കോഴിക്കോട്: രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് വേണ്ടിയാണ് ഭീകരവാദ സംഘങ്ങൾ കോഴിക്കോട് നഗരത്തിൽ ഏഴിലധികം സമാന്തര ടെലിഫോൺ എക്‌സ്‌ഞ്ചേജുകൾ പ്രവർത്തിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭീകരവാദ ശക്തികളുടെ പരസ്യ പിന്തുണയോടെയാണ് സ്വർണ്ണക്കടത്ത് സംഘം പ്രവർത്തിക്കുന്നത്. സമാന്തര ടെലിഫോൺ എക്‌സേഞ്ചിന് പിന്നിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള സ്വർണ്ണക്കടത്തുകാരാണെന്ന് തെളിഞ്ഞു സ്ഥിതിക്ക് ഇതിൽ സിപിഎം നേതാക്കളുടെ ബന്ധവും അന്വേഷിക്കണം.

രാജ്യദ്രോഹ സംഭവങ്ങളാണ് കോഴിക്കോട് നടന്നിരിക്കുന്നത്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചാണ് ടെലിഫോൺ എക്‌സേഞ്ച് പ്രവർത്തനം നടന്നിരുന്നത്. കേരള പൊലീസ് ഈ കാര്യങ്ങൾ കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ കൊണ്ടു വരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പുതുതായി ഉദ്ഘാടനം ചെയ്യുന്ന ബിജെപി കോഴിക്കോട് ജില്ലാ കാര്യാലയമായ മാരാർജി ഭവനിലെ ലൈബ്രറിയിലേക്കുള്ള ആദ്യ പുസ്തകം സാഹിത്യകാരൻ എം ടി.വാസുദേവൻ നായരിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ എം ടി.യുടെ വസതിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാപ്രസിഡന്റ് വി.കെ സജീവൻ, യുവമോർച്ചാ ജില്ലാ വൈസ്പ്രസിഡന്റ് നിപിൻകൃഷ്ണൻ എന്നിവരും പങ്കെടുത്തു.