പാലക്കാട്: സിൽവർ ലൈൻ അപ്രായോഗിക പദ്ധതിയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞാണ് മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വൈകിവന്ന വിവേകത്തിൽ നന്ദിയുണ്ട്. പദ്ധതിക്ക് ആദ്യമേ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖഭാവം കണ്ട് അനുമതി കിട്ടുമെന്ന് പറയുകയായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.

സിൽവർ ലൈനിന് ഒരു സർക്കാരിനും അനുമതി നൽകാനാവില്ല. അത് അപ്രായോഗികമായ പദ്ധതിയാണ്. മുഖ്യമന്ത്രി ട്യൂബ് ലൈറ്റ് പോലെയാണ് കത്താൻ സമയമെടുക്കും. അന്ന് മുഖ്യമന്ത്രി ദുരഭിമാനം കൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞു.ഇപ്പോൾ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ ബോധ്യമായെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ദുരഭിമാനമാണ് അദ്ദേഹത്തെ നയിക്കുന്നത്. അത് നാം പലപ്പോഴും കണ്ടതാണ്. ഇത് തന്നെയാണ് സിൽവർ ലൈനിൽ ഉണ്ടായതെന്നും സുരേന്ദ്രൻ പറഞ്ഞു. എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്രയധികം ദുരഭിമാനം?. മുഖ്യമന്ത്രി പെരുമാറുന്നത് ഞാൻ വലിയ ഒരുസംഭവമാണെന്നാണ് കരുതുന്നത്. അങ്ങനെയാണ് മുഖ്യമന്ത്രി അബദ്ധങ്ങളിൽ ചെന്നുചാടുന്നത്. പിണറായി വിജയന് മുഖ്യമന്ത്രി പദം പ്രത്യേക ആക്ഷനിലൂടെ ലഭിച്ചതല്ല. ജനം കനിഞ്ഞ് നൽകിയതാണെന്നും സുരേന്ദ്രൻ പറഞ്ഞു.

പ്രതിപക്ഷത്തിന് പലകാര്യങ്ങളിലും സമനിലയോടെ കാര്യങ്ങൾ ചെയ്യുന്നതിൽ വീഴ്ച സംഭവിക്കുന്നു. ചില അപക്വമായ നടപടികളുടെ ഫലമായി സിപിഎമ്മിനും പിണറായി വിജയനും ജനങ്ങളുടെ മേൽ കുതിര കയറാനുള്ള ഒരവസരം സൃഷ്ടിച്ചുകൊടുത്തിരിക്കുകയാണ്. പിണറായി ആഗ്രഹിക്കുന്നത് സാധിച്ചുകൊടുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്.

സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ജനാധിപത്യപരമായി കരിങ്കൊടി പ്രകടനം, ശക്തമായ പ്രതിഷേധം നടക്കുമ്പോൾ സിപിഎമ്മും മുഖ്യമന്ത്രിയും പ്രതിരോധത്തിലായതാണ്. അപ്പോഴാണ് ഇന്നലെത്തെ പോലെ ഒരുപിടിവള്ളി കോൺഗ്രസ് അവർക്ക് ഇട്ടുകൊടുത്തിരിക്കുന്നത്. ബിജെപി സമരവുമായി മുന്നോട്ടുപോകുമെന്നും സുരേന്ദ്രൻ പറഞ്ഞു.