കാസർകോട്: കാസർകോട് ഹെലികോപ്റ്റർ ഇറക്കുന്നതിനു 3 ദിവസം മുൻപേ അനുമതി തേടണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്ത്രിമാരും ദേശീയസംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ള ഹെലികോപ്റ്ററിൽ എത്തുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം കർശനമായി നടപ്പാക്കാൻ കലക്ടർ ഡി.സജിത്ത് ബാബു മുമ്പിലുണ്ട്.

ഹെലികോപ്റ്റർ ഇറക്കുന്നതിനു മുൻകൂർ അനുമതിയോടൊപ്പം 3 ദിവസം മുൻപ് അറിയിക്കണമെന്നും കലക്ടർ നിർദേശിച്ചു. ഇതിനായി അപേക്ഷ നൽകണം. ഹെലിപാഡിൽ സുരക്ഷാ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തുന്നതിനാണ് മുൻകൂട്ടി അനുമതി വാങ്ങണമെന്നു നിർദേശിച്ചതെന്ന് കലക്ടർ ഡി.സജിത്ത് ബാബു അറിയിച്ചു.

ബിജെപി സംസ്ഥാന പ്രസിഡന്റും മഞ്ചേശ്വരം, കോന്നി മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയുമായി കെ.സുരേന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനു മുൻപേ ഹെലികോപ്റ്ററിൽ പൈവളികെയിൽ ഇറങ്ങിയാണ് മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തിയത്. തിരഞ്ഞെടുപ്പിനു പ്രചാരണത്തിനായി നേതാക്കൾ ഹെലികോപ്റ്ററിൽ എത്തുന്നുവെങ്കിൽ അതത് രാഷ്ട്രീയ പാർട്ടികളാണ് റിട്ടേണിങ് ഓഫിസർ മുഖേന ഹെലികോപ്റ്റർ ഇറക്കുന്നതിനായി അപേക്ഷ നൽകേണ്ടത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനല്ലാതെ സ്വകാര്യ ആവശ്യങ്ങൾക്കും മറ്റുമായി ഹെലികോപ്റ്ററിൽ എത്തുകയാണെങ്കിൽ എയർക്രാഫ്റ്റ് ഏജൻസികളാണ് വിവരം ജില്ലാ ഭരണകൂടത്തെയും ജില്ലാ പൊലീസിനെയും അറിയിക്കേണ്ടത്. ഇതിനും മുൻകൂട്ടി അനുമതി വാങ്ങണം. ഹെലികോപ്റ്റർ ഇറക്കുന്ന ഹെലിപാഡിൽ ആരോഗ്യവകുപ്പ്, അഗ്‌നിരക്ഷാ സേന,പൊലീസ്, പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെയുള്ളവരുടെ പരിശോധനകൾക്കായി 10 ദിവസം മുൻപേ അപേക്ഷ നൽകണം.

കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലായി മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥിയായ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പത്തിലേറെ നേതാക്കൾ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സ്റ്റാർ ക്യാംപെയ്‌നർ പട്ടികയിലുള്ളവർ. തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഇവർ വിവിധയിടങ്ങളിൽ ഹെലികോപ്റ്ററിൽ പോകുന്നുവെങ്കിൽ ചെലവുകൾ സ്ഥാനാർത്ഥിയുടെ പട്ടികയിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്.

ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രൻ, ജോർജ് കൂര്യൻ, സുരേഷ് ഗോപി, വി.എൽ.സന്തോഷ്, വി.മുരളീധരൻ, പി.പി.രാധാകൃഷ്ണൻ, വി.സുനിൽകുമാർ, ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ടോം വടക്കൻ, എ.പി.അബ്ദുല്ലക്കുട്ടി, മറ്റു ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ള 30 പേരുടെ പട്ടികയാണ് സ്റ്റാർ ക്യാംപെയ്‌നറായി ദേശീയ നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയത്. ഇവരുടെ യാത്ര ചെലവുകൾ പാർട്ടി നേതൃത്വം വഹിക്കും.

നാമനിർദേശ പത്രിക നൽകുന്നതിനു മുൻപേ 2 തവണയാണ് ഹെലികോപ്റ്ററിൽ കെ.സുരേന്ദ്രൻ പൈവളികെ സ്‌കൂളിൽ ഗ്രൗണ്ടിലെത്തി മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തിയത്. സ്റ്റാർ നേതാക്കൾ സ്ഥാനാർത്ഥികൾ കൂടി ആണെങ്കിലും അവർ മത്സരിക്കുന്ന മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹെലികോപ്റ്ററിലാണ് യാത്ര എങ്കിലും അത്തരം ചെലവുകൾ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പട്ടികയിൽ ഉൾപ്പെടും.