- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും നോട്ടീസ് അയക്കട്ടെ, വേണമെങ്കിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോകട്ടെ, അതിനിപ്പോ എന്താണ്? എന്റെ പേരിൽ എത്രമാത്രം കേസുകളുണ്ട്, കേസ് വരും പോകും; ചോദ്യം ചെയ്യലിന് ഹാജരാകുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ കെ സുരേന്ദ്രൻ; തനിക്കെതിരായ നീക്കം ശ്രദ്ധതിരിക്കാനെന്നും ആരോപണം
കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. ഹാജരാകണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കോഴിക്കോട് വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ പറഞ്ഞു. വലിയ വെള്ളിയാഴ്ച്ച വന്നിട്ടും മൂത്താപ്ല പള്ളിയിൽ പോയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
'ഇന്നലെയാണ് നോട്ടീസ് കിട്ടിയത്. തിങ്കളാഴ്ച്ച ഹാജരാകണോ, ചൊവ്വാഴ്ച്ച ഹാജരാകണോ, ബുധനാഴ്ച്ച ഹാജരാകണോയെന്ന തീരുമാനിച്ചിട്ടില്ല. ഞാൻ അന്നേ നിങ്ങളുടെ അടുത്ത് പറഞ്ഞിട്ടുണ്ട് ഇതിനേക്കാൾ വലിയ വെള്ളിയാഴ്ച്ച വന്നിട്ടും മൂത്താപ്ല പള്ളിയിൽ പോയിട്ടില്ല. എന്റെ പേരിൽ എത്രമാത്രം കേസുകളുണ്ട്. കേസ് വരും പോകും. ഇതൊക്കെ എപ്പോഴും പ്രതീക്ഷിക്കണം. വീണ്ടും നോട്ടീസ് അയക്കട്ടെ, വേണമെങ്കിൽ അറസ്റ്റ് ചെയ്തുകൊണ്ടുപോകട്ടെ. അതിനിപ്പോ എന്താണ്. പ്രധാനപ്പെട്ട പല നേതാക്കളും ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്.' കെ സുരേന്ദ്രൻ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ സിപിഎം നേതാക്കൾ പ്രതിരോധത്തിലായതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് തനിക്കെതിരായ ക്രൈംബ്രാഞ്ച് നോട്ടീസിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. എപ്പോൾ ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. നോട്ടീസിൽ പറഞ്ഞ ദിവസം ഹാജരാകണമെന്ന് നിയമമില്ല. ചൊവ്വാഴ്ച സംസ്ഥാന ഭാരവാഹിയോഗം തീരുമാനിച്ചിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സുരേന്ദ്രന് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാനാണ് നോട്ടീസ്. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് കൈമാറിയത്. പണത്തിന്റെ ഉറവിടം, എങ്ങോട്ടാണ് കൊണ്ടു പോയത് തുടങ്ങിയ കാര്യങ്ങൾ അറിയാൻ വേണ്ടിയാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. ധർമരാജനുമായുള്ള ബന്ധമാണ് കെ സുരേന്ദ്രന് അന്വേഷണസംഘം മുമ്പാകെ വിശദീകരിക്കേണ്ടി വരിക.
മറുനാടന് മലയാളി ബ്യൂറോ