തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ തുടക്കത്തിൽ തന്നെ സഹജസ്വഭാവം കാണിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നരക തുല്യമായ നൂറുദിനങ്ങളാണ് കടന്നു പോയതെന്നും കൊവിഡിൽ കേരളത്തെ നമ്പർ വണ്ണാക്കി എന്നും അദ്ദേഹം പറഞ്ഞു.

'ഏതൊരു പുതിയ സർക്കാരും അതിന്റെ മധുവിധു കാലം എന്നറിയപ്പെടുന്ന ആദ്യനാളുകളിൽ വലിയ വിവാദങ്ങളില്ലാതെ ജനങ്ങൾക്ക് പ്രതീക്ഷ നൽകിയാണ് തുടക്കം കുറിക്കാറുള്ളത്. എന്നാൽ നിർഭാഗ്യവശാൽ രണ്ടാം പിണറായി സർക്കാർ തുടക്കത്തിൽ തന്നെ അതിന്റെ സഹജസ്വഭാവം കാണിച്ചു. കോടിക്കണക്കിന് രൂപയുടെ സംസ്ഥാനത്തെ സംരക്ഷിത വനങ്ങൾ ആദ്യ പിണറായി സർക്കാരിന്റെ അവസാന നാളുകളിൽ കൊള്ളയടിക്കപ്പെട്ടതിന്റെ വാർത്തകളോടെയാണ് രണ്ടാം പിണറായി സർക്കാർ തുടങ്ങിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി സിപിഎമ്മും- സിപിഐയും പണം സമാഹരിച്ചത് വനംകൊള്ള വഴിയാണെന്നറിഞ്ഞ് കേരളം ഞെട്ടി. റവന്യൂ-വനം വകുപ്പുകൾ പരസ്പരം പഴിചാരാൻ നോക്കിയെങ്കിലും അഴിമതിയിൽ രണ്ട് വകുപ്പുകളുടെയും പങ്ക് സുവ്യക്തമായി തെളിഞ്ഞു. ഇപ്പോൾ ഈ കേസിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്.'

'ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്ന തിരുവനന്തപുരം സ്വർണ്ണക്കടത്തിലെ പ്രധാന പ്രതികളുടെ മൊഴി പുറത്തു വന്നതോടെ ദിവസവും 6 മണിക്ക് നടത്താറുള്ള വാർത്താസമ്മേളനം വരെ മുഖ്യമന്ത്രിക്ക് ഉപേക്ഷിക്കേണ്ടി വന്നു. കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിദേശത്തേക്ക് ഡോളർ കടത്തിയതിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നാണ് കേസിലെ പ്രതി സരിത്ത് നൽകിയ മൊഴി. രാജ്യദ്രോഹ കേസിൽ ആദ്യമായി ഒരു മുഖ്യമന്ത്രി പ്രതിയാകുമോയെന്ന സംശയം മാത്രമേ ഇനിയുള്ളൂ. ലോകത്തുള്ള മുഴുവൻ മലയാളികൾക്കും പിണറായി വിജയൻ കാരണം നാണക്കേടുണ്ടായിരിക്കുകയാണ്.

സ്വർണ്ണക്കടത്ത് സംഘത്തിലും സിപിഎമ്മിന് പോഷക സംഘടനകളുണ്ടെന്ന് വീണ്ടും തെളിയിച്ച സംഭവമാണ് കരിപ്പൂർ സ്വർണ്ണക്കടത്ത്. സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള പാർട്ടി പ്രവർത്തകരാണ് സ്വർണ്ണക്കടത്ത് മാഫിയയെന്ന് കേരളം തിരിച്ചറിഞ്ഞു. കോഴിക്കോട് നഗരത്തിൽ സ്വർണ്ണക്കടത്ത് സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായത് ആഭ്യന്തര വകുപ്പിന്റെ പൂർണ്ണ പരാജയമാണ്.

രാജ്യം കൊവിഡിനെ പൊരുതി തോൽപ്പിക്കുമ്പോൾ കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് പിണറായി സർക്കാർ.
ഇന്നലെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസിന്റെ 68% വും കേരളത്തിലാണ്. ഇന്നലെ ഇരുന്നൂറ് മരണങ്ങളും 19 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റിയും റിപ്പോർട്ട് ചെയ്ത കേരളം ഇന്ത്യയ്ക്ക് അപമാനമാവുകയാണ്. കേരളത്തിൽ 31,445 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ വെറും 5,031 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള യുപിയിൽ വെറും 19 രോഗികൾ മാത്രം. ഇനിയും മലയാളികളെ കൊലയ്ക്ക് കൊടുക്കാതെ ശക്തമായ നടപടി കൈക്കൊള്ളാൻ മുഖ്യമന്ത്രി തയ്യാറാകണം.

അശാസ്ത്രീയമായ കോവിഡ് പ്രതിരോധവും ദേശീയ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനങ്ങളുമാണ് കേരളത്തെ വൻദുരന്തത്തിലേക്ക് തള്ളിവിട്ടത്. കേരളം നമ്പർ വൺ എന്ന പി.ആർ പ്രചരണത്തിന് വേണ്ടി കോടികൾ ചിലവഴിച്ച സംസ്ഥാന സർക്കാർ കേന്ദ്രം നൽകിയ വാക്‌സിൻ പോലും തങ്ങളുടെ ഇഷ്ടക്കാർക്കാണ് വിതരണം ചെയ്തത്. മുൻഗണനാക്രമങ്ങൾ തെറ്റിച്ച് ഭരിക്കുന്ന പാർട്ടിക്കാർ വാക്‌സിൻ എടുക്കുന്നത് നോക്കി നിൽക്കാനായിരുന്നു മലയാളികളുടെ യോഗം. വാക്‌സിൻ സൂക്ഷിക്കുന്നതിലുള്ള കാര്യക്ഷമത ഇല്ലായ്മ ആരോഗ്യമന്ത്രിയുടെ ജില്ലയിൽ തിരിച്ചടിയായി. വാക്‌സിൻ സ്വീകരിച്ച 20,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കേരളത്തെ നാണം കെടുത്തി. കൊവിഡിലെ മരണനിരക്ക് കുറയ്ക്കാനുള്ള ഇടതുസർക്കാരിന്റെ ദുരഭിമാനം രോഗം ബാധിച്ച് മരിച്ചവർക്ക് കേന്ദ്ര സർക്കാർ നൽകുന്ന നഷ്ടപരിഹാര നഷ്ടപ്പെടുത്താൻ ഇടയാക്കി.

തിരുവനന്തപുരം നഗരസഭയിലെ എസ്.സി ഫണ്ട് തട്ടിപ്പ് സർക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമാക്കുന്നതാണ്. പാവപ്പെട്ട പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് ലഭിക്കേണ്ട ഫണ്ട് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് സ്വന്തം അച്ഛന്റെയും അമ്മയുടേയും അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാന വ്യാപകമായി പട്ടികജാതി ഫണ്ടിൽ ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്നതാവട്ടെ സിപിഎം നേതാക്കളുമാണ്.

വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുള്ള സംഭവങ്ങൾ സിപിഎമ്മിന്റെയും സർക്കാരിന്റെയും സ്ത്രീവിരുദ്ധതയുടെ ഉദ്ദാഹരണങ്ങളാണ്. രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും പട്ടികജാതിക്കാർക്കുമെതിരെ ഏറ്റവും കൂടുതൽ അതിക്രമം നടക്കുന്ന സംസ്ഥാനമായി ഇടതുപക്ഷം കേരളത്തെ മാറ്റി. ദളിത് പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുമ്പോൾ സർക്കാർ വേട്ടക്കാർക്ക് ചൂട്ടുപിടിച്ചു. കെട്ടകാലത്ത് സ്ത്രീകൾക്ക് താങ്ങാവേണ്ട വനിതാ കമ്മീഷൻ ചെയർമാന് സ്ത്രീവിരുദ്ധ സമീപനത്തിന്റെ പേരിൽ നാണംകെട്ട് ഇറങ്ങി പോവേണ്ടിവന്നു. കുണ്ടറയിൽ ഭരണകക്ഷിയിലെ ഒരു നേതാവിന്റെ പീഡനകേസ് ഒതുക്കാൻ വനംമന്ത്രി എകെ ശശീന്ദ്രൻ രംഗത്ത് വന്നത് കേരളം ഞെട്ടലോടെയാണ് കണ്ടത്. മന്ത്രിക്കെതിരെ ഇരയായ പെൺകുട്ടി പരാതി നൽകിയിട്ടും കേരള പൊലീസും മുഖ്യമന്ത്രിയും അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു.

നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിചാരണ നേരിടണമെന്ന സുപ്രീംകോടതിവിധി സർക്കാരിന് കനത്ത തിരിച്ചടിയായി. പൊതുഖജനാവിന് നഷ്ടമുണ്ടാക്കി നിയമസഭയിൽ അഴിഞ്ഞാടിയ മന്ത്രിക്ക് വേണ്ടി സുപ്രീംകോടതിയിൽ പോയ സർക്കാർ അക്ഷരാർത്ഥത്തിൽ തുണിയുരിയപ്പെട്ട അവസ്ഥയിലായി. ഇത്രയും ആഭാസം കാണിച്ച വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കാനായി മുഖ്യമന്ത്രി വീണ്ടും ചെറുതായി. ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായി സർക്കാർ കൊണ്ടുവന്ന ജുഡീഷ്യൽ കമ്മീഷനെ ഹൈക്കോടതി സ്റ്റേ ചെയ്തത് പിണറായി സർക്കാരിന് മുഖത്തേറ്റ പ്രഹരമാണ്.

രാജ്യത്തെ ഭരണഘടനയേയും ജനാധിപത്യത്തെയും മാനിക്കാതെ മുമ്പോട്ട് പോകാനുള്ള പിണറായിയുടെ ദുരാഗ്രഹത്തിനാണ് ഹൈക്കോടതി തടയിട്ടത്. രണ്ടാം യുപിഎ സർക്കാരിന് സമാനമായ രീതിയിലാണ് രണ്ടാം പിണറായി സർക്കാരും സഞ്ചരിക്കുന്നത്. കഴിഞ്ഞ തവണ മൂടിവെച്ച അഴിമതികളും പുതിയ പുതിയ അഴിമതികളും ഓരോ ദിവസവും തെളിഞ്ഞു തെളിഞ്ഞു വരികയാണ്. ഐഎസ് റിക്രൂട്ട്‌മെന്റും തീവ്രവാദ സ്ലീപ്പർ സെല്ലുകളും കേരളത്തിൽ ശക്തമാണെന്ന മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വാക്കുകൾ മലയാളികളെ ആശങ്കപ്പെടുത്തുന്നതാണ്. കേരള യൂണിവേഴ്സിറ്റിയിലേക്ക് തീവ്രവാദ സാന്നിധ്യമുള്ള ചില രാജ്യങ്ങളിൽ നിന്നും വന്ന അപേക്ഷകളുടെ ബാഹുല്ല്യം അന്വേഷിക്കേണ്ടതാണ്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സമാന്തര ടെലിഫോൺ എക്‌സേഞ്ചിന് പിന്നിലെ തീവ്രവാദ- സ്വർണ്ണക്കടത്ത് സഖ്യം ഭയപ്പെടുത്തുന്നതാണ്. സംസ്ഥാനം ഭീകരവാദികളുടെ താവളമാക്കി മാറ്റുകയാണ് പിണറായി സർക്കാരെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.