- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിയെ പിടികൂടിയിരിക്കുന്നത് കിങ് ജോംഗ് ഉന്നിന്റെ പ്രേതം; സ്വന്തം മകളുടെ വിവാഹത്തിന് എല്ലാ പ്രോട്ടോക്കോളും ലംഘിച്ചിട്ടാണ് സമരം ചെയ്യുന്നവർ കോവിഡ് പരത്തുന്നു എന്ന് പിണറായി പറയുന്നത്; ഖുറാന്റെ പേരിൽ വർഗ്ഗീയത പറഞ്ഞ് കള്ളക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാനാണ് മന്ത്രി ജലീലും സിപിഎമ്മും നടത്തുന്നത്; ഒരുഏജൻസിയും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഖുറാന്റെ പേരിൽ വികാരമുണ്ടാക്കി വർഗ്ഗീയത വളർത്തി കള്ളക്കടത്ത്, രാജ്യദ്രോഹക്കേസിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണ് മന്ത്രി കെ.ടി.ജലീലും സിപിഎമ്മും നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മതത്തിന്റെ പേരിൽ രക്തസാക്ഷി പരിവേഷം നേടാനാണ് ജലീലിന്റെ നീക്കം. ഖുറാന്റെ മറവിൽ ഇരവാദത്തിനുള്ള നീക്കം വിലപ്പോവില്ല. വിഷയത്തെ വർഗീയവൽക്കരിക്കാനുള്ള അപഹാസ്യമായ ശ്രമമാണ് സിപിഎം നടത്തുന്നതെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ഖുറാൻ അവഹേളനമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഎം വർഗീയത പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നു എന്നതിന് തെളിവാണ്.
വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി കള്ളക്കടത്ത് നടത്തിയ ജലീലാണ് ഖുറാനെ അവഹേളിച്ചത്. ഖുറാൻ വിതരണം വഖഫ് ബോർഡിന്റെ പേരിൽ പരസ്യമായി ചെയ്യാമായിരുന്നു. വിശുദ്ധ ഗ്രന്ഥത്തെ മറയാക്കിയുള്ള കള്ളക്കടത്തിനെ വിശ്വാസി സമൂഹം അംഗീകരിക്കില്ല. ഖുറാനെ മാത്രമല്ല ഈത്തപ്പഴത്തെയും വർഗ്ഗീയ വത്കരിക്കുന്നു. കോടിയേരിയുടെ ലേഖനത്തിൽ മതത്തിന്റെ പ്രതീകമാക്കി ജലീലിനെ മുന്നിൽ നിർത്തി ഖുറാന്റെ മേമ്പൊടി ചേർത്ത് വർഗ്ഗീയമാക്കുന്നു. സിപിഎമ്മിന് ഗൂഢ ഉദ്ദേശ്യമാണിതിന് പിന്നിൽ. ഖുറാന്റെ വിശുദ്ധി കളഞ്ഞവരെ വിശ്വാസികൾ അംഗീകരിക്കില്ലന്നും സുരേന്ദ്രൻ പറഞ്ഞു.
അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് മറച്ചുവച്ച ശേഷം ഇരവാദമുയർത്തുന്നത് പരിഹാസ്യമാണ്. സാക്ഷിയായി വിളിപ്പിച്ചു എന്നാണ് ജലീൽ പ്രചരിപ്പിക്കുന്നത്. കേസിന്റെ നടപടി ക്രമങ്ങൾ അറിയുന്നവർക്ക് ഇതേ കുറിച്ച് ധാരണയുണ്ട്. ഏതൊക്കെ വകുപ്പുകളിലാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമായി രേഖപ്പെടുത്തിയാണ് നോട്ടീസ് നൽകിയത്. ചട്ടലംഘന കേസിലായിരുന്നില്ല ചോദ്യം ചെയ്യൽ. തീവ്രവാദം, ഭീകരവാദത്തിന് ധനസമാഹരണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് ചോദ്യം ചെയ്യൽ. ഒരു ഏജൻസിയും ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. ജലീൽ പറയുന്നതെല്ലാം കള്ളത്തരമാണ്. ഇ ഡി ചോദ്യം ചെയ്തിട്ടില്ലന്ന് ആദ്യം തന്നെ പറഞ്ഞു. ഏതൊക്കെ വകുപ്പിലാണ് ചോദ്യം ചെയ്തതെന്ന് ജലീൽ തുറന്നു പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പിണറായിയെ പിടികൂടിയിരിക്കുന്നത് കിങ് ജോംഗ് ഉന്നിന്റെ പ്രേതം: സുരേന്ദ്രൻ
തിരുവനന്തപുരം: സമരങ്ങളെയും അഭിപ്രായം പറയുന്നവരെയും അടിച്ചമർത്താനുള്ള പിണറായി വിജയന്റെ നീക്കം കേരളത്തിൽ വിലപ്പോവില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊറിയൻ ഏകാധിപതി കിങ് ജോംഗ് ഉന്നിന്റെ പ്രേതമാണ് പിണറായിയിൽ കൂടിയിരിക്കുന്നത്. മാധ്യമങ്ങളെ പോലും ഭീഷണിപ്പെടുത്തുകയാണ് പിണറായി. വ്യാജവാർത്തയുടെ പേര് പറഞ്ഞ് മാധ്യമ നിയന്ത്രണത്തിനാണ് ശ്രമം. വ്യാജ വാർത്തകളെ നിയന്ത്രിക്കാൻ ദേശാഭിമാനിക്കും കൈരളിക്കും എതിരായാണ് കേസെടുക്കേണ്ടത്. സർക്കാറിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമർത്തി രക്ഷപ്പെടാമെന്നതും വ്യാമോഹമാണ്.
സമരം ചെയ്യുന്നവർ കോവിഡ് പരത്തുന്നു എന്നാണ് പിണറായി പറയുന്നത്. സ്വന്തം മകളുടെ വിവാഹത്തിന് എല്ലാ പ്രോട്ടോക്കോളും ലംഘിച്ചു. വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതക വിലാപയാത്രയിൽ മന്ത്രി എ കെ. ബാലന്റെ ഒപ്പം അയ്യായിരത്തിലധികം പേരാണ് പങ്കെടുത്തത്. മന്ത്രി ബാലനെതിരെയാണ് കേസെടുക്കേണ്ടത്. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും വായ മൂടിക്കെട്ടി അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കാനാണ് നീക്കം.
കിഫ് ബി യുടെ പേരിൽ സംസ്ഥാനത്ത് നടക്കുന്നത് വലിയ അഴിമതിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. കിഫ് ബി അഴിമതി കേന്ദ്രം അന്വേഷിക്കാൻ തുടങ്ങുമ്പോൾ പുതിയ തന്ത്രവുമായി വരികയാണ് സർക്കാർ. പത്രങ്ങൾക്ക് പരസ്യം നൽകിയാൽ അഴിമതി പുറത്തു വരുന്നതിൽ നിന്ന് രക്ഷപ്പെടില്ല.
യു ഡി എഫിന്റെ സമരത്തിന് ആത്മാർത്ഥതയില്ല. സി പി എമ്മുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ ഒത്തു തീർപ്പ് സമരമാണ് നടത്തി വരുന്നത്. ആദ്യം സി ബി ഐ അന്വേഷണം കൂടി ആവശ്യപ്പെട്ടവർ ഇപ്പോൾ ജൂഡീഷ്യൽ അന്വേഷണം മതിയെന്ന് പറയുന്നത് സമരത്തിൽ വെള്ളം ചേർത്ത് ധാരണയുണ്ടാക്കിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ