തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒന്നരമണിക്കൂർ നേരമാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേന്ദ്രനെ സ്വാഗതം ചെയ്യാൻ ബിജെപി പ്രവർത്തകർ കൂട്ടം ചേർന്നെത്തി. വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രന്റെ ആദ്യപ്രതികരണം. ഉത്തരവാദിത്വപ്പെട്ട പൊതുപ്രവർത്തകൻ എന്ന നിലയ്ക്കാണ് ഹാജരായതെന്നും കേസുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്നും സുരേന്ദ്രൻ ആവർത്തിച്ചു.

കുറേ കാര്യങ്ങൾ ചോദിച്ചു. എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു. അന്വേഷണം പ്രധാനമായും പരാതിക്കാരന്റെ കോൾ ലിസ്റ്റൽ ആരൊക്കെ വിളിച്ചു എന്നത് സംബന്ധിച്ചുമാണ്. അവരെയൊക്കെ അറിയാമോ എന്ന് ചോദിച്ചു. എനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു. അന്വേഷണത്തെക്കുറിച്ച് പൊലീസിന് തന്നെ വ്യക്തതയില്ല, വിചിത്രമായ അന്വേഷണമാണ് നടക്കുന്നത്. ഈ കേസിൽ ഒരു തരത്തിലും പാർട്ടിയെ ബന്ധിപ്പിക്കാനാവില്ലെന്ന് ഉറപ്പാണ്. ഒരു രാഷ്ട്രീയ നാടകമാണ് നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് രാഷ്ട്രീയ യജമാന്മാർ ചെയ്യിക്കുന്നതാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

പൊലീസ് എന്തൊക്കെയോ ചോദിച്ചുവെന്നും പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു. പലതരത്തിൽ പ്രതിക്കൂട്ടിലായ സ്വർണക്കടത്തിലും ഡോളർക്കടത്തിലും സ്ത്രീപീഡനത്തിലും പ്രതിക്കൂട്ടിലായ ഒരു സർക്കാർ ബിജെപിയെ അപമാനിക്കാൻ വേണ്ടി ചോദ്യം ചെയ്യൽ നാടകങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും ബിജെപി അധ്യക്ഷൻ എന്ന നിലയിലുമാണ് ഈ അന്വേഷണവുമായി സഹകരിക്കുന്നത്. കേസുമായി ഒരു ബന്ധവുമില്ലാത്ത ആളുകളെയാണ് വിളിച്ച് വരുത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കവർച്ചക്കേസിലെ പരാതിക്കാരനായ ധർമരാജനും കെ സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചു എന്ന നിഗമനത്തിലാണ് സുരേന്ദ്രനെ പൊലീസ് വിളിപ്പിച്ചത്. മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കവർന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് ധർമരാജൻ വിളിച്ചിരുന്നു. ഇതു കൂടാതെ കോന്നിയിൽ കെ സുരേന്ദ്രനും ധർമ്മരാജനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്.

നഷ്ടപ്പെട്ട കുഴൽപ്പണം ബിജെപിയുടേതാണെന്ന നിലപാടിലാണ് അന്വേഷണ സംഘം. നേരത്തെ ജൂലായ് 6 ന് ഹാജരാകാനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നതെങ്കിലും കെ സുരേന്ദ്രൻ കൂടുതൽ സമയം ചോദിച്ചു വാങ്ങുകയായിരുന്നു.