- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്രത്തിന്റെ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ട്കാലി മമ്മൂഞ്ഞാണ് പിണറായി വിജയൻ; രാജ്യം മുഴുവൻ വാക്സിൻ സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയ കാര്യമാണ്; മുഖ്യമന്ത്രിയുടെ താളത്തിന് തുള്ളാനല്ല പ്രധാനമന്ത്രി; പിണറായിയുടെ ഭീഷണിയും വിരട്ടലും കേന്ദ്ര ഏജൻസികളുടെ അടുത്ത് വിലപ്പോവില്ല; കടുത്ത വിമർശനവുമായി കെ സുരേന്ദ്രൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് വാക്സിൻ സൗജന്യമായി നൽകുന്നു എന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ. രാജ്യം മുഴുവൻ വാക്സിൻ സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണ്. കേന്ദ്രത്തിന്റെ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ട് കാലി മമ്മൂഞ്ഞാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടർമാർക്ക് വാഗ്ദ്ധാനം നൽകിയ മുഖ്യമന്ത്രിക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി സുരേന്ദ്രൻ അറിയിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരമാർശം കുറ്റവാളിയുടെ ദീനരോധനമാണെന്നും സുരേന്ദ്രൻ പറഞ്ഞു. കേസ് അട്ടിമറിക്കാൻ മേയുന്നത് കേന്ദ്ര ഏജൻസികളല്ല സംസ്ഥാന ഏജൻസികളാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
'കേന്ദ്ര ഏജൻസികളെ അന്വേഷിക്കാൻ വിടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത് മുഖ്യമന്ത്രിയാണ്. അന്വേഷണം തന്റെ നേരെ ആയപ്പോൾ അവരെ തിരിച്ച് വിളിക്കാൻ പറഞ്ഞാൽ അത് നടക്കില്ല. കേരള മുഖ്യമന്ത്രിയുടെ താളത്തിന് തുള്ളാനല്ല പ്രധാനമന്ത്രി ഇരിക്കുന്നത്.പിണറായിയുടെ ഭീഷണിയും വിരട്ടലും കേന്ദ്ര ഏജൻസികളുടെ അടുത്ത് വിലപ്പോവില്ല. സ്വർണക്കടത്തിൽ മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോൾ അദ്ദേഹം ഒരു മുഴം മുന്നേ എറിയുകയാണ്. കേസ് അട്ടിമറിക്കാൻ ജയിൽ വകുപ്പും പൊലീസും വിജിലൻസും ശ്രമിക്കുകയാണ്'- സുരേന്ദ്രൻ പറഞ്ഞു.
'സ്വപ്നയെ ചോദ്യം ചെയ്യാൻ പോവുന്നത് സി പി എം ജില്ലാ സെക്രട്ടറിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനാണ്. പി.ചിദബരം ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിനെ മുഖ്യമന്ത്രി എതിർക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനല്ല രാജ്യത്തിന്റെ പണം കൊള്ളയടിച്ചതിനാണ് അവരെ ജയിലിലടച്ചത്. കോടതി പോലും ഞെട്ടുന്ന തെളിവുകളാണ് കേരളത്തിലെ ഉന്നതർക്കെതിരെ വരുന്നത്.
സി.എം രവീന്ദ്രനെ പൂർണ്ണമായും സംരക്ഷിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് രവീന്ദ്രൻ ഇഡിയുടെ ചോദ്യം ചെയ്യൽ ഭയക്കുന്നതെന്ന് വ്യക്തമാക്കണം. എല്ലാത്തിലും രാഷ്ട്രീയം കാണാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി അഡീഷണൽ സെക്രട്ടറിക്ക് ഭയമില്ലെങ്കിൽ എന്തിനാണ് ഈ നാടകമെന്ന് പറയണം. ഊരാളുങ്കലും രവീന്ദ്രനും തമ്മിലുള്ള ഇടപാടുകളെ കുറിച്ച് അന്വേഷിക്കണം- സുരേന്ദ്രൻ ആവശ്യപ്പെട്ടു.ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് കോൺഗ്രസിനെ നശിപ്പിക്കുമെന്ന് പറഞ്ഞ സുരേന്ദ്രൻ ഭീകരവാദികളുടെ ആലയിലാണ് കോൺഗ്രസ് നേതാക്കൾ താമസിക്കുന്നതെന്നും ആരോപിച്ചു.
അതേസമയം കോവിഡ് വാക്സിൻ വിതരണം സൗജന്യമായി നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സർക്കാരിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമാണെന്ന വിശദീകരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ വാക്കുകളെ ചട്ട ലംഘനമായി വ്യാഖ്യാനിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
'കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. വാക്സിനും ചികിത്സയുടെ ഭാഗമാണ്.രോഗചികിത്സയുമായി ബന്ധപ്പെട്ട് ഗവൺമെന്റ് നടത്തുന്ന പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. അത് പുതിയൊരു കാര്യമല്ല. മാധ്യങ്ങളുമായി സംസാരിക്കുമ്പോൾ ചോദ്യങ്ങളുയരുമ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ നിലപാട് പറയും. കോവിഡ് ചികിത്സയുടെ ഭാഗമായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ യുഡിഎഫ് വാദങ്ങൾ ബാലിശമാണ്.ഏത് പ്രസ്താവനയും ഉത്തരവാദിത്ത ബോധത്തോടെ നടത്തുന്ന ഒരാളാണ് മുഖ്യമന്ത്രി.
അദ്ദേഹം പറഞ്ഞതെല്ലാം കൃത്യതയുള്ള നിലപാടുകളാണ്'-വിജയരാഘവൻ പറഞ്ഞു.ലൈഫ് പദ്ധതി ഉപേക്ഷിക്കുമെന്നും കേരളാബാങ്ക് വേണ്ടെന്നുവയ്ക്കുമെന്നതടക്കമുള്ള യു ഡി എഫിന്റെയും കോൺഗ്രസ് നേതാക്കളുടേയും പ്രഖ്യാപനങ്ങൾ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'നിരാശയിൽ നിന്നും ഉയർന്ന് വന്ന അഭിപ്രായ പ്രകടനങ്ങളായി ഇതിനെ കണ്ടാൽ മതി. ബാലിശമായ വാദങ്ങളുയർത്താനാണ് യുഡിഎഫ് ഇപ്പോൾ ശ്രമിക്കുന്നത്. ജനങ്ങളിക്കാര്യങ്ങൾ നിരാകരിക്കും' -അദ്ദേഹം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ