എന്ന അണികളുടെ ആവേശമാണ് കണ്ണൂരിലെ നേതാവിനെ കെപിസിസി അദ്ധ്യക്ഷനായി വാഴിക്കാൻ ഒരുകാരണം. ഗ്രൂപ്പ് വടംവലിക്ക് ഇടയിൽ പെട്ട വി എം.സുധീരന് പൊള്ളി പുറത്തുപോകേണ്ടി വന്നു. മുല്ലപ്പള്ളിക്കാകട്ടെ എങ്ങും തൊടാത്ത നയം കാരണം അപ്രസക്തനാകേണ്ടിയും വന്നു. ഏതായാലും കെ.സുധാകരൻ തുടക്കത്തിലേ വെടികൾ പൊട്ടിച്ചുതുടങ്ങി. ബിജെപിയല്ല, സപിഎമ്മാണ് മുഖ്യ ശത്രുവെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. മനോരമ ആഴ്ചപതിപ്പിന് കെ.സുധാകരൻ നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ബ്രണ്ണൻ കോളേജിലെ പഠനക്കാലത്തെ രാഷ്ട്രീയപ്രവർത്തന അനുഭവങ്ങളാണ് സുധാകരൻ തുറന്നുപറയുന്നത്. പിണറായി വിജയനെ താൻ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എകെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ:
'എസ്എഫ്ഐ പഠിപ്പു മുടക്ക് പ്രഖ്യാപിച്ച ദിവസമാണ് പിണറായി ബ്രണ്ണനിലെത്തിയത്. ആ സമരം പൊളിക്കാനായിരുന്നു കെഎസ്യുവിന്റെ പ്ലാൻ. രണ്ടാം വർഷ വിദ്യാർത്ഥികളെ ക്ലാസിലിരുത്തി ക്ലാസെടുക്കുകയായിരുന്നു. ഈ സമയം എകെ ബാലന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സംഘടിച്ചു വന്നു. ഞാൻ രണ്ടാം നിലയിലെ കോണിപ്പടിയിൽ നിൽക്കുകയായിരുന്നു. ബാലൻ ഉൾപ്പെടെ എല്ലാവരേയും കെഎസ്യുക്കാർ തല്ലിയോടിച്ചു. പരീക്ഷ ഹാളിലായിരുന്ന പിണറായി വിജയൻ സഖാക്കളുടെ സഹായത്തിന് ഓടിയെത്തി. രണ്ടാം നിലയിലേക്ക് ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാ സിങ്ങോ എന്ന് ചോദിച്ചു. ഞാൻ കളരി പഠിക്കുന്ന സമയമായിരുന്നു അത്. കോണിപ്പടിക്ക് ഇരുവശവും ഉണ്ടായിരുന്നവർ ആർപ്പു വിളിച്ചു. ഒന്നും ആലോചിച്ചില്ല. ഒറ്റ ചവിട്ട്. പിന്നാലെ കെഎസ്യു പ്രവർത്തകർ പിണറായി വിജയനെ വളഞ്ഞിട്ടു തല്ലി. പൊലീസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു പോയത്.''
ക്യാമ്പസിൽ എപ്പോഴും കത്തിയുമായി നടക്കുന്ന ഫ്രാൻസിസ് എന്ന സഹപാഠിയെക്കുറിച്ചും സുധാകരൻ പറയുന്നുണ്ട്. 'ഒരിക്കൽ എസ്എഫ്ഐ പ്രവർത്തകരെ ഫ്രാൻസിസ് മർദ്ദിച്ചു. പിന്നാലെ പിണറായി വിജയന്റെ നേതൃത്വത്തിൽ സമരം നടന്നു. ഇതിനിടെ പിണറായി ഫ്രാൻസിസിന്റെ അരയിലെ പിച്ചാത്തിയെക്കുറിച്ച് പറഞ്ഞതും ഊരിപ്പിടിച്ച കത്തിയുമായി ഫ്രാൻസിസ് സ്റ്റേജിലേക്ക് കയറി. ഒഴിഞ്ഞു മാറിയതുകൊണ്ടാണ് പിണറായി രക്ഷപെട്ടത്. ഫ്രാൻസിസിന്റെ ആക്രമണത്തിനു പിന്നാലെ ഞാനും പ്രവർത്തകരും പിണറായിയെ തല്ലിയോടിച്ചു.'': സുധാകരൻ പറഞ്ഞു.
സംഘപരിവാറുകാർ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി വിജയൻ നടന്നുപോയത് എപ്പോഴാണെന്ന് അറിയില്ല. എന്നാൽ, കെഎസ്യുവിന്റെ തല്ലുകൊണ്ട് ഓടിയത് അറിയാം' എന്ന് സുധാകരൻ കൂടെക്കൂടെ പറയാറുണ്ട്. പിണറായിക്ക് ഒരു എതിരാളിയായി എന്നും അണികൾ കരുതുന്നതുകൊണ്ട് തന്നെ ബ്രണ്ണൻ കഥകൾ പറയുമ്പോൾ സുധാകരന് ആവേശം കൂടും. സിപിഎമ്മിനും പിണറായിക്കും എതിരെ നേർക്കുനേർ നിന്നുപോരാടാൻ വേറെ ആരുമില്ലെന്ന് അണികൾക്കും ബോധ്യമുണ്ട്. ആരാടാ എന്നുചോദിച്ചാൽ ഞാനാടാ..എന്ന് പറയുന്ന പ്രകൃതം.
ഏന്തായാലും 72 വയസുകാരനായ സുധാകരൻ ഇനി അടിപിടിക്കൊന്നും പോവില്ല. നേരവുമില്ല. എന്നാൽ, നാക്കുകൊണ്ടുള്ള പോര് തുടരുമെന്ന് ഉറപ്പായി കഴിഞ്ഞു. സംഘാടകൻ എന്ന നിലയിൽ എങ്ങനെ സുധാകരൻ ഷൈൻ ചെയ്യുമോ എന്നാണ് നേതാക്കൾ ഉറ്റുനോക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും പാർട്ടിയെ അടിത്തട്ട് മുതൽ കെട്ടുറപ്പുള്ളതാക്കണം. രാഹുൽ ഗാന്ധിയുടെ ഉറച്ച പിന്തുണ കൂടി ഉള്ളതുകൊണ്ട് ആ വെല്ലുവിളിയും നേരിടാം. അതിനിടയ്ക്ക് ബ്രണ്ണൻ കഥകൾ പൊട്ടിക്കുകയും ചെയ്യാം.
മറുനാടന് മലയാളി ബ്യൂറോ