- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയുടെ ശബ്ദരേഖ എങ്ങനെ പുറത്തായെന്ന് വ്യക്തമാക്കണം; ഋഷിരാജ് സിംഗിനെതിരെ വീണ്ടും കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വീണ്ടും രംഗത്ത്. ശബ്ദരേഖ എങ്ങനെ പുറത്തു വന്നുവെന്ന് ജയിൽ ഡി.ജിപി മറുപടി നൽകണമെന്ന് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്വപ്നയെ ജയിലിൽ വെച്ച് കണ്ടത് ആരൊക്കെയാണന്ന് വ്യക്തമാക്കണമെന്നും ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വിടണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ആളുകളാണ് ശബ്ദരേഖ ജയിലിൽ നിന്നു പുറത്തെത്തിച്ചതെന്നാണ് കെ.സുരേന്ദ്രൻ ആരോപിക്കുന്നത്.
സ്വപ്ന സുരേഷിന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കുമായി ബന്ധമുണ്ടെന്ന ആരോപണം സുരേന്ദ്രൻ ആവർത്തിച്ചു. മസാല ബോണ്ട് അഴിമതി ഉടൻ പുറത്തു വരുമെന്നും സുരേന്ദ്രൻ പ്രതികരിച്ചു. നേരത്തെ കെ. സുരേന്ദ്രൻ നടത്തിയ ആരോപണങ്ങൾക്കെതിരെ ഋഷിരാജ് സിങ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പലരും ജയിലിൽ സന്ദർശിച്ചെന്ന് സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇത്തരം കൂടിക്കാഴ്ചയ്ക്ക് ജയിൽ സൂപ്രണ്ട് കൂട്ടുനിന്നെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. കസ്റ്റംസിന്റെ അനുമതി ഇല്ലാതെയായിരുന്നു ഈ കൂടിക്കാഴ്ചകളെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
എന്നാൽ ഇത് വ്യാജ പ്രചരണമാണെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടി സ്വീകരിക്കുമെന്നും ഋഷിരാജ് സിങ് മറുപടി നൽകിയിരുന്നു. ജയിൽ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിങ് സുരേന്ദ്രനോട് ആവശ്യപ്പെട്ടു. സ്വർണ കടത്ത് കേസിലെ പ്രതിക്ക് ജയിലിൽ അനധികൃതമായി സന്ദർശക സൗകര്യം നൽകിയിട്ടില്ലെന്നും ഋഷിരാജ് സിങ് പറഞ്ഞു.