- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി സ്ഥാനാർത്ഥികളുടെ അപരന്മാർക്കെല്ലാം താമര ചിഹ്നത്തോട് സാമ്യമുള്ള ചിഹ്നം; സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ജനവിധി അട്ടിമറിക്കാനാണ് ശ്രമമെന്നും കെ സുരേന്ദ്രൻ; എൽഡിഎഫിന് പകരം യുഡിഎഫ് എന്ന അവസ്ഥക്ക് മാറ്റമുണ്ടാകുന്ന തെരഞ്ഞെടുപ്പെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ജനവിധി അട്ടിമറിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി സ്ഥാനാർത്ഥികളുടെ അപരന്മാർക്കെല്ലാം താമര ചിഹ്നത്തോട് സാമ്യമുള്ള ചിഹ്നമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് പകരം യുഡിഎഫ് എന്ന അവസ്ഥ ഈ തെരഞ്ഞെടുപ്പോടെ മാറുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സി.എ.ജി റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. സി.എ.ജി അഭിപ്രായം പറയുന്നതിൽ മുഖ്യമന്ത്രി ഉറഞ്ഞുതുള്ളുന്നത് കിഫ്ബിയിലെ അഴിമതി കണ്ടുപിടിക്കപ്പെടുമെന്നതിലെ വെപ്രാളം മൂലമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കരടിലില്ലാത്ത കാര്യങ്ങൾ സി.എ.ജി പറയുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എങ്ങനെയാണ് സി.എ.ജി റിപ്പോർട്ടിലെ കരട് മുഖ്യമന്ത്രി കണ്ടത്. നിയമസഭയിൽ വയ്ക്കും മുൻപ് റിപ്പോർട്ട് കണ്ടുവെങ്കിൽ മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. സർക്കാരിനെ പിരിച്ചുവിടാൻ ഇത് മതിയെന്നും സുരേന്ദ്രൻ പറഞ്ഞു.
കിഫ്ബിയുടെ മറവിൽ ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് പറയുന്ന സർക്കാരിന് സി.എ.ജി പരിശോധിക്കുന്നതിൽ എന്താണ് പ്രശ്നം. എല്ലാ അനുമതിയോടെയാണ് വായ്പയെന്ന് ധനമന്ത്രി പറയുന്നു. പിന്നെ എന്താണ് പ്രശ്നം. ഭരണഘടനയ്ക്ക് എതിരായി എന്തെങ്കിലും സി.എ.ജി ചെയ്യുമോ? അധികാരമില്ലാത്ത സ്ഥാലങ്ങളിൽ പരിശോധിക്കുമോ?
സി.എ.ജിയോടുള്ള പിണറായി വിജയന്റെ എതിർപ്പിന്റെ കാരണം എന്താണ്. കിഫ്ബി മാനദണ്ഡങ്ങൾ ലംഘിച്ചും മതിയായ അനുമതിയില്ലാതെയുമാണ് വിദേശത്തുനിന്ന വായ്പ എടുത്തത്. അത് നിയമവിരുദ്ധമാണ്. വായ്പയെ കുറിച്ച് സംശയം ഉയർന്നിരിക്കുകയാണ്. കുറഞ്ഞ പലിശയ്ക്ക് കിട്ടേണ്ട വായ്പ കൂടിയ പലിശയ്ക്ക് എടുത്തത് പിടിക്കപ്പെട്ടു.
തോമസ് ഐസക്കിന്റെ വിദേശ ബന്ധത്തെ കുറിച്ച് താൻ ആവർത്തിച്ചുപറഞ്ഞിട്ടും അദ്ദേഹം ഒരു നിയമനടപടിയും സ്വീകരിക്കുന്നില്ല. തോമസ് ഐസക്കിന്റെ മസാല ബോണ്ടും കിഫ്ബിയിലെ മറ്റ് ഇടപാടുകളും വ്യക്തിപരമായ സാമ്പത്തിക ലാഭം വച്ചുകൊണ്ടുള്ളതാണ്. കിഫ്ബിക്കെതിരെ ഒരു പരാതിയും പറയുന്നില്ല. കിഫ്ബി നടപ്പാക്കുന്ന വികസന പദ്ധതികളിൽ അഴിമതി നടക്കുന്നു. വായ്പകൾ എടുത്തതിൽ ക്രമക്കേട് നടന്നു.
മറ്റ് സംസ്ഥാനങ്ങൾക്കും ഇല്ലാത്ത അധികാരം കേരളത്തിനുണ്ടെന്ന് പിണറായി വിജയൻ കരുതരുത്. കിഫ്ബിക്ക് മറുപടി കൊടുക്കേണ്ടതിനു പകരം കേന്ദ്ര-സംസ്ഥാന തർക്കമായി മാറ്റി രാഷ്ട്രീയം കളിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് ഡെസ്ക്