തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള തീരുമാനത്തോട് ബിജെപി പൂർണ്ണമായും വിയോജിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ ബാധിക്കും. എന്നാൽ നാലു മാസത്തെ മാത്രം കാലാവധിക്കായി സംസ്ഥാനത്ത് അസംബ്ലി ഉപതെരഞ്ഞെടുപ്പുകൾ ആവശ്യമില്ലന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫിനും യുഡിഎഫിനും പരാജയഭീതിയാണ്. സ്വർണ്ണക്കള്ളക്കടത്ത് കേസും മയക്കുമരുന്ന് കേസും മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതികൂട്ടിലാക്കിയതും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തതുമെല്ലാം സർക്കാരിന്റെ പ്രതിച്ഛായ തകർത്തിരിക്കുകയാണ്. സിപിഎമ്മിനും എൽഡിഎഫിനും ജനവിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്.

യുഡിഎഫിനും പരാജയഭീതിയാണ്. കാരണം കേൺഗ്രസ്സിനകത്തെ നേതൃത്വ പ്രശ്നങ്ങളും കേരള കോൺഗ്രസ്സ് മുന്നണിയിൽ നിന്നും വിട്ടു പോയതും യു ഡിഎഫിനകത്തെ തമ്മലടിയുമാണ് അതിന് കാരണം. ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കണമെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മാറ്റിവയ്ക്കണമെന്ന യുഡിഎഫിന്റെ നിലപാട് വിചിത്രമാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ ജനങ്ങൾക്കുള്ള അഭിപ്രായവ്യത്യാസം അങ്ങനെയൊരു തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ല എന്നതാണ്. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഇരു മുന്നണികളുടെയും പ്രശ്നമാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നിൽ.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനോടാണ് ബിജെപിക്ക് യോജിപ്പ്. സർവ്വകക്ഷിയോഗത്തിൽ ശക്തമായ നിലപാട് ബിജെപി അറിയിക്കും. തെരഞ്ഞെടുപ്പ് തീയതിയല്ല, രീതിയാണ് മാറ്റേണ്ടത്.
ബിനീഷ് കോടിയേരിയുടെ കാര്യത്തിലുള്ള നിലപാടിൽ സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ അഭിപ്രായം പറയണം. എകെജി സെന്ററിന്റെയും സർക്കാരിന്റെ മറപിടിച്ചാണ് ബിനീഷ് കോടിയേരി എല്ലാ തട്ടിപ്പുകളും നടത്തിയിരിക്കുന്നത്.

കേന്ദ്ര ഏജൻസികൾ അന്വേഷിച്ചതുകൊണ്ടാണ് ബിനീഷ് കോടിയേരി വലയിലായത്. രാഷ്ട്രീയ ധാർമ്മികത ഉണ്ടെങ്കിൽ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവച്ച് കോടിയേരി ബാലക്യഷ്ണൻ അന്വേഷണത്തിന് എല്ലാ വഴികളും തുറന്നുകൊടുക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.