ചരട് ജപിച്ച് നൽകിയ ശാന്തിക്കാരന് 20 രൂപ ദക്ഷിണ വാങ്ങിയ ശാനതിക്കാരനെ സസ്‌പെൻഡ് ചെയ്ത വിജിലൻസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ശബരിമല പോലെ വലിയ വലിയ ക്ഷേത്രങ്ങളിൽ വിജിലൻസിന്റെ അനുമതിയോടെ തന്നെ അഴിമതി നടക്കുമ്പോൾ ഒരു പാവപ്പെട്ട ശാന്തിക്കാരനെ സസ്‌പെൻഡ് ചെയ്ത നടപടിക്കെതിരെയാണ് കെ സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചത്.

പനങ്ങാട്ടുകര ദേവസ്വം കീഴേടം മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ സുരേഷ് എമ്പ്രാന്തിരിയെ ആണ് വിജിലൻസ് പിടികൂടിയത്. സുരേഷിനെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവും ഫേസ്‌ബുക്കിനൊപ്പം സുരേന്ദ്രൻ ചേർത്തിട്ടുണ്ട്.

കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ചരട് ജപിച്ചുനൽകിയതിന് 20 രൂപ ദക്ഷിണവാങ്ങിയ ശാന്തിക്കാരനെ വിജിലൻസ് പിടികൂടി സസ്പെൻഡ് ചെയ്തിരിക്കുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് വിജിലൻസാണ് ഈ ധീരകൃത്യം നടത്തിയിരിക്കുന്നത്. ഭയങ്കര അഴിമതിയാണ് വിജിലൻസ് കയ്യോടെ പിടികൂടിയിരിക്കുന്നത്. കേരളത്തിൽ നടക്കുന്ന ഏററവും വലിയ അഴിമതിക്കാണ് പിണറായി സർക്കാർ അന്ത്യം കുറിച്ചിരിക്കുന്നത്. സർക്കാരിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. നാണമുണ്ടോ വിജിലൻസുകാരെ നിങ്ങൾക്ക്.

ദർശനത്തിനുപോകുന്ന ഏതു ഭക്തനും പത്തോ ഇരുപതോ രൂപ ദക്ഷിണ കൊടുക്കും. ഇതാണോ ഇത്രവലിയ അഴിമതി? വലിയ വലിയ ക്ഷേത്രങ്ങളിൽ എന്തെല്ലാം വെട്ടിപ്പാണ് ദേവസ്വം ബോർഡുകൾ നടത്തുന്നത്. അതൊന്നും കണ്ടുപിടിക്കാൻ ഒരു വിജിലൻസുമില്ല. ശബരിമലയിലെ കൊള്ളക്ക് വിജിലൻസുകാർ തന്നെയാണ് നേതൃത്വം നൽകുന്നത്.

ബാർ കോഴയും മലബാർ സിമന്റ്സ് കേസ്സും പാററൂർ ഭൂമിക്കേസ്സും ഇ. പി. ജയരാജൻ കേസ്സും കെ. ബാബുവിന്റെ കേസ്സും എഴുതിത്ത്ത്ത്ത്തള്ളുന്ന നാണം കെട്ട വിജിലൻസാണ് ഇരുപതു ഉറുപ്പിക ദക്ഷിണ വാങ്ങിയ പാവം നമ്പൂതിരിയുടെ ജീവിതം വഴിയാധാരമാക്കിയിരിക്കുന്നത്. ഈ വിജിലൻസ് ഉദ്യോഗസ്ഥരയൊക്കെ ചൂലു മൂത്രത്തിൽ മുക്കി അടിക്കുകയാണ് വേണ്ടത്. കള്ളനു കഞ്ഞിവെക്കുന്ന വൃത്തികെട്ട വിജിലൻസാണ് കേരളത്തിലുള്ളത്.