കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ എംവി ജയരാജനെയും പി. ജയരാജനെയും ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്തുകാരെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യുവമോർച്ച കണ്ണൂരിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ പോലെ കണ്ണൂർ വിമാനത്താവളത്തെയും സ്വർണക്കടത്തുകാർക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള കേന്ദ്രമാക്കി സിപിഎം മാറ്റി. കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിലാണ്. കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിൽ ഗൂഢാലോചനയുണ്ടെന്നും കൊള്ളമുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് കണ്ണൂരിലെ സിപിഎമ്മിലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

സ്വർണ കള്ളക്കടത്ത് ക്വട്ടേഷൻ സംഘം സിപിഎമ്മിന്റെ പോഷക സംഘടനയായി മാറിയിരിക്കുകയാണ്.വിമാന താവളങ്ങൾ കേന്ദ്രീകരിച്ചാണ് ഈ ക്വട്ടേഷൻ സംഘം പ്രവർത്തിക്കുന്നത്. ഇതിന് സിപിഎം നേതാക്കളാണ് ഒത്താശ ചെയ്യുന്നത്. ഇവർ സ്വർണ കള്ളക്കടത്ത് നടത്തുന്നതിലെ ഒരു വിഹിതം പാർട്ടിക്കുള്ളതാണെന്ന് വ്യക്തമായിരിക്കുകയാണ്. കൊള്ള മുതൽ പങ്കുവയ്ക്കുന്ന തർക്കമാണ് ഇപ്പോൾ സിപിഎമ്മിൽ നടക്കുന്നത്. പി. ജയരാജൻ നേതൃത്വം നൽകുന്ന പാർട്ടിയെ വെല്ലുവിളിക്കുന്ന ഗുണ്ടാസംഘവും എം.വി ജയരാജൻ നേതൃത്വം നൽകുന്ന സിപിഎം ഔദ്യോഗിക വിഭാഗവുമായാണ് ഇപ്പോൾ തർക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള തർക്കങ്ങളാണ് പുറത്തു വന്നിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ധർണ്ണ സമര പരിപാടിയിൽ യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ കൈതപ്രം അദ്ധ്യക്ഷത വഹിച്ചു . ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ,സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, നേതാക്കളായ ബിജു ഏളക്കുഴി, കെ.കെ വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ച. യുവമോർച്ച കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറിമാരായ അർജുൻ മാവിലക്കണ്ടി സ്വാഗതവും അഡ്വ കെ രഞ്ജിത്ത് നന്ദിയും പറഞ്ഞു.