തിരുവനന്തപുരം: കേരളത്തിലെ മൂന്നര കോടി ജനങ്ങൾക്ക് ഖുർആൻ വിതരണം ചെയ്താലും അതിനെ എതിർക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ വിശുദ്ധ ഖുർആന്റെ പേരിൽ കള്ളം പറയാൻ അനുവദിക്കില്ല. ഖുർആന്റെ പേരിൽ ജലീൽ സ്വർണം തന്നെയാണ് കടത്തിയത്. സ്വർണക്കടത്ത് കേസിലെ എല്ലാ പ്രതികളുമായും ജലീലിന് അടുത്ത ബന്ധമാണുള്ളത്. സ്വപ്ന ജലീലിന്റെ അടുത്ത സുഹൃത്താണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ജലീലിന്റെ പരസ്യമായ സഹോയത്തോടെയാണ് സ്വപ്ന സ്വർണക്കടത്ത് നടത്തിയത്. ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും വഖഫ് വകുപ്പിനേയും സ്വർണക്കടത്തിന് ജലീൽ ഉപയോഗിച്ചു. തന്നോട് എന്താണ് എൻഫോഴ്സ്മെന്റ് ചോദിച്ചതെന്ന് ജലീൽ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയും സിപിഎമ്മും എത്ര സംരക്ഷിക്കാൻ ശ്രമിച്ചാലും ജലീലിന് സ്വർണക്കടത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കണക്കാണ് സർക്കാർ സെക്രട്ടറിയേറ്റിൽ കത്തിച്ച് കളയാൻ ശ്രമിച്ചത്.

ജലീലിന്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്ന മുഖ്യമന്ത്രി പറയുന്നതെല്ലാം പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് അഡീഷണൽ സെക്രട്ടറിമാരെ ഇനിയും ചോദ്യം ചെയ്യാനുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വർണക്കടത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തത്. ഒരു പവന്റെ മാല ലോക്കറിൽ ആരും സൂക്ഷിക്കാറില്ല. ഒരു പവന്റെ മാലയ്ക്ക് എന്തിനാണ് നാല് ലോക്കറെന്ന് വ്യക്തമാക്കണം.

ഭീകരമായ കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. അത് വിളിച്ചു പറയുന്നവർ ഗൂഢാലോചന നടത്തുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലൈഫ് മിഷനെ അപമാനിച്ചത് പിണറായി വിജയനാണ്. നേരം വെളുക്കുവോളം ഈ സർക്കാർ കക്കുകയാണ്. കക്കുന്നതിനൊക്കെ ഒരു മര്യാദ വേണം. ആരോപണങ്ങളുടെയെല്ലാം കുന്തമുന തിരിയുന്നത് പിണറായി വിജയനിലേക്കാണ്. സ്വർണക്കടത്ത് വഴിയും അനുബന്ധ കള്ളക്കടത്ത് വഴിയും ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിച്ചിരിക്കുന്നത് മുഖ്യമന്ത്രിക്കും കുടുംബത്തിനുമാണ്.

ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സ്വന്തം തടി കാക്കാനുള്ള തത്രപാടിലാണ്. ജലീൽ രാജിവച്ചാൽ ജയരാജനും തനിക്കും രാജിവയ്ക്കേണ്ടി വരുമെന്ന് പിണറായിക്ക് നന്നായി അറിയാമെന്നും സുരേന്ദ്രൻ ആരോപിച്ചു.