തിരുവനന്തപുരം: കേന്ദ്രമന്ത്രി അമിത് ഷായുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുചോദ്യങ്ങൾ ഉന്നയിക്കുന്നത് ഉത്തരമില്ലാത്തതിനാലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസം​ഗിക്കവെ അമിത് ഷായോട് ചോദ്യങ്ങൾ ഉയർത്തിയ പശ്ചാത്തലത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കേന്ദ്ര ആഭ്യന്തര മന്ത്രി ഉയർത്തിയ ചോദ്യങ്ങൾ കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങളാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കടത്തിയ സ്വർണം ആർക്കാണ് നൽകിയതെന്ന് അറിയാവുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഗൾഫിൽ നിന്ന് എത്തിച്ച സ്വർണം ഇവിടെ വിറ്റ് ഡോളറാക്കി വിദേശത്തേക്ക് കടത്തുകയാണ് ചെയ്തത്. ഉയർന്ന് വന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുകയാണ് വേണ്ടത്. കേന്ദ്ര സഹമന്ത്രിക്ക് പങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ ചർമബലം അംഗീകരിച്ചേ മതിയാകൂ. ഇഡി ഉദ്യോ​ഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ പേര് പറയിച്ചതെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി, അത് മുഖ്യമന്ത്രിയുടെ പൊലീസ് അല്ലേ. വനിത പൊലീസിനെ കൊണ്ട് മുഖ്യമന്ത്രി മൊഴി നൽകിച്ച് പിആർ പ്രവർത്തനം ചെയ്യുകയാണ്.

ഇറങ്ങാനും നോക്കാനുമൊക്കെ ഉള്ള വഴി ഒരു കൂട്ടർക്ക് മാത്രമാണോ. ഭീഷണി ബിജെപി കണ്ടിട്ടുണ്ട്. പിണറായി വിജയൻ എങ്ങനെയാണോ പോകാൻ ആഗ്രഹിക്കുന്നോ അതേ രീതിയിൽ തന്നെ നമ്മളും മുന്നോട്ട് പോകും. പിണറായി വിജയൻ കള്ളം പ്രചരിപ്പിക്കുന്നു. സ്വപ്നയുടെ ശബ്ദരേഖ പുറത്തിറക്കിയത് സി പി എം ആണ്. ഇപ്പോൾ വനിതാ പൊലീസിനെ കൊണ്ട് മൊഴി നൽകിച്ചതും അവർ തന്നെയാണ്. മാർക്സിസ്റ്റ് പാർട്ടി എത്തിയ അപചയത്തിന്റെ തെളിവ് പൊന്നാനിയിൽ ഇന്ന് കണ്ടു. സിപിഎമ്മിന് അകത്ത് വർഗീയതയാണ് എന്നും സുരേന്ദ്രൻ പറഞ്ഞു.

ധർമ്മടത്തെ പൊതുയോഗത്തിൽ അമിത് ഷായ്ക്കെതിരേ പിണറായി വിജയൻ ആഞ്ഞടിച്ചിരുന്നു. ബിജെപി അധികാരത്തിൽ വന്നതിനുശേഷം തിരുവനന്തപുരം എയർപോർട്ട്‌ വഴി സ്വർണക്കടത്ത്‌ വർധിച്ചത്‌ എങ്ങനെയെന്നും അമിത്‌ ഷാ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വർണക്കടത്തുകേസിലെ അന്വേഷണം അമിത്‌ഷായ്‌ക്കും കൂട്ടർക്കും വേണ്ടപ്പെട്ടവർക്കെതിരേ തിരിഞ്ഞപ്പോഴല്ലേ അന്വേഷണത്തിന്റെ ഗതി മാറ്റിയത്‌. ശരിയായ രീതിയിൽ അന്വേഷണം നടന്നാൽ മന്ത്രിവരെ ചോദ്യം ചെയ്യപ്പെടും. മാത്രമല്ല മന്ത്രിതന്നെ പെട്ടേക്കും. തുടർന്നല്ലേ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് എന്നും പിണറായി വിജയൻ ചോദിച്ചു.

വർ​ഗീയതയുടെ ആൾരൂപമായ അമിത് ഷാ കേരളത്തിലെത്തി നീതിബോധം പഠിപ്പിക്കേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കിൽ നിങ്ങളുടെ ചെയ്തികൾ ഞങ്ങൾക്കും പറയേണ്ടിവരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഗുരുതരമായ കേസുകൾ നേരിട്ടത് താനല്ല അമിത് ഷാ ആയിരുന്നെന്നും ചൂണ്ടിക്കാട്ടി.

ദുരൂഹ മരണത്തെക്കുറിച്ചാണ് അമിത് ഷാ ഇവിടെ വന്ന് പറഞ്ഞത്. എന്താണെന്ന് വ്യക്തമാക്കിയാൽ അതിനെക്കുറിച്ച് അന്വേഷിക്കാൻ തയ്യാറാണ്. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്, ഏതെങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ ഭാഗമായി ഞാൻ ജയിലിൽ കിടന്നിട്ടില്ല. കൊലപാതകം, അപഹരണം, നിയമവിരുദ്ധമായി പിന്തുടരൽ തുടങ്ങിയ ഗുരുതരമായ കേസുകൾ നേരിട്ടത് ആരായിരുന്നു. അതൊക്കെ നിങ്ങൾ നേരിട്ടിട്ടുണ്ട്, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സൊറാബുദ്ദീൻ ഷെയ്ക്ക് അടക്കമുള്ളവരുടെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ പേരിൽ കുറ്റം ചുമത്തപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു. ആ കേസ് കേൾക്കാനിരുന്ന ജഡ്ജി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. അമിത് ഷായ്ക്ക് അതേപ്പറ്റി മിണ്ടാൻ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കിൽ നിങ്ങളുടെ ചെയ്തികൾ ഞങ്ങൾക്കും പറയേണ്ടിവരും, അദ്ദേഹം പറഞ്ഞു.

നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തിൽ വന്ന് നടത്തിയതെന്ന് പിണറായി വിജയൻ പറഞ്ഞു. മുസ്ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടിവരുമ്പോൾ അദ്ദേഹത്തിന്റെ സ്വരം കടുക്കുന്നു. വർഗീയതയുടെ ആൾരൂപമാണ് അമിത് ഷായെന്ന് രാജ്യമാകെ അറിയാത്തതല്ല. വർഗീയത ഏതെല്ലാം തരത്തിൽ വളർത്തിയെടുക്കുന്നതിന് എന്തും ചെയ്യുന്ന ആളാണ്. മതസൗഹാർദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും നാട്ടിൽ വന്നാണ് ഇന്നലെ അദ്ദേഹത്തിന്റെ ഉറഞ്ഞുതുള്ളൽ ഉണ്ടായത്, മുഖ്യമന്ത്രി പറഞ്ഞു.