- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയിൽ ഡിഐജി മനഃപൂർവ്വം കള്ളം പറയുന്നു; സ്വപ്നയെ ജയിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചിട്ടുണ്ട്; ജയിലിന് അകത്ത് എന്താണ് നടക്കുന്നതെന്ന് ജയിൽ ഡിജിപി അന്വേഷിക്കണം; ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നതനെതിരെ ആരോപണം ഉയർന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി വാ തുറക്കാത്തതെന്നും കെ.സുരേന്ദ്രൻ
കോഴിക്കോട്: സ്വപ്നയ്ക്ക് വധഭീഷണി ഉയർന്ന സാഹചര്യത്തിൽ ജയിൽ വകുപ്പ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജയിൽ ഡി.ഐ.ജി മനഃപൂർവ്വം കള്ളം പറയുകയാണെന്നും സ്വപ്നയെ ജയിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചിട്ടുണ്ടെന്നും കോഴിക്കോട് പ്രസ്ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസിൽ അദ്ദേഹം ആരോപിച്ചു.
ജയിൽ ഡി.ഐ.ജിയുടെ നീക്കം സംശയാസ്പദമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്ന് സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുകയാണ്. ജയിലിൽ പോലും ഗുരുതരമായ ചട്ടലംഘനമാണ് നടക്കുന്നത്. ജയിൽ അധികൃതർ സ്വപ്നയെ കണ്ട് മൊഴിയെടുത്തത് എന്തിനാണ്? മുൻവിധിയോടെയാണ് ജയിൽ ഡി.ഐ.ജി പെരുമാറുന്നത്. ജയിലിനകത്ത് എന്താണ് നടക്കുന്നതെന്ന് ജയിൽ ഡി.ജി.പി അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വപ്നയുടെ അഭിഭാഷകൻ പറയുന്നത് അവരുടെ ജീവന് ഭീഷണിയുണ്ടെന്നാണ്. പിന്നെന്തിനാണ് വധഭീഷണിയിൽ കഴമ്പില്ലെന്ന് അധികൃതർ കള്ളം പറയുന്നത്. സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത് എന്തുകൊണ്ട് ജയിൽ വകുപ്പ് അന്വേഷിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിൽ എൻ.ഡി.എ വലിയ മുന്നേറ്റമുണ്ടാക്കും. രണ്ട് മുന്നണികൾക്കുമെതിരെ ശക്തമായ ജനവികാരമാണുള്ളത്. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയും സ്പീക്കറും പരുങ്ങലിലാണ്.
ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നതനെതിരെ ആരോപണം ഉയർന്നിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി വാ തുറക്കാത്തതെന്നും ബിജെപി അദ്ധ്യക്ഷൻ ചോദിച്ചു.
മുഖ്യമന്ത്രി രാഷ്ട്രീയ വനവാസത്തിലാണ്. പ്രചരണത്തിന് നേരിട്ട് ഇറങ്ങാത്ത അദ്ദേഹം പെരുമാറ്റച്ചട്ടം ലംഘിച്ച് പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കുകയും പരാതികൾ സ്വീകരിച്ച് വാഗ്ദാനങ്ങൾ നൽകുകയുമാണ്. വോട്ടർമാർക്ക് വാഗ്ദാനം നൽകുന്നത് പെരുമാറ്റ ചട്ടലംഘനമാണ്. യാദവ സമൂഹത്തെ അപമാനിച്ച രമേശ് ചെന്നിത്തല മാപ്പു പറയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഹരിപ്പാട് മണ്ഡലത്തിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ചെന്നിത്തലക്ക് സത്യം മനസിലായി. വർഗീയ സംഘടനകളുമായി സഖ്യം ചേർന്ന യു.ഡി.എഫ് രണ്ട് ഘട്ടങ്ങളിലും തകർന്നടിഞ്ഞ് കഴിഞ്ഞു. സംസ്ഥാനത്തെ അഞ്ച് കോർപ്പറേഷനുകളിലും എൻ.ഡി.എ മികച്ച മുന്നേറ്റം നടത്തും. കണ്ണൂരിൽ നിരവധി സീറ്റുകളിൽ ജയിച്ച് അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ