- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജാനു ചോദിച്ചത് 10 കോടിയും കേന്ദ്രമന്ത്രി സ്ഥാനവും; സുരേന്ദ്രൻ കൊടുത്തത് പത്ത് ലക്ഷമെന്ന് ആരോപണം; കുഴൽപ്പണമായി ബത്തേരിയിൽ പ്രചരണത്തിന് എത്തിയത് കാസർകോട് നിന്ന് ഒന്നരക്കോടിയും! ജാനുവിന് നൽകിയ പണം പോയത് നിരോധിത സംഘടനയ്ക്കെന്നും വെളിപ്പെടുത്തൽ; ബിജെപിയിൽ ഒറ്റപ്പെടുന്നത് സുരേന്ദ്രൻ; മുരളീധരനെ ശാസിച്ച് ആർ എസ് എസും
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഭിന്നത രൂക്ഷം. കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഒറ്റപ്പെടുത്താനാണ് നേതാക്കളുടെ ശ്രമം. പാർട്ടിയെ പ്രതിരോധിക്കാൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനല്ലാതെ കാര്യമായി ആരും രംഗത്തില്ല. കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എംടി.രമേശ്, ശോഭ സുരേന്ദ്രൻ, എ.എൻ.രാധാകൃഷ്ണൻ ഉൾപ്പെടെ മുതിർന്ന നേതാക്കളെല്ലാം മൗനത്തിലാണ്.
സി.കെ.ജാനുവിനു പണം കൊടുക്കേണ്ടി വന്നുവെന്ന ആരോപണം ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്. ഇടനിലക്കാരിയും കെ.സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റേതെന്നു കരുതുന്ന ശബ്ദരേഖ പ്രചരിച്ചതു പാർട്ടിയെ കൂടുതൽ നാണക്കേടിലാക്കി. ഇതിനിടെ എ ക്ലാസ് മണ്ഡലത്തിൽ പോലും അപ്രധാന സ്ഥാനാർത്ഥികളെ നിർത്തി പണം ചില നേതാക്കൾ കൈക്കലാക്കിയെന്നാണ് ആരോപണം. കേന്ദ്രനേതാക്കൾ ഇവിടെ തമ്പടിച്ചു പ്രവർത്തനം നടത്തിയിട്ടും ഇതെല്ലാം സംഭവിച്ചുവെന്നതാണ് വസ്തുത.
എൻഡിഎ സ്ഥാനാർത്ഥിയാകാൻ സി.കെ. ജാനു, സുരേന്ദ്രനിൽ നിന്നു 10 ലക്ഷം രൂപ കൈപ്പറ്റിയെന്നും ഇതു നിരോധിത സംഘടനകൾക്കാണു പോയതെന്നും ജാനുവിന്റെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത് ബിജെപിയെയാണ് വെട്ടിലാക്കിയത്. താൻ തന്നെയാണ് ഫോണിൽ സംസാരിച്ചതെന്നും പാർട്ടിയുടെ വാട്‌സാപ് ഗ്രൂപ്പുകളിൽനിന്നാണു സംഭാഷണം ചോർന്നതെന്നും പ്രസീത വ്യക്തമാക്കി. തുക കൈമാറുന്നതു നേരിട്ടു കണ്ടിട്ടില്ലെങ്കിലും അന്നേദിവസം ജാനു ഏതു ഹോട്ടലിലാണ് താമസിക്കുന്നതെന്ന് അന്വേഷിച്ചു സുരേന്ദ്രൻ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു.
''ജാനു കൈപ്പറ്റിയ പണം പോയതു നിരോധിത സംഘടനകൾക്കാണ്. മുൻപ് ജെആർപി ജാനുവിനെതിരെ ആരോപണമുന്നയിച്ചപ്പോൾ മറുപടിയുമായി മാവോയിസ്റ്റ് സംഘടനയുടെ വക്താവ് എത്തിയത് ഇതിനു തെളിവാണ്.'' പ്രസീത ആരോപിച്ചു. പാർട്ടിയെ മറയാക്കി പണം വാങ്ങുകയായിരുന്നു ജാനു. പ്രവർത്തനത്തിന് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയാണ്. തല പോയാലും താമര ചിഹ്നത്തിൽ മത്സരിക്കില്ലെന്നു പറഞ്ഞ ജാനു പണത്തിന് വേണ്ടിയാണ് വാക്കു മാറ്റിയതെന്നും ആരോപിച്ചു. ആരോപണങ്ങളെല്ലാം ജാനു നിഷേധിച്ചു. പണമിടപാട് സംബന്ധിച്ച ആരോപണത്തെക്കുറിച്ചും ഫോൺ സംഭാഷണത്തെക്കുറിച്ചും പ്രതികരിക്കാൻ സുരേന്ദ്രൻ തയാറായില്ല.
കൊടകര കുഴൽപ്പണ കേസിൽ പ്രതിരോധത്തിലായ ബിജെപിയെ കൂടുതൽ കുരുക്കിലാക്കുന്നതാണ് സി.കെ. ജാനുവുമായി ബന്ധപ്പെട്ട വിവാദവും. മാത്രമല്ല, സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് കുഴൽപ്പണമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വയനാട്ടിലേക്ക് ഒന്നേകാൽ കോടി രൂപ എത്തിയെന്നാണ് സൂചന. കാസർഗോഡ് നിന്നാണ് വയനാട്ടിലേക്ക് പണം എത്തിയതെന്നാണ് സൂചന.
അതിനിടെ കൊടകര കുഴൽപ്പണക്കേസിൽ ആർ.എസ്.എസിനെ വലിച്ചിഴയ്ക്കുന്നതിൽ നേതൃത്വത്തിനും് അതൃപ്തിയാണ്. രണ്ടുദിവസംമുമ്പ് ആർഎസ്എസ്. സംസ്ഥാന കാര്യാലയത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനെ വിളിച്ചുവരുത്തി നേതൃത്വം ഇക്കാര്യം അറിയിച്ചു. കുഴൽപ്പണക്കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ബിജെപി. സംഘടനാ സെക്രട്ടറി എൽ. ഗണേശിനെ ചോദ്യംചെയ്തത് ആർ.എസ്.എസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതിലേക്ക് കാര്യങ്ങൾ എത്തിയതിലുള്ള അതൃപ്തിയും അറിയിച്ചു.
കേസിലെ മുഖ്യപ്രതിയായ ഒരാളെ ആർ.എസ്.എസിന്റെ ആളായി ചിത്രീകരിക്കുന്നതിന് ബോധപൂർവമായ ശ്രമം നടന്നുവെന്ന ആക്ഷേപമാണ് പാർട്ടിയിൽനിന്ന് കേൾക്കുന്നത്. ബിജെപി.യിലെ പ്രശ്‌നങ്ങൾ സംഘപരിവാർ പ്രസ്ഥാനങ്ങൾക്കാകെ നാണക്കേടുണ്ടാക്കുന്നതായുള്ള ചർച്ചയും നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബിജെപി.യിലെ ഫണ്ട് വിനിയോഗം സംബന്ധിച്ച് ആർ.എസ്.എസിന്റെ പരിശോധന വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ