തിരുവനന്തപുരം: രാജ്യം മുഴുവൻ കേരളത്തിലെ കോവിഡ് പ്രതിരോധത്തെ വിമർശിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കേരളത്തിലെ കോവിഡ് പ്രതിരോധത്തെ പുകഴ്‌ത്തിയെന്നു പറയുന്നത് പി.ആർ പ്രചാരണമാണ്.

സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിലെ വീഴ്ചയെ പരസ്യമായി വിമർശിക്കാൻ തയ്യാറായിരുന്നില്ല എന്നത് സത്യമാണ്. എന്നാൽ അതിനർത്ഥം പ്രശംസിച്ചു എന്നല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അശാസ്ത്രീയമായ നടപടികളിലൂടെയാണ് കേരളത്തിൽ കോവിഡ് പടരുന്നത്. രാജ്യത്തെ 55 ശതമാനം കോവിഡ് കേസുകളും കേരളത്തിലാണ്. കേരളത്തിന്റേത് മാതൃകാ പരമായ പ്രവർത്തനമാണെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. മൂന്നാംവരവിനെ നേരിടാനുള്ള മുന്നൊരുക്കത്തിന് കേരളത്തിന് സഹായം ചെയ്യാനാണ് അദ്ദേഹം വന്നത്. അതിനായി 267 കോടി രൂപയും അധികമായും നൽകി. നിയമസഭയിൽ 40 പേരുള്ള യു.ഡി.എഫ് സംസ്ഥാന സർക്കാരുമായി സന്ധി ചെയ്യുകയാണ്.

സഭയിൽ അംഗങ്ങളില്ലെങ്കിലും ജനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങൾ ഏറ്റവും ദോഷകരമായ ബാധിക്കാൻ പോകുന്നത് കേരളത്തെയാണ്. ഇത് ഭയപ്പെടുത്തുന്നത് കേരളത്തിലെ സമാധാനമാഗ്രഹിക്കുന്ന ജനതയെയാണ്. ഭീകരവാദം എങ്ങനെയാണ് മാനവരാശിയുടെ അന്തകനാകുന്നത് എന്നതിന്റെ നേർക്കാഴ്ചയാണ് അഫ്ഗാനിസ്ഥാനിൽ കാണുന്നത്.

കേരളത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും താലിബാൻ അനുകൂലികളാണ്. ടെലിവിഷൻ ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും താലിബാന് അനുകൂലമായി പ്രചാരണങ്ങൾ വരുന്നു.പരസ്യമായി നിലപാട് സ്വീകരിക്കാൻ കേരളത്തിൽ അനുവദിക്കുന്നത് അതിനനുകൂലമായ സാഹചര്യമൊരുക്കിയതുകൊണ്ടാണ്.

പണ്ട് സദ്ദാം ഹുസൈനനുകൂലമായി നിലപാട് സ്വീകരിച്ച സിപിഎമ്മാണ് ഇവിടെ ഭരിക്കുന്നത്. പുതിയ സംഭവ വികാസത്തിലും സിപിഎമ്മിന് അതേ നിലപാടാണ്. ചൈനയും പാക്കിസ്ഥാനും താലിബാന് പിന്തുണ നൽകുമ്പോൾ ഏറ്റവും വലിയ ഭീഷണി കേരളത്തിലെ സാധാരണക്കാരനാണ്. ചൈനയെയും പാക്കിസ്ഥാനെയും അനുകൂലിക്കുന്ന രാഷ്ട്രീയ ചിന്താഗതിയാണ് കേരളം ഭരിക്കുന്നവർക്ക്. താലിബാൻ തീവ്രവാദികളെ വീരപുരുഷന്മാരാക്കുന്ന രാഷ്ട്രീയ അടിമത്തമാണ് പല മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും വച്ചുപുലർത്തുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.