പാലക്കാട്: പാലക്കാട്ട് കൊല്ലപ്പെട്ടത് ഒരു കേസിലും പ്രതിയാകാത്ത ആർഎസ്എസ് പ്രവർത്തകനാണെന്നും ആ സമയത്ത് കേരളാ പൊലീസ് എന്തെടുക്കുകയായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട്ടെ ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

കൊലപാതകത്തിൽ പൊലീസ് വീഴ്‌ച്ച വ്യക്തമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. മേലാമുറി വർഗീയ സംഘർഷമുണ്ടായ സ്ഥലമാണെന്നും അവിടെ പൊലീസ് പിക്കറ്റ് ഏർപ്പെടുത്താനോ തയാറാകാത്തതാണ് പ്രശ്നത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാറും പൊലീസും തീവ്രവാദ സംഘങ്ങൾക്ക് കൊലപാതകം നടത്താൻ ഒത്താശ നൽകുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇത്തരം സംഭവങ്ങളിൽ ഇടപെടേണ്ട രീതി മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനും അറിയില്ലെങ്കിൽ കേന്ദ്രസർക്കാർ ഇടപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മതഭീകരവാദ സംഘടനകളെ സംസ്ഥാന സർക്കാർ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ആർഎസ്എസ്സും പോപ്പുലർ ഫ്രണ്ടും ഒരു പോലെയാണെന്ന് വരുത്തി തീർക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും എന്നാൽ അവർ ജനാധിപത്യത്തെ മാനിക്കാത്ത ഭീകരവാദ സംഘടനയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. അവരോടാണോ ചർച്ച നടത്തേണ്ടതെന്നും എന്തുകൊണ്ടാണ് ഇവരെ നിരോധിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇതിന് മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട്ടുണ്ടായത് ആലപ്പുഴയിലേതിന് സമാനമായ സംഭവമാമെണന്നും പൊലീസിന് കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നുവെങ്കിലും ഒരു ജാഗ്രതയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊടും ക്രിമിനലുകൾ ആയുധവുമായി റോന്ത് ചുറ്റുന്നുവെന്ന് അറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് കൊലപാതക പരമ്പരകൾക്ക് കാരണമെന്നും സുരേന്ദ്രൻ വിമർശിച്ചു.

നേരത്തെ കോൺഗ്രസ് നേതാക്കളും കൊലപാതകത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി രംഗത്തുവന്നിരുന്നു. 24 മണിക്കൂറിനുള്ളിൽ പാലക്കാട് വീണ്ടും അരുംകൊല നടന്നതോടെ ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും രൂക്ഷമായി കടന്നാക്രമിക്കുയകാണ് കോൺഗ്രസ് നേതാക്കൾ. ഒന്നും ചെയ്യാൻ കഴിയാത്ത പൊലീസ് എന്നാണ് ഷാഫി പറമ്പിൽ വിമർശിച്ചത്. വാഴയുടെ ചിത്രം പങ്കിട്ടാണ് ടി.സിദ്ദിഖ് എംഎൽഎയുടെ പ്രതികരണം. മുൻപ് ആവശ്യം വന്നപ്പോൾ അടച്ചിട്ട മുറിയിൽ സർക്കാർ നടത്തിയ ഒത്തുതീർപ്പ് ചർച്ചകളെയും ഷാഫി എടുത്ത് പറയുന്നു.

'കൊല്ലാൻ തീരുമാനിച്ച് ആളും ആയുധവും നൽകി അയക്കുകയാണ്. ഈ കൊലപാതകങ്ങൾ എല്ലാം നേതൃത്വം അറിഞ്ഞ് െകാണ്ട് തന്നെയാണ്. സമാധാനത്തോടെ ജനങ്ങൾ കഴിയുന്ന പാലക്കാട് വേർതിരിവ് ഉണ്ടാക്കി മത സംഘർഷമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. കൊന്നവനെ മാത്രമല്ല െകാല്ലിക്കുന്നവനെയും പിടിക്കാതെ നാട്ടിൽ സമാധാനം ഉണ്ടാവില്ല.' ഷാഫി പറമ്പിൽ പറഞ്ഞു.

എസ്ഡിപിഐ നേതാവ് വെട്ടേറ്റു കൊല്ലപ്പെട്ട പാലക്കാട് ജില്ലയിൽ തൊട്ടുപിന്നാലെയാണ് വീണ്ടും ആക്രമണം. നഗരത്തിലെ മേലാമുറിയിലാണ് ആർഎസ്എസ് നേതാവ് വെട്ടേറ്റു മരിച്ചത്. മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മേലാമുറിയിലെ കടയിൽ കയറിയാണ് മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘം ശ്രീനിവാസനെ വെട്ടിയത്. വാൾ ഉപയോഗിച്ചാണ് വെട്ടിയതെന്ന് ദൃക്സാക്ഷി പറഞ്ഞു.

അതേസമയം എസ്.ഡി.പി.ഐ കൃത്യമായ ഗൂഢാലോചനയോടെ നടത്തിയ കൊലപാതകമാണ് പാലക്കാട്ടെ ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റേതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ ആരോപിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് വളരെ ഗുരുതരമായ വീഴ്ചയാണ് സംഭവത്തിൽ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണം ഉണ്ടാകുമെന്ന വിവരം ഉണ്ടായിട്ടും സുരക്ഷയൊരുക്കാതെ പൊലീസ്, ആർ.എസ്.എസ് - ബിജെപി നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തി നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആയിരക്കണക്കിന് പൊലീസുകാരെ പാലക്കാട് ജില്ലയിൽ അണിനിരത്തിയിട്ടുണ്ട് എന്നാണ് ഉന്നത പൊലീസുകാർ പറയുന്നത്. എന്നാൽ പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്താണ് കൊലപാതകം നടന്നത്. പൊലീസ് വെറും കാഴ്ചക്കാരായി മാറുകയായിരുന്നുവെന്ന് കൃഷ്ണകുമാർ പറഞ്ഞു.

അതേസമയം എസ്ഡിപിഐ നേതാവും ആർഎസ്എസ് നേതാവും രണ്ടു ദിവസത്തിനിടെ കൊല്ലപ്പെട്ട പാലക്കാട്ടേക്ക് കൂടുതൽ പൊലീസ്. എറണാകുളം റൂറലിൽ നിന്ന് ഒരു ബറ്റാലിയൻ പാലക്കാട്ടേക്ക് തിരിച്ചു. കെഎപി - 1 ബറ്റാലിയനാണ് പാലക്കാട്ടേക്ക് പോകുന്നത്. മൂന്ന് കമ്പനി സേന ഉടൻ പാലക്കാട് എത്തും. 300 പൊലീസുകാരാണ് സംഘത്തിലുണ്ടാകുക. ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിൽ സുരക്ഷ വിപുലീകരിക്കാനാണ് തീരുമാനം. ഇന്ന് വൈകീട്ടോടെ ഇദ്ദേഹം പാലക്കാടെത്തും. ഡിജിപി അനിൽ കാന്ത് ഇദ്ദേഹത്തിന് നിർദേശങ്ങൾ നൽകിയിരുന്നു. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. എസ്ഡിപിഐ, ആർഎസ്എസ് നേതാക്കൾക്ക് സംരക്ഷണം നൽകും. ജില്ലകളിൽ സുരക്ഷാ പരിശോധന കർശനമാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ ഇന്ന് ഉച്ചക്ക് വെട്ടിക്കൊന്നിരുന്നു. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള കടയിൽ കയറി വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് ബിജെപി ആരോപിച്ചു. ബൈക്കിലെത്തിയ സംഘമാണ് ശ്രീനിവാസനെ വെട്ടിയത്.