തിരുവനന്തപുരം: സഹകരണ ബാങ്കുകളെയാകെ ഒരു ഏകീകൃത സോഫ്‌ട്വെയറിന് കീഴിലാക്കുന്ന പദ്ധതി ഇഫ്താസിനെ ഏൽപ്പിച്ചത് കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രം മാത്രമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നീക്കത്തിനു പിന്നിലെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. ഫേസ്‌ബുക്കിലെയായിരുന്നു സുരേന്ദ്രന്റെ ആരോപണം

കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം-

2018 ഫെബ്രുവരി 9 ന് കണ്ണൂർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സഹകരണ ബാങ്കുകളെയാകെ ഒരു ഏകീകൃത സോഫ്‌ട്വെയറിന് കീഴിലാക്കുന്നതിനുവേണ്ടി നബാർഡിന്റെ സഹായത്തോടെ കോടികൾ ചെലവഴിച്ച് ഇഫ്താസ് എന്നു പറയുന്ന ഒരു സ്ഥാപനത്തിന് മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട് സംസ്ഥാനസർക്കാർ നൽകിയ കരാറിലെ അഴിമതിയും ദുരൂഹതയും ദുഷ്ടലാക്കും ചൂണ്ടിക്കാണിച്ചിരുന്നു. നമ്മുടെ മാധ്യമങ്ങളോ പ്രതിപക്ഷപ്പാർട്ടികളോ അന്നത് വേണ്ടത്ര ഗൗരവത്തിലെടുക്കാൻ തയ്യാറായിരുന്നില്ല. ഇന്നലെ പ്രതിപക്ഷം നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചതായി കണ്ടു.

ഒന്നാമത്തെ കാര്യം ഇഫ്താസിന് കാർഷിക സഹകരണസംഘങ്ങളിൽ ഇതുവരെ പ്രവൃത്തിപരിചയമില്ല. നബാർഡിന് ഇക്കാര്യത്തിൽ സ്വന്തം സംവിധാനം നിലവിലുണ്ടുതാനും. ഇഫ്താസിന് പിന്നിൽ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട ചിലയാളുകളാണ്. ഇതിനുള്ള ചെലവ് കേന്ദ്രസർക്കാരാണ് നൽകുന്നത്. ഇരുപത്തി അഞ്ചുലക്ഷം രൂപ വരെയാണ് ഒരു സൊസൈറ്റിക്ക് ഇക്കാര്യത്തിൽ ചെലവഴിക്കാവുന്നത്. കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു തന്ത്രം മാത്രമാണിത്. ഡേറ്റയിൽ കൃത്രിമം നടത്താനും വിവരങ്ങൾ നശിപ്പിച്ചുകളയാനുമുള്ള സൂത്രപ്പണി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ നീക്കത്തിനു പിന്നിൽ. സിപിഐഎമ്മിനെ പേടിച്ചാണോ എന്നറിയില്ല നബാർഡിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഈ ഗൂഢാലോചനക്ക് കൂട്ടുനിൽക്കുകയാണ്. അക്കാര്യം ഗൗരവതരമാണ്. അന്വേഷണവിധേയമാക്കേണ്ടതാണ്. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.