- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഏജൻസികളുടെ അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിച്ചാൽ ഗുരുതര പ്രത്യാഘാതം; അന്വേഷണം തന്റെ കുടുംബത്തിലേക്ക് വരുന്നതുകൊണ്ടാണ് പിണറായി അസ്വസ്ഥനാകുന്നത്; മന്മോഹൻസിങ് അല്ല രാജ്യം ഭരിക്കുന്നതെന്ന് പിണറായി മനസിലാക്കണമെന്നും കെ.സുരേന്ദ്രൻ
കോട്ടയം: ദേശീയ ഏജൻസികളുടെ അന്വേഷണത്തെ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രഏജൻസികളുടെ അധികാരത്തെ ചോദ്യം ചെയ്യാനുള്ള അവകാശം സംസ്ഥാന സർക്കാരിനില്ല.
ഞാൻ പറയുന്ന പോലെ അന്വേഷണം നടക്കണമെന്ന് മുഖ്യമന്ത്രി വിചാരിച്ചാൽ അത് നടപ്പില്ലെന്നും കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോൾ ഭീഷണിയുമായി ഇറങ്ങുകയാണ്. വിരട്ടലും ഭീഷണിയും കൊണ്ട് അന്വേഷണത്തിന് തടസം നിന്നാൽ ജനങ്ങൾ ശക്തമായി പ്രതികരിക്കും. കരാറുകളും എം.ഒ.യുവുമെല്ലാം ഉണ്ടാക്കി പാർട്ടി ഓഫീസിൽ വെക്കാനുള്ളതല്ല. കരാറുകളൊക്കെ സുതാര്യമാക്കണം. ദേശീയ അന്വേഷണ ഏജൻസികൾ സത്യത്തോടടുക്കുമ്പോൾ മുഖ്യമന്ത്രി പരിഭ്രാന്തനാകുന്നു. സമനിലതെറ്റി വലിയ ഹാലിളക്കത്തോടെ അന്വേഷണ ഏജൻസികൾ അതിരുവിടുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ അട്ടിമറിക്കുന്നെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ആവശ്യമില്ലാത്ത സ്ഥലത്തേക്ക് വന്നാൽ അന്വേഷണ ഏജൻസികളെ നേരിടുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിന് സംസ്ഥാന സർക്കാരുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞ മുഖ്യമന്ത്രിയുടെ എല്ലാവാദങ്ങളും പ്രിൻസിപ്പൽ സെക്രട്ടറിയെ വിജിലൻസ് പ്രതിചേർത്തതോടെ പൊളിഞ്ഞു. പാവപ്പെട്ടവർക്ക് വീട് നൽകുന്ന ലൈഫ് പദ്ധതിയെയല്ല അതിന്റെ പേരിൽ നടന്ന അഴിമതിയെയാണ് ബിജെപി എതിർക്കുന്നത്. വടക്കാഞ്ചേരി ലൈഫ്മിഷൻ പദ്ധതി കൊണ്ടുവന്നത് മുഖ്യമന്ത്രിയും ശിവശങ്കരനും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമാണ്. ഇവർ ഇതിനായി വിദേശത്തേക്ക് പോയത് ഒരുമിച്ചാണ്. ലൈഫ് തട്ടിപ്പിന്റെ കമ്മീഷനായ കറൻസി നോട്ടുകൾ ഡോളറാക്കി വിദേശത്തേക്ക് കടത്തിയത് എല്ലാവരും സ്ഥിരീകരിച്ചു കഴിഞ്ഞു. ഇ.ഡിയും സിബിഐയുമല്ലാതെ ആരാണ് ഈ കേസ് ഏറ്റെടുക്കേണ്ടതെന്ന് സുരേന്ദ്രൻ ചോദിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നടന്നതുകൊണ്ടാണ് ഇ.ഡി അന്വേഷിക്കുന്നത്. ഒരു അഴിമതി കേസിൽ അന്വേഷണം നടത്തുന്നത് ഫെഡറൽ ലംഘനമാവുന്നതെങ്ങനെയാണ്. കെ-ഫോൺ ഇടപാട് നടന്നത് വിദേശത്താണ്. ഇതിൽ കെ.എസ്.ഇ.ബിയുടെ വരുമാന നഷ്ടത്തെ കുറച്ചുകാണിച്ചിട്ടുണ്ട്. ഇത്രയും ഗുരുതരമായ കേസിൽ കേന്ദ്ര ഏജൻസികൾ വേണ്ടായെന്ന പിണറായിയുടെ നിലപാട് അംഗീകരിക്കാനാവില്ല. അന്വേഷണം തന്റെ കുടുംബത്തിലേക്ക് വരുന്നതുകൊണ്ടാണ് പിണറായി അസ്വസ്ഥനാകുന്നത്. മന്മോഹൻസിങ് അല്ല രാജ്യം ഭരിക്കുന്നതെന്ന് പിണറായി മനസിലാക്കണം.
്‌യരാജന്റെ കേസിൽ സിബിഐ അന്വേഷിക്കാൻ വന്നപ്പോൾ നടത്തിയ പോലത്തെ അതിക്രമങ്ങൾക്കാണ് സിപിഎം മുതിരുന്നതെങ്കിൽ ജനങ്ങൾ അത് അംഗീകരിച്ചു തരില്ല. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കസ്റ്റംസിലെ സിപിഎം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വ്യാജപ്രചരണം നടത്തിയ ആളാണ് പിണറായി. കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥനെ ചട്ടംകെട്ടി കസ്റ്റംസിലേക്ക് ആരും വിളിച്ചില്ലെന്ന് പിണറായി വിജയൻ പറയിപ്പിച്ചു. എന്നിട്ട് അതും പറഞ്ഞ് കുറേനാൾ വാർത്താസമ്മേളനവും നടത്തി. പാലാരിവട്ടം അഴിമതി, കെ.ബാബുവിനെതിരായ കേസ്, മഞ്ചേശ്വരം എംഎൽഎക്കെതിരായ കേസ് തുടങ്ങി സംസ്ഥാന വിജിലൻസ് നടത്തിയ അന്വേഷണങ്ങൾ എവിടെയെത്തി. എല്ലാ രാഷ്ട്രീയ കേസുകളും അട്ടിമറിച്ച ചരിത്രമുള്ള വിജിലൻസ് അന്വേഷിച്ചാൽ വിദേശബന്ധമുള്ള കേസുകൾ എങ്ങനെ തെളിയുമെന്നും സുരേന്ദ്രൻ ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ