തിരുവനന്തപുരം : സ്വർണക്കടത്ത്, ബെംഗളൂരു മയക്കുമരുന്ന് കേസിലും കേസിലും മുഖ്യമന്ത്രി നൽകിയ മറുപടി പരിഹാസ്യമുണർത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വ്യാഴാഴ്ചത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യാഴാഴ്ച എഴുതി വായിച്ച 15 മിനിട്ട് നീളുന്ന മറുപടിയിൽ സ്വർണക്കള്ളക്കടത്തുകാരെ രക്ഷിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലാവുകയും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഫോൺ വിളിച്ചിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും പിണറായി പഴയ മറുപടി തന്നെ ആവർത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. കസ്റ്റംസ് ഉദ്യോഗസ്ഥൻ നേരത്തെ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പൊളിഞ്ഞു വീണിട്ടും മുഖ്യമന്ത്രി അതുതന്നെ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും രണ്ട് മന്ത്രിമാരും രണ്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നേരയും അന്വേഷണം നീളുന്നതിൽ മറുപടി പറയാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിൽ കള്ളക്കടത്ത് സംഘം എന്തിന് വന്നു എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും കെ. സുരേന്ദ്രൻ ചോദിച്ചു. സ്വപ്ന സുരേഷുമായി പിണറായിയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രി സ്വപ്നയ്ക്കൊപ്പം വിദേശ രാജ്യത്ത് പോയിട്ടുണ്ട്. ശിവശങ്കറിനെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. വിഷയത്തിൽ കഴിഞ്ഞ ദിവസം നൽകിയ മറുപടിയിൽ വസ്തുതാ പരമായി എന്ത് മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.

ലൈഫ് മിഷൻ അഴിമതിക്കായി കരാറുകാരൻ കൊടുത്തയച്ച അഞ്ച് ഫോണുകളിൽ ഒന്ന് ശിവശങ്കറിന്റെ കയ്യിലാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കുന്നയാൾ കരാറ് നൽകുന്നതിന് പകരമായി ഫോൺ കൈപ്പറ്റിയെന്ന ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് എങ്ങിനെയാണ് ഒഴിഞ്ഞുമാറാൻ സാധിക്കുക. യുഎഇ കോൺസുലേറ്റും കരാറുകാരും തമ്മിലാണ് ബന്ധമെന്നാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. അങ്ങിനെയെങ്കിൽ കരാറിനായി യുണിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഐഫോൺ ശിവശങ്കറിന് ലഭിച്ചത് എങ്ങിനെയെന്ന് വ്യക്തമാക്കണം. യുണിടാക്കിൽ നിന്ന് ലഭിച്ചതിൽ ഒരു ഫോൺ കൂടിയുണ്ട്.

കരാറുകാരിൽ നിന്ന് സ്വപ്ന കൈപ്പറ്റിയ അഞ്ച് ഫോണുകളിൽ ഒന്ന് സംബന്ധിച്ച് ഇതുവരെ വെളിപ്പെടുത്തലുകൾ വന്നിട്ടില്ല. ഇത് ആർക്കാണ് ലഭിച്ചതെന്ന് കൃത്യമായി നമുക്കറിയാം. മുഖ്യമന്ത്രിക്കും കൂട്ടാളികൾക്കുമെതിരെ വന്ന അന്വേഷണം അട്ടിമറിക്കുന്നതിനായാണ് സംസ്ഥാനം സിബിഐക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ഗൗരവ പൂർണമായ അന്വേഷണം നടത്തിയില്ലങ്കിൽ കേസ് വിജിലൻസിനെ ഉപയോഗിച്ച് അട്ടിമറിക്കാനാണ് നീക്കം. സന്തോഷ് നൽകിയ അഞ്ച് ഫോണിൽ ഒന്ന് എവിടെയെന്ന് മുഖ്യമന്ത്രിക്കറിയാം എന്ന് കെ.സുരേന്ദ്രൻ. രണ്ട് മാസം മുൻപ് വരെ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന ആപ്പിൾ വാച്ച് എവിടെപ്പോയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി ചെയ്ത കുറ്റം സംബന്ധിച്ച് ഒന്നും അറിയില്ലെന്ന സിപിഎം വാദം പച്ചക്കള്ളം. സ്വർണക്കടത്ത്, മയക്കുമരുന്ന് കേസിൽ സിപിഎമ്മും സർക്കാരും കളങ്കപ്പെട്ടു. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാർക്ക നേരേയും ആരോപണം നീളുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണം ഇതിനായി ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.