- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ പ്രൊഫൈലാണോ എന്നൊക്കെ അന്വേഷിക്കാൻ ആണല്ലോ സൈബർ സെല്ലും സൈബർ ഡോമുമൊക്കെ ഉള്ളത്? മുഖ്യമന്ത്രിയേ കുറിച്ച് പറയുന്നവരെ മാത്രമേ അറസ്റ്റ് ചെയ്യുകയുള്ളോ? മകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ
കോഴിക്കോട്: മകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തിൽ നേരിട്ട് പരാതി കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലുള്ള അജ്നാസ് തന്റെ വ്യാജ പ്രൊഫൈൽ നിർമ്മിച്ചാണ് വിമർശിച്ചതെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ വ്യാജപ്രൊഫൈൽ ആണോ എന്നൊക്കെ അന്വേഷിക്കാനാണല്ലോ സൈബർ സെല്ലും സൈബർ ഡോമുമൊക്കെയുള്ളത്? എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.
സംഭവത്തിൽ നേരിട്ട് പരാതി കൊടുത്തിട്ടില്ല. ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ വി കെ സജീവൻ ഇത് സംബന്ധിച്ച് ഒരു പരാതി നൽകിയിട്ടുണ്ട്. നോക്കാം നമുക്ക്. പ്രതിപക്ഷത്തിരിക്കുന്ന ആളുകളുടെ പരാതികൾക്കൊക്കെ കേരളത്തിൽ വെല്ല വിലയുണ്ടോയെന്നത് നമുക്ക് കാത്തിരുന്ന് കാണാം. മുഖ്യമന്ത്രിയേക്കുറിച്ച് പറയുന്നവരെ മാത്രമാണ് പിടിച്ച് അറസ്റ്റ് ചെയ്യുകയുള്ളോ? അതോ നമ്മളേപ്പോലുള്ള പാവപ്പെട്ടവർക്കും മക്കളും അവരേക്കുറിച്ചൊക്കെ പറയുന്നതിൽ പൊലീസിന് വെല്ലതുമുണ്ടോ എന്നത് ഒരാഴ്ച്ച കഴിയുമ്പോൾ പറയാം. ഇപ്പോൾ ഞാനതിനേക്കുറിച്ച് മുൻവിധിയോടെ ഒന്നും പറയുന്നില്ല. വ്യാജപ്രൊഫൈലാണോയെന്നൊക്കെ അന്വേഷിക്കാനാണല്ലോ സൈബർ സെല്ലും സൈബർ ഡോമുമൊക്കെയുള്ളത്?'- സുരേന്ദ്രൻ പറഞ്ഞു.
അതേസമയം സംഭവത്തിൽ ദോഹയിൽ ജോലി ചെയ്യുന്ന അജിനാസ് ആഷാസ് അജിനാസ് എന്നയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തതായി മേപ്പയ്യൂർ പൊലീസും വ്യക്തമാക്കി. പരാതി ലഭിച്ചയുടൻ തന്നെ കേസ് രജിസ്റ്റർ ചെയ്തെന്നും അജ്നാസിന്റെ വീട്ടിൽ അന്വേഷിച്ചു എത്തിയപ്പോൾ വിദേശത്താണെന്ന് അറിഞ്ഞു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.
ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച്, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ 'എന്റെ മകൾ, എന്റെ അഭിമാനം' എന്ന കുറിപ്പോടെയാണ് മകളുമൊത്തുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. അതിന് താഴെയാണ് തീർത്തും മോശം ഭാഷയിൽ കമന്റ്് പോസ്റ്റ് ചെയ്തത്. അജ്നാസ് അജ്നാസ് എന്നായിരുന്നു പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമന്റിട്ടത്. ഇതോടെയാണ് അജിനാസിതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് പൊലീസ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് നിലവിൽ കേസ്. കൂടുതൽ വകുപ്പുകൾ അന്വേഷണത്തിന് ശേഷം ചുമത്തുമെന്നും പൊലീസ് മറുനാടനോട് പറഞ്ഞു.
അതേ സമയം ഇന്ന് രാവിലെ അജ്നാസ് കെ സുരേന്ദ്രന്റെ മകൾക്കെതിരായ മോശം കമന്റ് സംബന്ധിച്ച സംഭവത്തിൽ വിശദീകരണവുമായി രംഗത്തു വന്നു. തന്റെ പേരിലുണ്ടാക്കിയ വ്യാജ വിലാസത്തിൽ നിന്നാണ് കമൻ് നൽകിയിട്ടുള്ളതെന്നും ഇക്കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും അജ്നാസ് വ്യക്തമാക്കി. ഇതിനുള്ള തെളിവുകൾ കൈവശമുണ്ട്. സംഭവത്തിൽ പിതാവ് ക്ഷമാപണം നടത്തിയ വാർത്ത തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ഖത്തർ പൊലീസിനും സൈബർ പൊലീസിനും ഇന്ത്യൻ എംബസിക്കും പരാതി നൽകുമെന്നും അജ്നാസ് പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പ്രൊഫൈലുകളിൽ ലൈക്ക് ചെയ്യുകയോ കമന്റ് ഇടുകയെ ചെയ്യാറില്ലെന്നും അജ്നാസ് പറഞ്ഞു. തന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ ഫെയ്സ് ബുക്ക് ഐഡിയിൽ നിന്നാണ് കമന്റ് വന്നത്, ഇതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും താൻ അറിയാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും അജ്നാസ് വ്യക്തമാക്കി.
അതേ സമയം സംഭവത്തിൽ രൂക്ഷവിമർശനവുമായി പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു. അസഭ്യം പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അവരെ വെറുതെ വിടാൻ ഉദേശിക്കുന്നില്ലെന്നുമായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. പിന്നാലെ അജിനാസിന്റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നൽകിയാണ് ബിജെപി പ്രവർത്തകർ മടങ്ങിയത്. 'ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാല്ലോ, അതിനുള്ള ആൾക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ടാവും.' എന്നായിരുന്നു ബിജെപി പ്രവർത്തകർ പറഞ്ഞത്. അജ്നാസിനെ തങ്ങൾ ഫോണിൽ ബന്ധപ്പെട്ടെന്നും അവൻ പറഞ്ഞത് താൻ അല്ല, അങ്ങനെയൊരു പരാമർശം നടത്തിയതെന്നാണ്. അവൻ അല്ലെങ്കിൽ കുഴപ്പമില്ല. ആണെങ്കിൽ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബിജെപിക്കാർ മുന്നറിയിപ്പായി പറഞ്ഞിരുന്നു.
ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലും അജ്നാസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിപ്രവർത്തകർ കമന്റ് പ്രവാഹങ്ങൾ നടത്തുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാന നേതാവിന്റെ മകൾക്കെതിരെ അശ്ലീലപരാമർശം നടത്തിയ അജ്നാസിനെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ