തിരുവനന്തപുരം : ലൈഫ് മിഷൻ തട്ടിപ്പിൽ മന്ത്രി ഇ.പി. ജയരാജന്റെ മകനും പങ്കുണ്ടെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ. ലൈഫ് മിഷനിൽ നിന്ന് ഒരു കോടിയോളം രൂപ ഇ.പി. ജയരാജന്റെ മകൻ കൈപ്പറ്റിയെന്നതാണ് ആരോപണം.

വിഷയത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തിയത് മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത് എന്നാണ് സിപിഎം നേരത്തെ അവകാശപ്പെട്ടത്. എന്നാൽ കേസിൽ സർക്കാരിലും പാർട്ടിയിലും ഉള്ളവർ കടുങ്ങുമെന്നായപ്പോൾ അവർ അന്വേഷണ ഏജൻസികളെ വിമർശിക്കുകയാണ്. ജലീലിനെ കൂടാതെ ഇ.പി. ജയരാജന്റെ മകന്റെ പേരും ഉയർന്നുവന്നതോടെയാണ് ഇതിന് കാരണമെന്നും സുരേന്ദ്രൻ ആരോപിച്ചു.

കേന്ദ്ര അന്വേഷണ ഏജൻസികളെ കുറ്റപ്പെടുത്തുന്നത് അപലപനീയമാണ്. നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിൽ എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇപ്പോൾ ഇഡിക്കെതിരെ തിരിഞ്ഞത് വമ്പൻ സ്രാവുകൾ കുടുങ്ങുമോ എന്ന ഭയം കാരണമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ് എന്ന ആരോപണത്തോട് മുഖ്യമന്ത്രി മറുപടി പറയണം.

ജെ.ടി.ജലീലിനെ കൂടാതെ മന്ത്രിസഭയിലെ രണ്ടാമനായിട്ടുള്ള മന്ത്രിയെ കുറിച്ചുകൂടി കൂടുതൽ തെളിവുകൾ പുറത്തുവരികയാണ്. ഇതോടെ കേസ് അന്വേഷണം ഏതെങ്കിലും വിധത്തിൽ തന്നിലേക്ക് എത്തുമോയെന്നും മുഖ്യമന്ത്രി ഭയപ്പെടുന്നു. സ്വപ്ന സുരേഷ് ആശുപത്രിയിൽ ജീവനക്കാരുടെ ഫോൺ ഉപയോഗിച്ച് ചില ഉന്നതരെ ബന്ധപ്പെട്ടതായാണ് വിവരം. സർക്കാരാണ് ഇതിന് അവസരമൊരുക്കിയത്. സ്വപ്ന സുരേഷിനെ കേരളാ പൊലീസിന് വിട്ടുകൊടുക്കാനുള്ള നീക്കം കേസന്വേഷണം അട്ടിമറിക്കാനാണ്. ജലീൽ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്. സ്വപ്നയും ജലീലും ഒരേ തൂവൽ പക്ഷികളാണ്.

കഴിഞ്ഞ രണ്ടുമാസമായി അന്വേഷണം ശരിയായ ദിശയിലാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കട്ടെ തങ്ങൾക്ക് ഭയമില്ല. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞവർ ഇപ്പോൾ പരസ്യമായാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഇഡി രാഷ്ട്രീയ പ്രേരിതമായി പ്രവർത്തിക്കുന്നുവെന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിക്കണം. മുഖ്യമന്ത്രി ഔദ്യോഗികമായി ഔപചാരികമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ആരോപണം അംഗീകരിക്കുന്നുണ്ടോ നിരാകരിക്കുന്നുണ്ടോ എന്നറിയാൻ കേരളത്തിലെ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.