തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ഓണാശംസാ പോസ്റ്റിനെതിരെ ബിജെപി രംഗത്ത്. ദശാവതാരങ്ങളിലൊന്നായ വാമനമൂർത്തി ചതിയനാണെന്ന് ഐസക്കിന് പറയാൻ കഴിയുന്നതെന്തുകൊണ്ടാണെന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തു വന്നു.

ദശാവതാരങ്ങളിലൊന്നായ വാമനമൂർത്തി ചതിയനാണെന്ന് ഐസക്കിന് പറയാൻ കഴിയുന്നതെന്തുകൊണ്ടാണ്? മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനൻ. കോടാനുകോടി വിശ്വാസികളുടെ കൺകണ്ട ദൈവം. ഐസക്കിന് മറ്റുമതസ്ഥരോട് ഈ സമീപനം എടുക്കാനാവുമോ? തൃക്കാക്കരയിലെ വാമന ക്ഷേത്രത്തിലാണ് ഓണത്തോടനുബന്ധിച്ചുള്ള ഏറ്റവും വലിയ ആഘോഷം നടക്കുന്നത്. തൃക്കാക്കരയപ്പനായ വാമനമൂർത്തിയെ നടുവിൽ പ്രതിഷ്ഠിച്ച് അതിനു മുകളിലാണ് വിശ്വാസികൾ ഓണപ്പൂക്കളമിടുന്നത്. വാമനൻ മഹാവിഷ്ണു തന്നെയാണ്. മഹാവിഷ്ണുവിനെ ചതിയനെന്നു വിളിച്ച് ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം. അനേകായിരം വിഷ്ണു ഭക്തരുടെ വോട്ടുകൊണ്ടാണ് ഐസക്ക് ജയിച്ചു മന്ത്രിയാവുന്നതെന്ന് ഓർമ്മിക്കണമെന്ന് കെ സുരേന്ദ്രൻ ഫെയ്‌സ് ബുക്കിൽ കുറിച്ചു.