- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിറ്റെക്സിനോട് പ്രതികാരം തീർക്കുന്നു; കേരളത്തിൽ നിന്നുള്ള പിന്മാറലിന് മുഖ്യമന്ത്രി മറുപടി പറയണം; കോവിഡ് മരണക്കണക്ക് മറച്ചുവച്ചാൽ നമ്പർവൺ ആകുമോ? മുഖ്യമന്ത്രിയുടെ മകൾ പോലും വ്യവസായം തുടങ്ങാൻ ബെംഗളൂരുവാണ് തിരഞ്ഞെടുത്തത്; സർക്കാറിനെ വിമർശിച്ചു കെ സുരേന്ദ്രൻ
കോഴിക്കോട്: കിറ്റക്‌സ് വിഷയത്തിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കിറ്റെക്സിന്റെ കേരളത്തിലെ പിൻവാങ്ങലിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ്. എല്ലാത്തിനും ഉത്തരവാദി സർക്കാരാണെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
വ്യവസായ മന്ത്രിക്ക് കിറ്റെക്സ് ഗ്രൂപ്പിനോട് പ്രതികാരമാണ്. ഇതിനുള്ള കാരണം എല്ലാവർക്കും അറിയാം. ഇരുപത്തിനാലാമത്തെ സ്ഥാനത്താണ് ഇന്ന് വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് മേനി പറയുന്ന കേരളം. പക്ഷെ മുഖ്യമന്ത്രിയുടെ മകൾ പോലും വ്യവസായം തുടങ്ങാൻ ബെംഗളൂരുവാണ് തിരഞ്ഞെടുത്തത്. സിപിഎമ്മിന് ഇഷ്ടമില്ലാത്തവരെയെല്ലാം നശിപ്പിക്കുകയെന്നാണ് ലക്ഷ്യം. അത് രാഷ്ട്രീയമായും വ്യവസായമായാലും സമാനമാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ സഹാനുഭൂതിയുള്ള നിലപാടെടുക്കുന്നതിന് പകരം രാഷ്ട്രീയം കളിക്കുകയാണ്. സിപിഎമ്മിന് ഇഷ്ടമില്ലാത്തവരെ എറിഞ്ഞോടിക്കുന്നു. കിറ്റെക്സ് വ്യവസായം കേരളത്തിൽ നിന്ന് പോകാനുള്ള നിലപാടിന് മുഖ്യമന്ത്രി ജനങ്ങളോട് ഉത്തരം പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇത് കിറ്റെക്സിന്റെ മാത്രം വിഷയമല്ല. പതിനായിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. കേരളത്തിന്റെ പ്രതിച്ഛായ തകർക്കുന്നത് സർക്കാരും പിണറായി വിജയനും തന്നെയാണെന്നും അതിന് ബിജെപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
നമ്പർവണ്ണിന് വേണ്ടിയുള്ള ഓട്ടത്തിനിടെ കോവിഡ് ബാധിച്ച് മരിച്ച ആയിരക്കണക്കിന് ആളുകൾക്കാണ് സഹായം നഷ്ടപ്പെടാൻ പോവുന്നത്. കോവിഡിന്റെ യഥാർഥ മരണക്കണക്ക് വേണമെന്ന് സർക്കാർ ഇപ്പോൾ ഡി.എം.ഒ മാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അപ്പോൾ ഇതുവരെയുള്ളത് കള്ളക്കണക്കായിരുന്നുവെന്നല്ലേ സത്യം. കോവിഡിനെ പിടിച്ച് കിട്ടിയെന്ന് പറയുന്നവർ എന്തിനാണ് കോവിഡ് മരണക്കണക്ക് മറച്ചുവെക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു.
കള്ളക്കണക്ക് കാണിച്ചതുകൊണ്ടോ കോവിഡ് മരണം മറച്ച് വെച്ചതുകൊണ്ടോ നമ്പർ വൺ ആകുമോ. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. ചീപ്പായ പബ്ലിസിറ്റിക്ക് വേണ്ടിയിട്ട് എന്തിനാണ് പാവങ്ങളെ ദ്രോഹിക്കുന്നത്. ഇതിനെല്ലാം മറുപടി പറയണം. ഇരുട്ട് കൊണ്ട് ഓട്ടയടക്കുകയാണ് സർക്കാരെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ