തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം എന്തുനേടാനാണ് സമരത്തിനിറങ്ങിയതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിൽ അദ്ദേഹത്തിന്റെ മാനേജ്മെന്റ് അനുകൂല നിലപാട് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. നേടാൻ ഒന്നുമില്ലെന്ന് അറിയാമായിരുന്നെങ്കിൽ എന്തിനായിരുന്നു ഒത്തുതീർപ്പെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.


സീതാറാം യെച്ചൂരിയടക്കമുള്ളവർ ഇടപെട്ട് സർക്കാരുണ്ടാക്കിയ ഒത്തുതീർപ്പ് പാലിക്കാൻ താൻ തയ്യാറാകില്ല എന്നതിന്റെ തെളിവാണെന്ന് പിണറായിയുടെ വാക്കുകൾ. ജിഷ്ണുവിന്റെ കുടുംബം പാർട്ടികുടുംബമാണെന്ന് പറയുന്നതിനെയും പിണറായി തള്ളിപ്പറയുന്നു. ഏതായാലും സിപിഎമ്മിന്റെ അന്ത്യകൂദാശക്ക് നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്ന് ഉറപ്പായി എന്നും കെ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്തു നേടാനായിരുന്നു ജിഷ്ണുവിന്റെ കുടുംബം സമരത്തിനിറങ്ങിയത് എന്നുള്ള മുഖ്യമന്ത്രിയുടെ ചോദ്യം സീതാറാം യെച്ചൂരി അടക്കം ഇടപെട്ട് സർക്കാർ ഉണ്ടാക്കിയ ഒത്തുതീർപ്പ് പാലിക്കാൻ താൻ തയ്യാറാവുകയില്ല എന്നുള്ളതിന്റെ തെളിവാണ്. നേടാനൊന്നും ഉണ്ടായിരുന്നില്ലെങ്കിൽ പിന്നെന്തിനായിരുന്നു ഒത്തുതീർപ്പ്? ഈ സംഭവത്തിൽ ആദ്യം മുതലേ പിണറായി മാനേജ്‌മെന്റിന്റെ കൂടെയാണ് നിൽക്കുന്നത്. അതിൽ നിന്ന് ഒരിഞ്ചുപോലും മാറാൻ അദ്ദേഹം തയ്യാറില്ല എന്നാണ് ഈ വാക്കുകൾ തെളിയിക്കുന്നത്. ജിഷ്ണുവിന്റെ കുടുംബം പാർട്ടി കുടുംബം എന്നു പറയുന്നതിനേയും പിണറായി തള്ളിപ്പറയുന്നു. പാർട്ടി കുടുംബമാണെങ്കിൽ പിന്നെ എങ്ങനെ എസ്.യു.സി.ഐ റാഞ്ചിയെന്നും അദ്ദേഹം ചോദിക്കുന്നു. ഏതായാലും സി പി എമ്മിന്റെ അന്ത്യകൂദാശക്കു നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നുറപ്പായി.