- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ ശോഭ സുരേന്ദ്രൻ നയിക്കും; ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണെന്നും പാർട്ടിയിലെ വിഭാഗിയത മാധ്യമ സൃഷ്ടിയാണെന്നും ബിജെപി അധ്യക്ഷൻ; ശോഭാ സുരേന്ദ്രനെ പാർട്ടി കോർ കമ്മറ്റിയിൽ ഉൾപ്പെടുത്തുമെന്ന് സൂചന; സുരേന്ദ്രന്റെ അനുനയത്തിന് പിന്നിൽ ആർ എസ് എസ് നിർദ്ദേശം
കോഴിക്കോട്: ബിജെപിയിൽ വെടിനിർത്തലിന്റെ സൂചന നൽകി കെ സുരേന്ദ്രൻ. വരാൻ പോകുന്ന തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ ശോഭ സുരേന്ദ്രൻ നയിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണ്, പാർട്ടിയിൽ വിഭാഗിയതയുണ്ടെന്നുള്ളത് മാധ്യമസൃഷ്ടിയാണെന്നും സുരേന്ദ്രൻ മീഡിയ വണ്ണിനോട് പറഞ്ഞു. ശോഭാ സുരേന്ദ്രനെ പാർട്ടി കോർ കമ്മറ്റിയിൽ ഉൾപ്പെടുത്തുമെ്ന്നാണ് സൂചന. അതിന് ശേഷവും പരസ്യ പ്രതികരണം തുടർന്നാൽ ശോഭയെ ബിജെപി അംഗീകരിക്കില്ല. ആർഎസ്എസ് നിർദ്ദേശ പ്രകാരമാണ് സുരേന്ദ്രൻ അനുനയ നീക്കവുമായി പരസ്യമായി രംഗത്ത് വരുന്നത്.
'ശോഭ സുരേന്ദ്രൻ ബിജെപിയിലെ ഏറ്റവും കരുത്തയായ വനിതാനേതാവാണ്. അവർ എങ്ങോട്ടും പോകുന്നില്ല. ഞങ്ങൾ ഒരു കുടുംബമാണ്. ആ കുടുംബത്തിൽ ആളുകൾക്ക് ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകും. പക്ഷെ മാധ്യമങ്ങൾ പറയുന്നത് പോലെ സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള തർക്കമല്ല. അങ്ങനെ ഒരു സംഭവമേയില്ല. ശോഭ സുരേന്ദ്രൻ വരുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ മുന്നിൽ നിന്ന് നയിക്കും. നിരാശരാവുക മാധ്യമങ്ങളും എതിരാളികളുമായിരിക്കും', സുരേന്ദ്രൻ പറഞ്ഞു. ഒത്തുതീർപ്പിന് താൻ തയ്യാറണെന്ന സൂചനയാണ് സുരേന്ദ്രൻ നൽകുന്നത്. കഴിഞ്ഞ ദിവസം മിസോറാം ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ളയുമായി ശോഭാ സുരേന്ദ്രൻ ചർച്ച നടത്തിയിരുന്നു. അതിന് ശേഷം ചിലത് പറയാനുണ്ടെന്നും അത് വെളിപ്പെടുത്തുമെന്നും ശോഭ പ്രതികരിച്ചിരുന്നു.
ഇതിനിടെയാണ് സുരേന്ദ്രന്റെ അനുനയ നീക്കം. സുരേന്ദ്രനെതിരെ ശോഭ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. ഇക്കാര്യത്തിൽ വിശദമായ മറുപടി സുരേന്ദ്രനും കേന്ദ്ര നേതൃത്വത്തിന് നൽകി. ശോഭയ്‌ക്കെതിരായ വിശദ റിപ്പോർട്ടാണ് ഇത്. തദ്ദേശത്തിൽ ജയിക്കാൻ തൽകാലം വിഭാഗിയത പരസ്യമാക്കരുതെന്ന നിർദ്ദേശം ആർഎസ്എസ് ഇതിനിടെ സുരേന്ദ്രന് നൽകി. ഇതിന്റെ ഭാഗമാണ് ശോഭയെ പിന്തുണയ്ക്കുന്ന പ്രസ്താവന. കോൺഗ്രസിനും ഇടതുപക്ഷത്തിനും ബദലാകാനാണ് ബിജെപിയുടെ ശ്രമം. ഇതിന് ശോഭാ സുരേന്ദ്രന്റെ പ്രശ്‌നമൊരു തടസ്സമാകരുതെന്നാണ് ആർഎസ്എസ് നിലപാട്.
കോൺഗ്രസിനേയും സുരേന്ദ്രൻ കടന്നാക്രമിക്കുന്നുണ്ട്. യു.ഡി.എഫിന്റെ വിശ്വാസ്യത പൂർണമായും തകർന്നിരിക്കുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. 'അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് അവരുടേത്. രമേശ് ചെന്നിത്തലയ്ക്കുള്ള വിശ്വാസ്യതയേക്കാൾ ആയിരം മടങ്ങാണ് ജനങ്ങൾക്കിടയിൽ ബിജെപിക്കുള്ള വിശ്വാസ്യത. അതിന് കാരണം ഞങ്ങൾ എടുക്കുന്ന ഉറച്ച നിലപാടുകളാണ്. രമേശ് ചെന്നിത്തല പകൽ ഒന്ന് പറയും, വൈകിട്ട് അഡ്ജസ്റ്റ് ചെയ്യും', കെ.സുരേന്ദ്രൻ ആരോപിച്ചു. എൻഡിഎയെ ശക്തിപ്പെടുത്താനാണ് സുരേന്ദ്രന്റെ ആലോചന. മുതിർന്ന നേതാക്കളിൽ ഒരാൾക്ക് എൻഡിഎയുടെ ചുമതല നൽകും.
മാധ്യമങ്ങളോട് നിരവധി കാര്യങ്ങൾ പറയാനുണ്ടെന്നും അതെല്ലാ പിന്നെ പറയാമെന്നും ശോഭ സുരേന്ദ്രൻ ഇന്നലെ പ്രതികരിച്ചിരുന്നു. ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ടും മിസോറാം ഗവർണറുമായ പിഎസ് ശ്രീധരൻ പിള്ളയുമായി അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ. ഇന്ന് ഉച്ചയ്ക്കാണ് ശോഭ സുരേന്ദ്രൻ ശ്രീധരൻ പിള്ളയെ കാണുന്നതിനായി കോഴിക്കോടെത്തിയത്. സംസ്ഥാനത്തെ ബിജെപിയിൽ വിഭാഗീയത രൂക്ഷമായിരിക്കുന്ന ഈ ഘട്ടത്തിൽ ശോഭസുരേന്ദ്രനും പിഎസ് ശ്രീധരൻ പിള്ളയുമായുള്ള കൂടിക്കാഴ്ച ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഒന്നര മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ചക്കൊടുവിലാണ് ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് സംസാരിച്ചത്.
തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ ദുഃഖമില്ലെന്നും ശോഭ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു. സ്ഥാനമോഹി ആയിരുന്നെങ്കിൽ ഞാൻ ബിജെപിയിൽ പ്രവർത്തിക്കില്ലായിരുന്നു. സംസ്ഥാനത്ത് ബിജെപിക്ക് ഒരു വാർഡ് മെമ്പർ പോലുമില്ലാത്ത കാലത്താണ് ഞാൻ ബിജെപിയിൽ വന്നത്. അതു കൊണ്ട് തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ തനിക്ക് സങ്കടമില്ല. നിരവധി കാര്യങ്ങൾ മാധ്യമങ്ങളോട് പറയാനുണ്ട്. അവ വിശദമായി പിന്നീടൊരിക്കൽ പറയാമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന ബിജെപിയിൽ വിഭാഗീയതയും പിണക്കങ്ങളും സജീവമായി നിൽക്കെയാണ് ശോഭസുരേന്ദ്രൻ മിസോറാം ഗവർണറും ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ടുമായ പിഎസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ശ്രീധരൻ പിള്ളയുടെ കോഴിക്കോട്ടെ വസതിയിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ബിജെപി സംസ്ഥാന പ്രിസഡണ്ടായി കെ സുരേന്ദ്രൻ സ്ഥാനമേറ്റെടുത്തതിനെ ചൊല്ലി സംസ്ഥാനത്തെ ബിജെപിയിൽ വലിയ വിഭാഗീയത നിലനിൽക്കുന്നതിനിടയിൽ മുൻ സംസ്ഥാന പ്രസിഡണ്ടുമായുള്ള ശോഭ സുരേന്ദ്രന്റെ കൂടിക്കാഴ്ച വലിയ പ്രാധാന്യമുള്ളതാണ്. പ്രത്യേകിച്ചും കെ സുരേന്ദ്രൻ സംസ്ഥാന പ്രിസിഡണ്ടായതിനെതിരെ പരസ്യമായി രംഗത്തു വന്ന നേതാവ് കൂടിയാണ് ശോഭ സുരേന്ദ്രൻ.
കെ സുരേന്ദ്രൻ പ്രസിഡണ്ടായതിന് ശേഷം ബിജെപിയുടെ പൊതു പരിപാടികളിലോ ചാനൽ ചർച്ചകളിലോ മറ്റുവേദികിലോ ശോഭസുരേന്ദ്രൻ പങ്കെടുത്തിരുന്നില്ല എന്നത് ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഈ വിവാദങ്ങൾക്കിടയിലാണ് ശോഭ സുരേന്ദ്രൻ ഇപ്പോൾ കോഴിക്കോടെത്തി ശ്രീധരൻ പിള്ളയുമായി ചർച്ച നടത്തിയിരിക്കുന്നത്.അതേ സമയം ശ്രീധരൻ പിള്ളയുടെ ക്ഷേമം അന്വേഷിക്കാനാണ് താൻ കോഴിക്കോട് എത്തിയത് എന്നാണ് ശോഭ സുരേന്ദ്രൻ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ