- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലപ്പത്തുള്ള നേതാവും ധർമരാജനും തമ്മിൽ പല തവണ ഫോണിൽ സംസാരിച്ചതിന് തെളിവുകൾ; തരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് സംസാരമെന്ന മൊഴികൾ തെറ്റ്; കൊടകരയിൽ ബിജെപി ഉന്നതരെ ചോദ്യം ചെയ്യാൻ പൊലീസ്; ലിസ്റ്റിൽ കെ സുരേന്ദ്രനും; ജില്ലാ പ്രസിഡന്റിന്റെ മൊഴി നിർണ്ണായകമാകും
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാവിന്റേയും പരാതിക്കാരന്റേയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം. നഷ്ടപ്പെട്ട മൂന്നരക്കോടി രൂപ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കാൻ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിന്റെ മൊഴി ബുധനാഴ്ച എടുക്കും. ബിജെപി തലപ്പത്തുള്ള നേതാവ് പണവുമായി എത്തിയ ധർമരാജുമായി നിരവധി തവണ സംസാരിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ചോദ്യംചെയ്യലിൽ ബിജെപി നേതാക്കൾ നൽകിയ മൊഴികൾ അന്വേഷകസംഘം തള്ളി. ഉന്നതരെയടക്കം വീണ്ടും ചോദ്യം ചെയ്യും. ഈ ലിസ്റ്റിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമുണ്ടെന്നാണ് സൂചന.
ചൊവ്വാഴ്ച ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീശിനെ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ പ്രസിഡന്റിനെ അന്വേഷകസംഘം വിളിപ്പിക്കുന്നത്. കവർച്ച നടന്ന ദിവസം അർധരാത്രി അനീഷ്‌കുമാർ ഉൾപ്പെടെ ബിജെപി നേതാക്കൾ തൃശൂർ നഗരത്തിലുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. അനീഷിന്റെ മൊഴി കേസ് അന്വേഷണത്തിൽ നിർണ്ണായകമാകും. ഹോട്ടലിൽ താമസിക്കാൻ ധർമ്മരാജനും സഹായിക്കും മുറി എടുത്തു നിൽകിയത് ബിജെപി ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നാണ്.
കവർച്ച നടന്ന ദിവസവും അടുത്തദിവസവുമായി ബിജെപി തലപ്പത്തുള്ള നേതാവും ധർമരാജും തമ്മിൽ പല തവണ ഫോണിൽ സംസാരിച്ചതായി പൊലീസിന് രേഖകൾ ലഭിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധർമരാജുമായി സംസാരിച്ചതെന്നാണ് സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശ് ഉൾപ്പെടെ മൊഴി നൽകിയത്. അന്വേഷണത്തിൽ ധർമരാജന് തെരഞ്ഞെടുപ്പിന്റെ ചുമതലകൾ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് നേതാക്കളുടെ മൊഴികൾ അന്വേഷകസംഘം തള്ളിയത്.
ഇത് ബിജെപിക്ക് വലിയ തിരിച്ചടിയാണ്. കൊടകര ദേശീയപാതയിൽ ക്രിമിനൽസംഘം തട്ടിയെടുത്ത മൂന്നരക്കോടി രൂപ കൊണ്ടുവന്നത് കോഴിക്കോട് സ്വദേശിയായ ധർമരാജനായിരുന്നു. നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ബിജെപി നേതാക്കളെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് അന്വേഷണ സംഘം സൂചന നൽകി.അതേസമയം, പൊലീസ് നിയമപരിധിക്കപ്പുറത്താണ് കാര്യങ്ങൾ അന്വേഷിക്കുന്നതെന്ന നിലപാടിലാണ് ബിജെപി. കവർച്ചക്കേസ് അന്വേഷിക്കേണ്ട പൊലീസ് പണത്തിന്റെ ഉറവിടവുമായി ബിജെപിയെ ബന്ധപ്പെടുത്താനാണു ശ്രമിക്കുന്നതെന്ന് നേതാക്കൾ ആരോപിക്കുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിലെ വിമർശനത്തിന്റെ പേരിൽ സഹപ്രവർത്തകനെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കേസ്. ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പു നൽകിയ പരാതിയിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരിക്കെതിരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തത്. ഫോണിലൂടെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനും അസഭ്യംവിളിച്ചതിനടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഫേസ്‌ബുക്ക് പോസ്റ്റിനെ തുടർന്ന് റിഷി പൽപ്പുവിനെ ബിജെപിയിൽനിന്ന് തിങ്കളാഴ്ച പുറത്താക്കി. ഇതേത്തുടർന്ന് ബിജെപിയിൽ ചേരിപ്പോരും രൂക്ഷമായി.
കുഴൽപ്പണക്കേസിലും കത്തിക്കുത്ത് കേസിലും നാണംകെട്ട ബിജെപി ജില്ലാകമ്മിറ്റി പിരിച്ചുവിടണമെന്നായിരുന്നനു റിഷിയുടെ പോസ്റ്റ്. കേസിൽ റിഷി പൽപ്പുവിനെയും കെ ആർ ഹരിയെയും വെസ്റ്റ് പൊലീസ് ചൊവ്വാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പൊഴും റിഷി പൽപ്പു പരാതിയിൽ ഉറച്ചുനിന്നു. കുഴൽപ്പണക്കടത്തിനെ വിമർശിച്ച വാടാനപ്പള്ളിയിലെ ബിജെപി പ്രവർത്തകൻ ഹിരണിനെ കഴിഞ്ഞ ദിവസം എതിർവിഭാഗം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. കേസിൽ നാലു ബിജെപിക്കാർ അറസ്റ്റിലായി.
മറുനാടന് മലയാളി ബ്യൂറോ