- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേന്ദ്ര സർക്കാരായാലും സംസ്ഥാന സർക്കാരായാലും അടിയന്തരമായി നികുതി കുറക്കണം'; പെട്രോൾ വിലവർധനവിൽ പ്രതിഷേധവുമായി ബിഎംഎസിന്റെ സെക്രട്ടറിയേറ്റ് മാർച്ച്; പ്രതിഷേധം കേന്ദ്രത്തിന് നേരെ തിരിയുമ്പോൾ സംസ്ഥാന സർക്കാറിനെ പഴിച്ച് ബിജെപി; മനസാക്ഷിയുണ്ടെങ്കിൽ പിണറായി പെട്രോളിന് 10 രൂപ കുറക്കണമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പെട്രോൾ വിലവർധനലിൽ പ്രതിഷേഥം ഇരമ്പുകയാണ്. ബിജെപി അനുകൂല സംഘടനകൾ പോലും ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിനെതിരെ തിരിഞ്ഞു കഴിഞ്ഞു. കേന്ദ്രവും കേരളവും പെട്രോൾ വില കുറയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ബിഎംഎസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ചു സംഘടിപ്പിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാറിനെ പഴിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തുവന്നു.
പെട്രോൾ, ഡീസൽ വില വർധനവിനെ തുടർന്ന് സാധാരണക്കാർ ആശ്രയിക്കുന്ന ഓട്ടോറിക്ഷ, ടാക്സി, ബസ് എന്നിവ നിരത്തിൽ ഇറക്കാൻ സാധിക്കുന്നില്ലെന്നും കേന്ദ്ര സർക്കാരായാലും സംസ്ഥാന സർക്കാരായാലും അടിയന്തരമായി നികുതി കുറക്കണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു. പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കണ്ണ് തുറപ്പിക്കാനാണ് തങ്ങളുടെ സമരമെന്നും മാർച്ചിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ മോട്ടോർ തൊഴിലാളികൾക്ക് പെട്രോൾ. ഡീസൽ എന്നിവ സബ്സിഡി നിരക്കിൽ നൽകണമെന്നും ബി.എം.എസ് ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് മനസാക്ഷിയുണ്ടെങ്കിൽ പിണറായി വിജയൻ പെട്രോളിന് 10 രൂപ കുറക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടത്. പെട്രോളിനേയും ഡീസലിനേയും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെ കേരളം അനുകൂലിക്കുമോയെന്നും സുരേന്ദ്രൻ ചോദിച്ചു. ഒരു ലിറ്റർ പെട്രോളിന്റെ നികുതിയിൽ നിന്നും ലഭിക്കുന്ന 40 ശതമാനവും സംസ്ഥാന സർക്കാരിനാണ് ലഭിക്കുന്നത്, ഇത്തരത്തിൽ കാശ് വാങ്ങി ജനങ്ങളെ കൊള്ളയടിക്കുകയാണ് സർക്കാരെന്ന് സുരേന്ദ്രൻ പറഞ്ഞു. മനസാക്ഷിയുണ്ടെങ്കിൽ പിണറായിവിജയൻ നികുതിയിനത്തിൽ പത്ത് രൂപ കുറക്കണമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
കെ സുരേന്ദ്രന്റെ പ്രതികരണം;
'ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. എന്താ മിണ്ടാത്തത്. ഡോക്ടറോട് ചോദിക്ക്. സാമ്പത്തിക വിദഗ്ധനോട ചോദിക്ക്. പൊട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ തയ്യാറുണ്ടോ? 17 രൂപയാണ് ഇപ്പോൾ ഒരു ലിറ്റർ പെട്രോളിന്റെ ടാക്സ്. അതിൽ 42 % സംസ്ഥാനത്തിന് തിരിച്ചുകൊടുക്കുന്നതാണ്. 14, 15 ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർധിപ്പിച്ചിരിക്കുകയാണ്. 17 ൽ 42 എന്ന് പറയുമ്പോൾ കേന്ദ്രത്തിന് എത്രയാണ് കിട്ടുന്നത്. മനസാക്ഷിയുണ്ടെങ്കിൽ പിണറായി വിജയൻ 10 രൂപ നികുതി കുറക്കണം.
സബ്സിഡിയിൽ ഗ്യാസ് ഉപയോഗിക്കുന്നവർക്ക് വിലവർധനവ് ഉണ്ടായിട്ടില്ല. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയാണ് വർധിച്ചത്. ആ കാര്യത്തിലും കേന്ദ്രത്തിന്റെ നികുതി സംസ്ഥാനത്തിന് നൽകുന്നുണ്ട്. സ്റ്റേറ്റിന് ഒരു ചെലവും ഇല്ല. പെട്രോൾ അടിക്കാ... കാശ് വാങ്ങാ. ഡീസൽ അടിക്കാ കാശ് വാങ്ങാ.. അങ്ങനെ കാശ് വാങ്ങി കാശ് വാങ്ങി കൊള്ളയടിക്കുകയാണ്. പത്ത് രൂപ കുറക്കണം സർ പിണറായി.
ബിജെപി ഗോവയിലും ഗുജറാത്തിലുമെല്ലാം കുറച്ചിട്ടുണ്ട്. രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ. അവിടെ ഞങ്ങളില്ല.' എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. രാജ്യത്ത് തുടർച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധനവില ഉയരുന്നത്. ഇന്ന് മാത്രം പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് കൂടിയത്. കുതിച്ചുയരുന്ന ഇന്ധനവിലയുടെ പ്രത്യാഘാതമെന്നോളം അവശ്യസാധനങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്.
രാജ്യത്ത് ഇന്നും പെട്രോൾ-ഡീസൽ വില ഉയർന്നിരുന്നു. പെട്രോളിനും ഡീസലിനും 39 പൈസയാണ് കൂട്ടിയത്.പെട്രോൾ വില 90 കടന്ന് കുതിച്ചതോടെ വലിയ പ്രതിഷേധമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിനെതിരെ ഉയർന്നത്. മുമ്പ് യു.പി.എ ഭരണകാലത്ത് പെട്രോൾ വില വർധനവിനെതിരെ സമരം നടത്തിയ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ നിലപാടിനെതിരെയും വിമർശനമുയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ